| Saturday, 21st March 2020, 7:09 pm

ജനരക്ഷയാണ് ലക്ഷ്യം, നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ നിരോധനാജ്ഞ ഉള്‍പ്പെടെ നടപ്പിലാക്കും; സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരാധനാലയങ്ങളില്‍ വലിയ ആള്‍ക്കൂട്ടമൊഴിവാക്കുന്നതിന് മത നേതാക്കള്‍ നടത്തിയ ഇടപെടലുകള്‍ക്ക് ഫലമുണ്ടാവുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുകായിരുന്നു അദ്ദേഹം.

ഒരുഭാഗത്ത് ആള്‍ക്കൂട്ടമൊഴിവാക്കലുകളൊക്കെ നടക്കുമ്പോള്‍ തന്നെ മറുഭാഗത്ത് ഇതിനെയൊക്കെ നിരാകരിക്കുന്ന സാഹചര്യമാണ്. നേരത്തെ പറഞ്ഞതിന് വ്യത്യസ്തമായി ചില ആരാധനാലയങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ എത്തി. ഉത്സവ ആള്‍ക്കൂട്ടങ്ങളുമുണ്ടായി. അത്തരം സംഭവങ്ങള്‍ ഉണ്ടാവരുതെന്ന് ഈ ഘട്ടത്തില്‍ ആവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് പാലിക്കാതിരുന്നാല്‍ വേറൊരു മാര്‍ഗവും സര്‍ക്കാരിന് മുന്നിലുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. നാടും ജനങ്ങളും ആഗ്രഹിക്കുന്നത് സര്‍ക്കാര്‍ പറയുന്ന രീതിയിലോ അതിലപ്പുറമോ ഉള്ള നിയന്ത്രണങ്ങള്‍ നാട്ടിലുണ്ടാകണമെന്നാണ്. പാലിച്ചില്ലെങ്കില്‍ നിരോധനാജ്ഞ ഉള്‍പ്പെടയുള്ള കര്‍ക്കശ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് സര്‍ക്കാരിന്റെ ആകെയുള്ള രക്ഷയെകരുതിയുള്ളതാണെന്നും യാതൊരു വിട്ടുവീഴ്ചയും സര്‍ക്കാര്‍ നടത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്നും 12 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര്‍ കാസര്‍കോടും മൂന്ന് പേര്‍ കണ്ണൂരും മൂന്ന് പേര്‍ എറണാകുളത്തുമാണ്.

ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 52 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരെല്ലം ഗള്‍ഫില്‍ നിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് നിലവില്‍ 53013 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 52285 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലും 228 ആശുപത്രിയില്‍ നിരീക്ഷണത്തിലുമാണ്.

ഇന്ന് മാത്രം 70 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3716 സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 2566 സാംപിളുകള്‍ നെഗറ്റീവാണ്

Latest Stories

We use cookies to give you the best possible experience. Learn more