| Saturday, 2nd April 2022, 2:36 pm

മുമ്പ് വികസനത്തിന് അനുകൂലമായിരുന്നു വാര്‍ത്തകള്‍, ഇന്ന് അതല്ല സ്ഥിതി; വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാ ഫോണായി മാധ്യമങ്ങള്‍ മാറരുത്: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാധ്യമങ്ങളുടെ ശ്രദ്ധ ഭരണാധികാരികളുടെ വാഴ്ത്ത് പാട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരവാകാശങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ മാധ്യമങ്ങള്‍ നാവനക്കുന്നില്ലെന്ന മുഖ്യമന്ത്രി വിമര്‍ശിച്ചു.

കോഴിക്കോട് പ്രസ് ക്ലബിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നാടിന്റെ വികസനത്തിന്റെ ആവശ്യകത ജനങ്ങളെ ബോധിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല. നിക്ഷിപ്ത താല്‍പര്യക്കാരെ തുറന്ന് കാട്ടാന്‍ കഴിയുന്നില്ല. മുമ്പ് വികസനത്തിന് അനുകൂലമായിരുന്നു വാര്‍ത്തകള്‍, ഇന്ന് അതല്ല സ്ഥിതി. ഇന്ന് വികസനം മൂലമുള്ള ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് എല്ലാ പുനരധിവാസ പദ്ധതികളും ഉറപ്പാക്കിയിട്ടുണ്ട്. അതിനാണ് മുന്‍ഗണന നല്‍കേണ്ടത്,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നാടിന്റെ ഭാവിക്കായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണം. സ്ഥാപിത താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള കുത്തിത്തിരുപ്പുകള്‍ക്ക് ഇടം കൊടുക്കരുത്. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാ ഫോണ്‍ ആയി മാധ്യമങ്ങള്‍ മാറരുത്.

സെക്രട്ടറിയേറ്റില്‍ അഗ്‌നി ബാധ ഉണ്ടായതിനെ ഫയലുകള്‍ നശിപ്പിക്കാനെന്ന് വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കി. ഒരു ഫയലും കത്തിയിട്ടില്ല എന്നറിഞ്ഞിട്ടും വാര്‍ത്ത തിരുത്തിയില്ല. മുത്തങ്ങയില്‍ പാവപ്പെട്ട ആദിവാസികള്‍ക്ക് നേരെ നടന്ന വെടിവെപ്പ് അടിച്ചമര്‍ത്തലായി കാണാത്ത പത്രങ്ങളുണ്ട്. എന്നാല്‍ സമരങ്ങളില്‍ കുഞ്ഞിനെയും കൊണ്ട് വരുന്നവരെ മാധ്യമങ്ങള്‍ മഹത്വവല്‍ക്കരിക്കുന്നെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉടമകള്‍ക്ക് രണ്ടിരട്ടിയാണ് നഷ്ടപരിഹാരം നല്‍കുന്നത്. അതിന് മുകളില്‍ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാണ്. ഒരു കൂട്ടര്‍ക്ക് എതിര്‍പ്പുള്ളത് കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാതിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Pinarayi Vijayan says about Media in kerala

We use cookies to give you the best possible experience. Learn more