ലോക സമാധാന സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് നോബല്‍ പീസ് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉറപ്പുനല്‍കി: മുഖ്യമന്ത്രി
Kerala News
ലോക സമാധാന സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് നോബല്‍ പീസ് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉറപ്പുനല്‍കി: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th October 2022, 10:33 pm

തിരുവനന്തപുരം: ലോക സമാധാന സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള കേരള സര്‍ക്കാരിന്റെ ആവശ്യത്തെ ഗൗരവമായി പരിഗണിക്കുമെന്ന് നോബല്‍ പീസ് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെജെര്‍സ്റ്റി ഫ്‌ലോഗ്സ്റ്റാഡ് പറഞ്ഞതായി മുഖ്യമന്ത്രിയുടെ ഓഫീസ്. നോര്‍വേ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് അവര്‍ ഈ ഉറപ്പുനല്‍കിയത്. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കുന്ന സ്ഥാപനമാണ് നോര്‍വേയിലെ നോബല്‍ പീസ് സെന്റര്‍.

കേരളം സര്‍ക്കാരിന്റെ കഴിഞ്ഞ ബജറ്റില്‍ ലോക സമാധാന സമ്മേളനം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടിക്കാഴ്ചയില്‍ നോബല്‍ പീസ് സെന്ററുമായി സഹകരിച്ചു ഇത്തരമൊരു കൂട്ടായ്മ സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി താത്പര്യം പ്രകടിപ്പിച്ചു. ഒരു സര്‍ക്കാര്‍ ഇത്തരമൊരു സമ്മേളനം വിളിച്ചുചേര്‍ക്കുന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്ന് ഫ്‌ലോഗ്സ്റ്റാഡ് പറഞ്ഞതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സമാധാനത്തിനുള്ള നോബല്‍ സമ്മാനം വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് തന്റെ തിരക്കുകള്‍ മാറ്റിവെച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഈ കൂടിക്കാഴ്ചക്ക് തയ്യാറായത്. കേരളത്തിന്റെ ഔദ്യോഗികമായ നിര്‍ദ്ദേശം ഈ വിഷയത്തില്‍ ലഭിക്കുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

പീസ് സെന്ററിന്റെ നേരിട്ടുള്ള നേതൃത്വത്തിലല്ലാതെ മറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാറില്ല. ഒരു സംസ്ഥാന ഭരണകൂടം ഈ നിര്‍ദ്ദേശവുമായി മുന്നോട്ടുവന്ന സാഹചര്യത്തില്‍ അതുമായി സഹകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി

നോര്‍വേ സന്ദര്‍ശനത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ നോര്‍വേ ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ പോളിസി മന്ത്രിയായ ജോര്‍ണര്‍ സെല്‍നെസ്സ് സ്‌കെജറനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ നാവിക ക്ലസ്റ്റര്‍ രൂപപ്പെടുത്തുന്നതിനും ഫിഷറീസ് രംഗത്തും അക്വാ കള്‍ച്ചര്‍ രംഗത്തും പുതിയ പദ്ധതികള്‍ നടപ്പിലാക്കാനും എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പുനല്‍കി. ഇതിന്റെ ഭാഗമായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ കപ്പലുകള്‍ നിര്‍മിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും.

1953 മുതല്‍ കൊല്ലത്തെ നീണ്ടകരയില്‍ നോര്‍വേയുമായി സഹകരിച്ചു നടപ്പിലാക്കിയ പദ്ധതികള്‍ കേരളത്തിന്റെ ഫിഷറീസ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു. ഈ മേഖലയിലും ഇതോടനുബന്ധിച്ച മറ്റ് മേഖലകളിലെയും സഹകരണം വര്‍ദ്ധിപ്പിക്കാനും അതുവഴി ഇന്ത്യ നോര്‍വേ നയതന്ത്ര ബന്ധത്തിലെ പ്രധാന കണ്ണിയായി കേരളത്തെ മാറ്റിയെടുക്കണമെന്നും സെല്‍നെസ്സ് സ്‌കെജറന്‍ പ്രതിനിധിസംഘത്തിന് ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

CONTENT HIGHLIGHTS: Pinarayi Vijayan says  Executive Director of Nobel Peace Center assured to consider Kerala’s demand to convene World Peace Conference