'ഞങ്ങളും നിങ്ങളും ഉള്ള ഒരു നാടാക്കി മാറ്റിക്കളയാം എന്ന് ബി.ജെ.പിക്കാർ കരുതേണ്ട, കോൺഗ്രസിൽ മതേതര വിശ്വാസികൾ ഇനിയുമുണ്ട്': മുഖ്യമന്ത്രി
Kerala News
'ഞങ്ങളും നിങ്ങളും ഉള്ള ഒരു നാടാക്കി മാറ്റിക്കളയാം എന്ന് ബി.ജെ.പിക്കാർ കരുതേണ്ട, കോൺഗ്രസിൽ മതേതര വിശ്വാസികൾ ഇനിയുമുണ്ട്': മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th November 2018, 6:49 pm

കണ്ണൂര്‍: കോണ്‍ഗ്രസ് മതനിരപേക്ഷ പാര്‍ട്ടിയാണെന്നും മതനിരപേക്ഷ നിലപാടുള്ള ആളുകള്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിലെ ചിലരെ നിങ്ങള്‍ക്ക് കിട്ടുമായിരിക്കും, എന്നാല്‍ മതനിരപേക്ഷ നിലപാടുള്ളവര്‍ കോണ്‍ഗ്രസില്‍ ഉറച്ചു നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങളും ഞങ്ങളും മാത്രമുള്ള ഒരു നാടാക്കി നാടിനെ മാറ്റിക്കളയാമെന്ന് ബി.ജെ.പി കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസില്‍ ചിലരെ നിങ്ങള്‍ക്ക് കിട്ടുമായിരിക്കും. കോണ്‍ഗ്രസ് ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള പാര്‍ട്ടിയാണ്. അവരില്‍ മതനിരപേക്ഷ നിലപാടുള്ള ആളുകളുണ്ട്. അവരതില്‍ ഉറച്ചു നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


also read:  നുണ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ ആര്‍.എസ്.എസിനോട് മല്‍സരിക്കാന്‍ ആര്‍ക്കും കഴിയില്ല; ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിലൂടെ പുറത്തു വന്നത് സംഘപരിവാര്‍ അജണ്ട: മുഖ്യമന്ത്രി


സംഘപരിവാര്‍ മുന്നോട്ടു വെച്ച അജണ്ടയില്‍ അടിയറവ് പറഞ്ഞ കോണ്‍ഗ്രസ് എവിടെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു. ബി.ജെ.പിയും സംഘപരിവാറും നടത്തിയ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് അണികളെ വിട്ടുകൊടുത്തെന്ന് അദ്ദേഹം ആരോപിച്ചു. ഇതില്‍ എത്രപേര്‍ തിരികെ കോണ്‍ഗ്രസിലെത്തുമെന്നും കോണ്‍ഗ്രസ് കാര്യങ്ങള്‍ തിരിച്ചറിയാതെയാണ് പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം വ്യക്തിപരമെന്ന് പറയുന്ന സംസ്ഥാന നേതാക്കളെ കുറിച്ച് എന്തുപറയണം. കേരളത്തിലെ നേതാക്കള്‍ ബി.ജെ.പിയ്ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയാണ്. ഇക്കാര്യത്തില്‍ മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ചിലരൊക്കെ ആര്‍.എസ്.എസിന്റെ അനുമതിയോടെയാണ് കോണ്‍ഗ്രസില്‍ നില്‍ക്കുന്നതെന്ന് പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിലൂടെ പുറത്തു വന്നത് സംഘപരിവാര്‍ അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികളുടെ പേരില്‍ കേരളത്തില്‍ കലാപമുണ്ടാക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് ശ്രീധരന്‍പിള്ള തന്നെ വ്യക്തമാക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ബി.ജെ.പിയുടെ രാഷ്ട്രീയ ഇടപെടലാണ് ശബരിമല പ്രക്ഷോഭത്തില്‍ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. നുണ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ ആര്‍.എസ്.എസിനോട് മല്‍സരിക്കാന്‍ ആര്‍ക്കും കഴിയില്ല. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇവരുടെ ശ്രമമെന്നും പിണറായി ആരോപിച്ചു.