| Monday, 6th March 2023, 3:27 pm

അനുരാഗ് താക്കൂറിന്റെ പ്രത്യേക മീറ്റങ്ങിന് ശേഷം കേരളത്തില്‍ ഇടതുപക്ഷ വേട്ട ചില മാധ്യമങ്ങള്‍ ശക്തമാക്കി: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോട് വന്ന് ചില പ്രത്യേക മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികളെ കണ്ടതിന് ശേഷം കേരളത്തില്‍ ഇടതുപക്ഷ വേട്ട ചില മാധ്യമ സ്ഥാപനങ്ങള്‍ ശക്തമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍പ് ഗുജറാത്തില്‍ കണ്ടതുപോലെയുള്ള വ്യാജവാര്‍ത്തകളുടെ നിര്‍മിതിയും പ്രചാരണവും ഇപ്പോള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എ പി.സി വിഷ്ണുനാഥ് നിയമ സഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകായിരുന്നു മുഖ്യമന്ത്രി. ഏഷ്യാനെറ്റ് വിഷയത്തില്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രശ്നത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്കെതിരെ നിയമപരമായി നടപടി എടുക്കുന്നത് ബന്ധപ്പെട്ട വ്യക്തിയുടെ തൊഴില്‍ എന്താണ് എന്നതു നോക്കിയല്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍ എന്നും അല്ലാത്തവര്‍ എന്നും പൗരജനങ്ങളെ ഭരണഘടന രണ്ടായി വേര്‍തിരിച്ചു കാണുന്നിില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. കുറ്റകൃത്യം ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തകരാണെങ്കില്‍ നടപടി വേണ്ട എന്ന് പറയുന്നതല്ല നമ്മുടെ ഐ.പി.സിയും സി. ആര്‍.പി.സിയുമെന്നും അദ്ദേഹം പറഞ്ഞു.

‘മാധ്യമപ്രര്‍ത്തനത്തിന്റെ ഭാഗമായ കാര്യമല്ല വ്യാജ വീഡിയോ നിര്‍മാണവും അതിന്റെ സംപ്രേഷണവും. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ അവളറിയാതെ അതില്‍ പെടുത്തുക കൂടി ചെയ്തിട്ട് മാധ്യമ പ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്ന് പറയുന്നത് ധീരമായ പത്രപ്രവര്‍ത്തനമല്ല. ഇത്തരം ദുഷിപ്പുകള്‍ മാധ്യമരംഗത്ത് ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നവരാണ് മഹാഭൂരിപക്ഷംപേരും.

വ്യാജ വീഡിയോ ഉണ്ടാക്കല്‍, പെണ്‍കുട്ടികളുടെ ദുരുപയോഗം എന്നിവ നടത്തിയിട്ട് മാധ്യമവര്‍ത്തനത്തിനുള്ള പരിരക്ഷ ഈ കുറ്റകൃത്യങ്ങള്‍ക്കും വേണം എന്നു വാദിക്കുന്നവര്‍, നാളെ ഒരാള്‍ വാര്‍ത്താ സംപ്രേഷണ ജോല്ലിക്കിടെ ഒരാളെ കൊലപ്പെടുത്തിയെന്നു വിചാരിക്കുക. കൊലപാതകം കൊലപാതകമല്ലാതാവുമോ? മാധ്യമ പരിരക്ഷയുള്ള സല്‍കൃത്യമാവുമോ?

ഇവിടെയുണ്ടായ നടപടിയെ ബി.ബി.സി റെയ്ഡുമായി താരതമ്യപ്പെടുത്തുകയൊന്നും വേണ്ട. അതിന് ഇതുമായി ഒരു താരതമ്യവുമില്ല. ബി.ബി.ബി.സിക്കെതിരായ നടപടി ഒരു ഭരണാധികാരിയുടെ വര്‍ഗീയ കലാപത്തിലെ പങ്ക് വെളിച്ചത്തു കൊണ്ടുവന്നതിനായിരുന്നു. ഇവിടുണ്ടായ വ്യാജ വീഡിയോ നിര്‍മ്മാണമോ? അത് ഏതെങ്കിലും സര്‍ക്കാരിനോ ഭരണാധികാരിക്കോ എതിരെയുള്ള തുറന്നു കാട്ടലല്ല.

അതുകൊണ്ടുതന്നെ അതില്‍ അധികാരത്തിലുള്ള ആര്‍ക്കെങ്കിലും എന്തെങ്കിലും വിരോധം തോന്നേണ്ട കാര്യമില്ല. അതുകൊണ്ടു തന്നെ ഇവിടെ പ്രതികാര നടപടി എന്നോ വൈരനിര്യാതന നടപടി എന്നോ ഒന്നും പറഞ്ഞാല്‍ വിലപ്പോവില്ല. ആ വ്യാജവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഒരുവിധ പ്രകോപനവും ഉണ്ടാക്കുന്നില്ല.

ഒരു വ്യക്തി ഒരു സംഭവത്തിന്റെ കാര്യത്തില്‍ പരാതിയുമായി വരുന്നു. അത് വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അങ്ങനെ ഒരു പരാതി വന്നാല്‍ പൊലീസ് എന്തു ചെയ്യണം? ഇത് മാധ്യമവുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞ് കീറി കൊട്ടയിലിടണോ? അതാണോ നിയമവ്യവസ്ഥ? പ്രതിപക്ഷമായിരുന്നു ഗവണ്‍മെന്റിലെങ്കില്‍ അതാണോ ചെയ്യുക?
സര്‍ക്കാരിനെതിരായ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ പ്രതികാര നടപടികള്‍ ഉണ്ടായിട്ടുണ്ട്.

അത് ഇവിടെയല്ല. ദ വയര്‍, ന്യൂസ് ചെക്ക് എന്നിവയ്ക്കെതിരെ. അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനു മുമ്പുളള എന്‍.ഡി.ടി.വിക്കെതിരെ. ആ നടപടികള്‍ ഒന്നും വാര്‍ത്തേതര കാര്യങ്ങള്‍ മുന്‍നിര്‍ത്തിയല്ല. സര്‍ക്കാരിനെതിരെ വാര്‍ത്ത കൊടുത്തതിനായിരുന്നു. അന്നൊന്നും ഈ പ്രതിഷേധക്കാരെയൊന്നും കണ്ടില്ല,’ മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Pinarayi Vijayan says After Anurag Thakur’s special meeting, some media outlets intensified their hunt for leftists in Kerala

We use cookies to give you the best possible experience. Learn more