| Wednesday, 6th April 2022, 3:03 pm

20 വര്‍ഷം സൗകര്യപ്രദമായ ഇരിപ്പിടവും ഭക്ഷണവും നല്‍കി, ഇപ്പോള്‍ വിവരദോഷവും നന്ദിയില്ലായ്മയും; ചെറിയാന്‍ ഫിലിപ്പിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രക്തം ഊറ്റികുടിക്കുന്ന രക്തരക്ഷസാണ് സി.പി.ഐ.എം എന്ന കെ.പി.സി.സി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടര്‍ ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും ദേശാഭിമാനി എഡിറ്ററുമായ പി.എം. മനോജ്.

ചെറിയാന്‍ ഫിലിപ്പിന് വിവിരദോഷം, നന്ദിയില്ലായ്മ, മറവി രോഗം ഇവ മൂന്നുമാണെന്നും, അതിന് ഫലപ്രദമായ ചികിത്സ ഇല്ലെന്നും പി.എം. മനോജ് പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിന്റെ പേര് നേരിട്ട് പറയാതെയായിരുന്നു മനോജിന്റെ പ്രതികരണം.

‘140 ല്‍ ഒന്നില്‍ പോലും അടുപ്പിക്കാതെ പുറമ്പോക്കില്‍ തള്ളിയപ്പോള്‍ കൈ പിടിച്ചു, ചേര്‍ത്തു നിര്‍ത്തി. 20 വര്‍ഷം സൗകര്യപ്രദമായ ഇരിപ്പിടവും ഭക്ഷണവും നല്‍കി. അതൊക്കെ ചെയ്തത് രക്ത രക്ഷസായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്ന അവസ്ഥയെ മൂന്നു തരത്തില്‍ വിശേഷിപ്പിക്കാം. 1. വിവരദോഷം. 2. നന്ദിയില്ലായ്മ. 3. മറവി രോഗം. മൂന്നിനും ഫലപ്രദമായ ചികിത്സ ഇല്ല എന്നതാണ് വലിയ ദുരന്തം. എത്ര വലിയ വിപത്താണ് ഒഴിഞ്ഞു പോയത് എന്നതിലാണ് ആശ്വാസം കൊള്ളേണ്ടത്,’ പി.എം. മനോജ് ഫേസ്ബുക്കില്‍ കുറിച്ചു.

സി.പി.ഐ.എമ്മിന്റെ പ്രണയ തട്ടിപ്പില്‍ കെ.വി. തോമസ് ദയവായി കുടുങ്ങരുത്. പ്രണയം അഭിനയിച്ച് അടുത്തുകൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി.പി.ഐ.എം എന്നായിരുന്നു എന്നായിരുന്നു ചെറിയാന്‍ ഫിലിപ്പ് നേരത്തെ പറഞ്ഞിരുന്നത്. യൗവ്വനം മുതല്‍ ഇ.എം.എസ് ഉള്‍പ്പെടെയുള്ളവര്‍ തന്നെ സി.പി.ഐ.എം വേദികളിലേക്ക് ആനയിച്ചിരുന്നു

അന്നത്തെ സ്നേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോധ്യപ്പെട്ടത്. ആ മരണക്കെണിയില്‍ ഇരുപതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥര്‍ ഒരിക്കലും പട്ടിണിക്കിടാറില്ല. കോണ്‍ഗ്രസിന്റെ ജനാധിപത്യ സംസ്‌ക്കാരത്തില്‍ ജനിച്ചു വളര്‍ന്ന കെ.വി. തോമസിന് സി.പി.ഐ.എമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കെ.വി. തോമസിനെ ഹൈക്കമാന്റ് വിലക്കിയിരുന്നു. എന്നാല്‍ സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും തീരുമാനം അറിയിക്കാമെന്നും കെ.വി. തോമസ് പറഞ്ഞതിന് പിന്നാലെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണമുണ്ടായത്.

Content Highlights: Pinarayi Vijayan’s press secretary replies to Cheriyan Philip

We use cookies to give you the best possible experience. Learn more