| Thursday, 10th September 2020, 6:22 pm

താഹ, അലന്‍, ഡാനിഷ്, രൂപേഷ്; പാര്‍ട്ടി നയം പിണറായി വിജയനോട് തോല്‍ക്കുന്നതിങ്ങനെ

തുഷാര്‍ നിര്‍മ്മല്‍

സി.പി.ഐ.എം നാളിതുവരെ പ്രയോഗിച്ചു വരുന്ന അവസരവാദ രാഷ്ട്രീയം അതിന്റെ എല്ലാ ജീര്‍ണ്ണതകളോടും കൂടി പ്രകടമാകുന്ന ഒരു സാഹചര്യമാണ് യു.എ.പി.എ, എന്‍.ഐ.എ പോലുള്ള ജനവിരുദ്ധ നിയമങ്ങളോടുള്ള അവരുടെ സമീപനവും നിലപാടും. ഇത്തരം നിയമങ്ങളുടെ പ്രസക്തിയെ കുറിച്ച് മറ്റേതൊരു ഭരണവര്‍ഗ്ഗ പാര്‍ട്ടിയേയും പോലെ യാതൊരു സംശയവുമില്ലാതിരിക്കുക. സ്വന്തം അധികാര മേഖലകളില്‍ മറ്റേതൊരു ഭരണവര്‍ഗ്ഗ പാര്‍ട്ടിയേയും പോലെ ഈ നിയമങ്ങള്‍ പ്രയോഗിക്കുക, അതിന്റെ ഗുണഭോക്താക്കളാവുക.

ഈ നടപടിയിലെ ജനവിരുദ്ധത മറച്ചുപിടിക്കാന്‍ നിയമങ്ങളുടെ ഉപയോഗവും ദുരുപയോഗവുമെന്ന വ്യാജ യുക്തികള്‍ പടച്ചുവിടുക. ഇത്തരം വൈരുദ്ധ്യങ്ങള്‍ യു.എ.പി.എ സംബന്ധിച്ച സി.പി.ഐ.എം നിലപാടില്‍ ഉടനീളം കാണാം. ബഹുജനാഭിപ്രായത്തിന് വഴങ്ങി ഇപ്പോള്‍ യു.എ.പി.എ ക്ക് എതിരായ നിലപാട് സ്വീകരിക്കേണ്ടി വരുമ്പോഴും തങ്ങളുടെ മുന്‍ നിലപാടുകളെ കുറിച്ച് സ്വയം വിമര്‍ശനമില്ലായ്മ അഴുകിയ അവസരവാദ രാഷ്ട്രീയമല്ലാതെ മറ്റൊന്നും മുന്നോട്ടു വെക്കുന്നില്ല.

ഈ അവസരവാദത്തെ അതിന്റെ എല്ലാ ജീര്‍ണ്ണതകളോടെയും പ്രദര്‍ശിപ്പിക്കുന്നതിനാലാണ് അലനും താഹയ്ക്കും ജാമ്യം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് കൊണ്ടും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്നതിന് സി.പി.ഐ.എം എതിരാണെന്ന എം.എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് പരിഹാസ്യവും നിന്ദ്യവുമായി തീരുന്നത്.

എം.എ ബേബി

യു.എ.പി.എ ക്ക് തങ്ങള്‍ എതിരാണെന്ന് സി.പി.ഐ.എം കേന്ദ്ര നേതാക്കളും സി.പി.ഐ.എം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവര്‍ത്തിച്ച് പറയുമ്പോള്‍ തന്നെയാണ് കേരളത്തില്‍ അവരുടെ പി.ബി. അംഗമായ പിണറായി വിജയന്‍ നയിക്കുന്ന ആഭ്യന്തര വകുപ്പ്, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മേല്‍ യു.എ.പി.എ ചുമത്തി അടിച്ചമര്‍ത്താനുള്ള സാധ്യതകളെ വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്.

സി.പി.ഐ.എമ്മിന് ഉണ്ടെന്ന് അവരുടെ രാഷ്ട്രീയ നേതാക്കള്‍ അവകാശപ്പെടുന്ന യു.എ.പി.എക്ക് എതിരായ രാഷ്ട്രീയ നിലപാട് അവരുടെ സര്‍ക്കാര്‍ നയത്തില്‍ പ്രതിഫലിപ്പിക്കുന്നതിന് കഴിയുന്നില്ല എന്നതാണൊ നമ്മള്‍ മനസ്സിലാക്കേണ്ടത്?

