| Sunday, 15th October 2023, 6:17 pm

ചില അന്താരാഷ്ട്ര, വാണിജ്യ ലോബികള്‍ വിഴിഞ്ഞം തുറമുഖത്തിനെതിരെ ഉണ്ടായിരുന്നു: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിഴിഞ്ഞം പോലെ ഒരു തുറമുഖം ലോകത്ത് അപൂര്‍വമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് അസാധ്യം എന്നൊരു വാക്കില്ലെന്നും വിഴിഞ്ഞത്ത് ആദ്യമെത്തിയ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.

സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതിന്റെ ഏറ്റവും അടുത്ത നിമിഷത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. അതാണ് ഈ വലിയ കപ്പല്‍ എത്തിയതിന്റെ അര്‍ത്ഥം. ഏത് പ്രതിസന്ധിയെയും അത് എത്ര വലുതായാലും അതിജീവിക്കും എന്ന് നാം നമ്മുടെ ഒരുമയിലൂടെയും ഐക്യത്തിലൂടെയും തെളിയിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഇതുപൊലൊരു പോര്‍ട്ട് ലോകത്ത് അപൂര്‍വമാണ്. അത്രമാത്രം വികസന സാധ്യതയാണ് ഈ പോര്‍ട്ടിന്റെ ഭാഗമായിട്ടുള്ളത്. ഈ പോര്‍ട്ടിന്റെ സാന്നിധ്യത്തിലൂടെ വരാന്‍ പോകുന്ന വികസനം നമ്മുടെ ഭാവനകള്‍ക്ക് അപ്പുറമുള്ളതായിരിക്കും. അതിന് ഉതകുന്ന സമീപനം നാം എല്ലാവരും സ്വീകരിക്കണമെന്ന് മാത്രമേയുള്ളൂ.

പദ്ധതി നടപ്പിലാവാന്‍ താമസം വന്നു എന്നത് വസ്തുതയാണ്. പദ്ധതി യാഥാര്‍ത്ഥ്യമാകണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഇതിന്റെ വികസന സാധ്യത വളരെ വലുതാണ്. വികസനക്കുതിപ്പിന് കരുത്തേകുന്ന ഒന്നാകും ഈ പോര്‍ട്ട്.

ചില അന്താരാഷ്ട്ര ലോബികള്‍ പോര്‍ട്ടിനെതിരായ നീക്കം നടത്തി. ചില വാണിജ്യ ലോബികളും ഇതിനെതിരെ രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം കേരളം അതിജീവിച്ചു. കരണ്‍ അദാനിക്ക് പ്രത്യേക അഭിനന്ദനം. 7700 കോടി രൂപ മുതല്‍ മുടക്കിയ പദ്ധതിയാണിത്. 4600 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത്,’ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മൂന്ന് ക്രെയിനുകളുമായാണ് ആദ്യ കപ്പല്‍ ഇന്ന് വിഴിഞ്ഞം തുറമുഖത്തെത്തിയത്. ഗുജറാത്തിലെ മുന്ദ്ര തീരത്തുനിന്ന് എത്തിയ ഷെന്‍ഹുവ 15 കപ്പലിനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഫ്‌ളാഗ് ഓഫ് ചെയ്താണ് സ്വീകരിച്ചത്.

വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് കപ്പല്‍ ബര്‍ത്തിലേക്ക് അടുപ്പിച്ചത്. കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു.

Chief Minister pinarayi vijayan said that a port like Vizhinjam is rare in the world

Latest Stories

We use cookies to give you the best possible experience. Learn more