| Sunday, 17th November 2024, 12:14 pm

സന്ദീപ് വാര്യരുടെ പാണക്കാട് സന്ദർശനം; ബാബരി മസ്ജിദ് തകര്‍ത്തത് ഓര്‍മിപ്പിക്കുന്നു: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ മഹത്വവത്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പാലക്കാട് കണ്ണാടിയില്‍ നടന്ന ഡോ. പി. സരിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാബരി മസ്ജിദ് തകര്‍ത്തത് ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള സംഘപരിവറാണ്. എന്നാല്‍ ആര്‍.എസ്.എസിന് ഒത്താശ ചെയ്ത് നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരും. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്. എന്നാല്‍ മുസ്‌ലിം ലീഗ് കോണ്‍ഗ്രസിനെ പിന്തുണക്കുന്ന കാഴ്ചയാണ് നാം അന്ന് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സന്ദീപ് വാര്യര്‍ പാണക്കാടെത്തിയെന്ന വാര്‍ത്തകള്‍ കണ്ടപ്പോള്‍ ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നാലെ നടന്ന ഒറ്റപ്പാലം തെരഞ്ഞെടുപ്പാണ് ഓര്‍മ വന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബാബരി മസ്ജിദ് തകര്‍ത്തില്‍ ഒറ്റപ്പാലത്ത് അക്കാലത്തുണ്ടായ പ്രതിഷേധങ്ങളെ തണുപ്പിക്കാന്‍ എത്തിയ പാണക്കാട് തങ്ങളെ ലീഗ് നേതാക്കള്‍ തള്ളിയെന്നും യോഗം നടത്താന്‍ കഴിയാതെ അദ്ദേഹത്തിന് തിരിച്ചുപോരേണ്ടി വന്നുവെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

സാദിഖലി ശിഹാബ് തങ്ങളുടെ പോലെയായിരുന്നില്ല പാണക്കാട് തങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാദിഖലി തങ്ങള്‍ ജമായത്ത് ഇസ്‌ലാമിയുടെ ഒരു പ്രവര്‍ത്തകനെന്ന നിലയിലാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെയുള്ള സന്ദീപിന്റെ നിലപാടുകളെ കുറിച്ച് അറിയാവുന്ന ലീഗ് അണികള്‍ ഉണ്ടല്ലോ. പാണക്കാട് പോയി ഒന്ന് സംസാരിച്ചുവെന്ന് കരുതി ഈ അണികളുടെ അമര്‍ഷം ശമിപ്പിക്കാന്‍ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

സന്ദീപിന്റെ പ്രവേശനം കോണ്‍ഗ്രസിന്റെ ഗതികേടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അവസരവാദ നിലപാടുകളാല്‍ നമ്മുടെ നാടിനെ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിടാനുള്ള നീക്കം നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതാക്കള്‍ ഉള്‍പ്പെടെയാണ് സന്ദീപിന്റെ പാര്‍ട്ടിപ്രവേശനത്തില്‍ പങ്കാളികളായത്. നീക്കം തിരിച്ചടി ആയെന്ന് മനസിലായതോടെയാണ് സന്ദീപ് വാര്യരെ പാണക്കാടേക്ക് അയച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ധനസഹായം പ്രഖ്യാപിക്കാത്ത കേന്ദ്രത്തിന്റെ നീക്കത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. കേന്ദ്രം ധാനസഹായം നല്‍കിയില്ലങ്കിലും പുനരധിവാസം തടസപ്പെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന് കേരളത്തോട് വിവേചനപരമായ നിപാടാണ് ഉള്ളത്. എങ്ങനെയെങ്കിലും കേരളം തകരണമെന്ന നിലപാടാണ് ബി.ജെ.പി സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Pinarayi Vijayan said that Sandeep Warrier’s entry into the Congress is being glorified by the right-wing media in Kerala

We use cookies to give you the best possible experience. Learn more