മാവോയിസ്റ്റ് തടവുകാരനായ രൂപേഷിന് 3 യു.എ.പി.എ കേസുകളാണ് കോഴിക്കോട് ജില്ലയില്‍ ഉണ്ടായിരുന്നത്. ഈ മൂന്ന് കേസുകളിലും യു.എ.പി.എ നിയമമനുസരിച്ച് വിചാരണാനുമതി നല്‍കുന്നതിനായുള്ള സമയ ക്രമം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി രൂപേഷിനെ വിചാരണ നേരിടുന്നതില്‍ നിന്നും വിടുതല്‍ ചെയ്തു. ഏതൊരു ഭരണവര്‍ഗ്ഗ പാര്‍ട്ടിയേയും പോലെ ഈ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുകയാണ് കേരള സര്‍ക്കാര്‍.

രൂപേഷ്

പക്ഷെ യു.എ.പി.എ വിരുദ്ധ നിലപാടുളള സി.പി.ഐ.എം പി.ബി. അംഗം നയിക്കുന്ന ആഭ്യന്തര വകുപ്പ് അതുകൊണ്ടും അവസാനിപ്പിച്ചില്ല. രൂപേഷിനെതിരെ 26 യു.എ.പി.എ കേസുകളാണ് കേരളത്തില്‍ ഉള്ളത്. എന്‍.ഐ.എ. അന്വഷിക്കുന്ന ഒരു കേസൊഴിച്ച് മറ്റെല്ലാ കേസും അന്വഷിക്കുന്നത് കേരളാ പോലീസിന്റെ ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം (ISIT) ആയിരുന്നു. അവര്‍ മിക്കവാറും എല്ലാ കേസിലും കുറ്റപത്രം സമര്‍പ്പിച്ചതും ആയിരുന്നു. ഈ സാഹചര്യത്തിലാണ് രൂപേഷിന് അനുകൂലമായി മേല്‍പറഞ്ഞ ഹൈക്കോടതി വിധി വരുന്നത്. ആ വിധിയനുസരിച്ച് നോക്കിയാല്‍ രൂപേഷിനെതിരെയുളള യു.എ.പി.എ കേസില്‍ ഭൂരിപക്ഷവും വിചാരണക്ക് മുന്‍പ് തന്നെ തള്ളിക്കളയപ്പെടും.

ഈ സാഹചര്യം മറികടക്കാന്‍ ഏറ്റവും നികൃഷ്ടമായ ഒരു നടപടിയാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്. കേരളാ ആന്റി – ടെററിസം സ്‌ക്വാഡ് (ATS)എന്ന ഒരു വിഭാഗത്തെ പൊലീസില്‍ ഉണ്ടാക്കുകയും അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും വിചാരണാ പൂര്‍വ്വ നടപടികള്‍ ആരംഭിച്ചതുമായ കേസുകള്‍ ഉള്‍പ്പടെ തുടര്‍ അന്വേഷണത്തിനായി എ.ടി.എസ്സിനെ ഏല്‍പ്പിക്കുകയും ചെയ്തു. തുടരന്വേഷണം നടക്കുന്നതിനാല്‍ ഈ കേസുകളിലൊക്കെയും വിചാരണാ പൂര്‍വ്വ നടപടികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണിപ്പോള്‍.

രൂപേഷ് തടവിലായി ഇപ്പോള്‍ 5 വര്‍ഷം പിന്നിട്ടിരിക്കുന്നു. പക്ഷെ ഇപ്പോഴും അദേഹത്തിന്റെ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അത് നീണ്ടു പോകുന്നതിന് കാരണമൊ? യു.എ.പി.എ നിയമപ്രകാരം പ്രതികള്‍ക്ക് ലഭ്യമായ വളരെ നേര്‍ത്ത ഒരു അവകാശം നിയമപോരാട്ടത്തിലൂടെ സ്ഥാപിച്ചെടുക്കാന്‍ രൂപേഷിനായി എന്നതും. ഇനി രൂപേഷിനെതിരായ ഭുരിപക്ഷം കേസുകളും ആദിവാസി ഊരുകളിലും മറ്റും എത്തി മാവോയിസ്റ്റ് നോട്ടീസുകളും മറ്റും വിതരണം ചെയ്തു എന്ന ആരോപണത്തിലുള്ളതാണ്. യാതൊരു അക്രമ പ്രവര്‍ത്തനവും ഇത്തരം കേസുകളില്‍ രൂപേഷിനെതിരെ ഉന്നയിക്കപ്പെട്ടിട്ടില്ല.

