തിരുവനന്തപുരം: കേരളത്തിന്റെ സമഗ്രവികസനം നടപ്പാക്കാനാണ് എല്‍.എഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല പ്രതിബന്ധങ്ങളെയും അതിജീവിച്ച് അത് പരിധിവരെ നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികളെ അതിജീവിച്ച കേരളത്തിലെ ജനങ്ങളുടെ ഉയുര്‍ത്തെഴുന്നേല്‍പ്പ് ലോകം അത്ഭുതത്തോടെയാണ് നോക്കിനിന്നത്. നാടും ജനങ്ങളും ഒപ്പം നിന്നതിന്റെ പുരോഗതിയാണ് സര്‍ക്കാരിന് നേടിയെടുക്കാന് കഴിഞ്ഞതെന്നും മുഖ്യന്ത്രി പറഞ്ഞു.
രാജ്യത്ത് നടപ്പാക്കുന്ന അജണ്ടകളില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് കേരളത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാജ്യത്തെ വലതുപക്ഷ അജണ്ടക്ക് ബദലാണെന്ന് നമുക്ക് തെളിയിക്കാന്‍ കഴിഞ്ഞു. അഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ഭാഗമായുള്ള ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള നിലപാടെടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിനെല്ലാം വ്യത്യസ്തമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നത്. എന്നാല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സംരക്ഷിച്ച് മുന്നോട്ടുകൊണ്ടുപോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.