| Sunday, 29th January 2023, 4:34 pm

മുസ്‌ലിങ്ങളല്ലാതെ വിവാഹമോചനത്തിന്റെ പേരില്‍ ജയിലിലാവേണ്ടിവരുന്ന മറ്റൊരു സമുദായം ഇന്ത്യയിലില്ല: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം വിലക്കുന്ന നടപടികള്‍ രാജ്യത്താകമാനമുണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 14 ശതമാനം  മുസ്‌ലിങ്ങളും രണ്ട് ശതമാനം ക്രിസ്ത്യാനികളുമാണ് രാജ്യത്തുള്ളതെന്നും അവരെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിക്കുകയാണ് സംഘപരിവാറെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം കേരളയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്തു കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഹരിയാനയിലെ ഗുഡ്ഗാവില്‍ നമാസ് അനുഷ്ഠിക്കുകയായിരുന്ന മുസ്‌ലിങ്ങളെ ബജ്റംഗ്ദള്ളുകാര്‍ ആക്രമിച്ചത് ഈ അടുത്തിടെയായിരുന്നു. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളുടെ താമസസ്ഥലങ്ങള്‍ വരെ ഇടിച്ചുനിരപ്പാക്കുന്ന മൃഗീയമായ കടന്നാക്രമണം ഈയിടെയാണ് ഉത്തര്‍പ്രദേശില്‍ നടന്നത്. മാസങ്ങള്‍ നീണ്ട ആക്രമണപരമ്പരയ്ക്ക് നേതൃത്വം നല്‍കിയത് ഭരണപ്രമുഖര്‍ തന്നെ.
അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത ഘട്ടത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യം ‘കാശി, മഥുര ബാക്കി ഹേ’ എന്നാണ്. അതായത്, അയോധ്യയിലെ ബാബ്‌റി പള്ളി തകര്‍ത്തു, ഇനി കാശിയിലെ ഗ്യാന്‍വാപി മസ്ജിദും മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദും തകര്‍ക്കാന്‍ ബാക്കിയുണ്ടെന്ന്. ആ മുദ്രാവാക്യം നടപ്പാക്കപ്പെടുകയാണ് ഇപ്പോള്‍.

ഇക്കഴിഞ്ഞ മെയ് 17നാണ് ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെടുത്തതായി ഹിന്ദുത്വ സംഘടനകള്‍ അവകാശപ്പെട്ടത്. അതിനെത്തുടര്‍ന്നുള്ള കോടതി വ്യവഹാരങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ പിന്നാലെയാണ് മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദില്‍ സ്ഥല പരിശോധന നടത്താന്‍ തയ്യാറാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മഥുര ജില്ലാ കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി. വിവാഹമോചനത്തിന്റെ പേരില്‍ മുസ്‌ലിങ്ങളെ ജയിലിലടക്കാവുന്ന സ്ഥിതി ഉണ്ടാക്കുന്നു. വിവാഹമോചനത്തിന്റെ പേരില്‍ ജയിലിലാവേണ്ടിവരുന്ന മറ്റൊരു സമുദായം ഇന്ത്യയിലില്ല എന്ന് ഓര്‍ക്കണം.