ഡാനിഷ്

പക്ഷെ എന്നിട്ടും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരായി യു.എ.പി.എ ചുമത്തരുതെന്ന സി.പി.ഐ.എം നിലപാട് പിണറായിയുടെ ആഭ്യന്തര ഭരണത്തില്‍ പ്രതിഫലിക്കപ്പെട്ടില്ല. കഴിഞ്ഞ ദിവസം പാലക്കാട് സെഷന്‍സ് കോടതി രൂപേഷിനെതിരായ രണ്ട് കേസുകളില്‍ കൂടി യു.എ.പി.എ നിലനില്‍ക്കില്ലെന്ന് വിധിച്ച് അദ്ദേഹത്തെ വിടുതല്‍ ചെയ്തു. വിടുതല്‍ ഹര്‍ജിയെ ശക്തമായി എതിര്‍ക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്തത്.
സ്വാഭാവികമായും തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെടുന്ന യു.എ.പി.എ വിരുദ്ധ നിലപാടിനെ പരിഹാസ്യമാക്കികൊണ്ട് ഈ കോടതി വിധിയും ചോദ്യം ചെയ്യാന്‍ പിണറായി സര്‍ക്കാര്‍ മുന്നോട്ടു വരുന്നത് അടുത്ത് തന്നെ നമുക്ക് കാണാം.

സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ പാപ്പരത്തത്തെ തുറന്നു കാണിച്ച മറ്റൊരു സംഭവമാണ് മാവോയിസ്റ്റ് തടവുകാരന്‍ ഡാനിഷിനെതിരായ നടപടി. 2 വര്‍ഷത്തിലധികം കാലം നീണ്ട കാരാഗൃഹവാസത്തിനു ശേഷം എല്ലാ കേസുകളിലും ജാമ്യം ലഭിച്ച് ജയില്‍ മോചിതനായി പുറത്തിറങ്ങാന്‍ ഒരുങ്ങുമ്പോഴാണ് അദ്ദേഹത്തെ എ.ടി.എസ് മറ്റൊരു കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യുന്നത്. അതും ഒരു ആദിവാസി ഊരില്‍ എത്തി നോട്ടീസും മറ്റും വിതരണം ചെയ്യുകയും ഭക്ഷണം ചോദിച്ചു വാങ്ങി കഴിക്കുകയും ചെയ്തു എന്ന കുറ്റത്തിന്. ഇവിടെയും എം.എ ബേബി പറയുന്ന, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തരുതെന്ന സി.പി.ഐ.എം നിലപാട് സര്‍ക്കാര്‍ നടപടിയില്‍ കണ്ടില്ല.

ജയില്‍ മോചിതനാകാന്‍ ഒരുങ്ങി നില്‍ക്കുന്ന ഒരു ചെറുപ്പക്കാരന്റെ സ്വാതന്ത്ര്യ മോഹത്തെ പതിയിരുന്നാക്രമിച്ച് വീഴ്ത്തുന്ന പിണറായി സര്‍ക്കാരിന്റെ ഇരപിടിയന്‍ സമീപനവും അതില്‍ ആഹ്ലാദിക്കുന്ന പരപീഡന തല്‍പരതയും ആയിരിക്കും ചരിത്രത്തില്‍ സി.പി.ഐ.എമ്മിന്റെ യു. എ.പി.എ നിലപാടായി അടയാളപ്പെടുത്തപ്പെടുക. ബേബിയും മറ്റും ഉയര്‍ത്തുന്ന അവസരവാദ നിലപാടുകളുടെ മുഴുവന്‍ ജീര്‍ണ്ണതയ്ക്കും മേല്‍ ചാര്‍ത്തിയ ജനവിരുദ്ധതയുടെ മകുടമായി അത് ചരിത്രത്തില്‍ ഇടം പിടിക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: pinarayi vijayan’s stand on uapa cases exposes cpim’s double stand

തുഷാര്‍ നിര്‍മ്മല്‍

We use cookies to give you the best possible experience. Learn more