അതിനുമപ്പുറം കടന്ന് മുസ്‌ലിങ്ങളുടെ പൗരത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന സി.എ.എ – എന്‍.ആര്‍.സി നടപ്പാക്കുന്നു. ബില്‍കിസ് ബാനു കേസിലെ കുറ്റവാളികളെ വെറുതെ വിട്ടു, മാലയിട്ട് ആദരിച്ചു. കത്വ കേസിലെ പ്രതികള്‍ക്കുവേണ്ടി റാലി സംഘടിപ്പിച്ചു. ഇതൊക്കെയാണ് മുസ്‌ലിങ്ങളോടുള്ള സംഘപരിവാറിന്റെ യഥാര്‍ത്ഥ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം വിലക്കുന്ന നടപടികള്‍ രാജ്യത്താകമാനം ഉണ്ടാകുന്നു. ക്രിസ്ത്യന്‍ പള്ളികള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നു. കര്‍ണാടകത്തിലെ ചിക്കബല്ലാപൂരില്‍ 150 വര്‍ഷത്തിലധികം പഴക്കമുള്ള സെന്റ് ജോസഫ് പള്ളി ആക്രമിച്ചത് 2021ലെ ക്രിസ്തുമസ് കാലയളവിലാണ്. ഇക്കഴിഞ്ഞ ക്രിസ്തുമസ് ഘട്ടത്തിലാകട്ടെ, ഛത്തീസ്ഗഢിലെ ക്രിസ്ത്യാനികള്‍ക്ക് കൂട്ടത്തോടെ പലായനം ചെയ്യേണ്ടി വന്നു. അവരെ തുരത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘപരിവാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ആരാധനാലയങ്ങള്‍ തകര്‍ക്കുകയും ബൈബിളുകള്‍ നശിപ്പിക്കുകയും ചെയ്ത സംഘങ്ങള്‍ വയോധികരെയും സ്ത്രീകളെയും കൊച്ചുകുട്ടികളെയുംപോലും വെറുതെവിട്ടില്ല. ബി.ജെ.പിയുടെ നേതാക്കള്‍ നേരിട്ട് ന്യൂനപക്ഷങ്ങള്‍ക്കെതിരെ കലാപാഹ്വാനം നടത്തുന്ന നിലയിലേക്കുവരെ ഇപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ രാജ്യത്ത് ആവര്‍ത്തിക്കുന്ന ആക്രമണങ്ങളില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചത് അടുത്തിടെയാണ്.

സംഘപരിവാറിനും രാജ്യത്തെ അധികാരികള്‍ക്കും ന്യൂനപക്ഷങ്ങളോടുള്ള വിവേചനപരമായ സമീപനത്തെ നിയമപരമായി വ്യവസ്ഥ ചെയ്യാന്‍ വരെ ശ്രമങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ഭേദചിന്തകള്‍ക്കതീതമായി എല്ലാവരും ഒരുമയോടെ മുന്നോട്ടുപോകണമെന്ന കാഴ്ചപ്പാടാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനുള്ളതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

‘സാമൂഹികവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കാനും അങ്ങനെ നാടിന്റെയാകെ പുരോഗതി ഉറപ്പുവരുത്താനുമാണ് നമ്മള്‍ ശ്രമിക്കുന്നത്. അതാണ് നവകേരള സങ്കല്‍പത്തിന്റെ സാരാംശം. ഒരു മതവും മറ്റൊരു മതത്തിന് മുകളിലല്ലെന്നും ഒരു മതവും മറ്റൊരു മതത്തിനു താഴെയല്ലെന്നും ഉറപ്പുവരുത്തുന്ന തീര്‍ത്തും മതനിരപേക്ഷമായ നിലപാടാണ് ഈ സര്‍ക്കാരിനുള്ളത്.

എല്ലാ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും മതമുള്ളവര്‍ക്കും മതമില്ലാത്തവര്‍ക്കും എല്ലാം പൗരന്മാര്‍ എന്ന നിലയില്‍ ഭരണഘടന ലഭ്യമാക്കുന്ന എല്ലാ അവകാശങ്ങളും ഉറപ്പുവരുത്തുന്ന സര്‍ക്കാരാണിവിടെയുള്ളത്. ഒരു മതവിഭാഗത്തിനെയും വിവേചനപരമായി കാണുകയോ ഒരു മതവിഭാഗത്തിനെതിരെയുമുള്ള അക്രമങ്ങള്‍ അനുവദിക്കുകയോ ചെയ്യാത്ത സര്‍ക്കാരാണിത്.

അതുകൊണ്ടാണ് കഴിഞ്ഞ ആറര വര്‍ഷമായി ഒരു വര്‍ഗീയ സംഘര്‍ഷവും ഉണ്ടാകാത്ത രാജ്യത്തെ ഏക സംസ്ഥാനമായി കേരളം നിലകൊള്ളുന്നത്. ഇത് മതനിരപേക്ഷതയുടെ വിളനിലമാണ്. അതിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കെല്ലാവര്‍ക്കും ഉണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.

Content Highlight:  Pinarayi Vijayan said that measures prohibiting the freedom of worship of minorities are taking place across the country

We use cookies to give you the best possible experience. Learn more