Environment
ഒരു ഭാഗത്ത് ഇലക്ട്രിക് വാഹനങ്ങള്‍, മറുഭാഗത്ത് പെട്രോളിയം സംഭരണശാല; യഥാര്‍ത്ഥത്തില്‍ എന്താണ് പിണറായി സര്‍ക്കാറിന്റെ ഊര്‍ജ്ജനയം
ഷഫീഖ് താമരശ്ശേരി
2019 Jun 30, 03:27 pm
Sunday, 30th June 2019, 8:57 pm

പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി കേരളത്തിലെ റോഡുകളില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം വൈദ്യുതി വാഹനങ്ങള്‍ പുറത്തിറക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്ഥാവന ശ്രദ്ധേയമാവുകയാണ്. എറണാകുളം ബോള്‍ഗാട്ടിയില്‍ ആരംഭിച്ച ‘ഇവോള്‍വ്’ എന്ന ആദ്യ കേരള ഇ മൊബിലിറ്റി സമ്മേളനവും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

രണ്ടുലക്ഷം ഇരുചക്രവാഹനം, അമ്പതിനായിരം മുച്ചക്രവാഹനം, മൂവായിരം ബസ്, ആയിരം ചരക്കുവാഹനം, 100 ഫെറി ബോട്ട് എന്നിവ പുറത്തിറക്കുമെന്നും സംസ്ഥാനത്ത് വൈദ്യുതവാഹനമേഖലകള്‍ (ഇലക്ടോണിക് വെഹിക്കിള്‍ സോണ്‍) സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തിനകം തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗത സംവിധാനം പൂര്‍ണമായും ഇ മൊബിലിറ്റിയിലേക്ക് മാറ്റുമെന്നും ഇതിനായി 1500 ബസ്സുകള്‍ക്ക് ഇതിനകം തന്നെ കെ.എസ്.ആര്‍.ടി.സി ഓര്‍ഡര്‍ നല്‍കിയതായും മുഖ്യമന്ത്രിയുടെ പ്രസ്താവനയിലുണ്ടായിരുന്നു. മൊത്തത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും മലിനീകരണ നിയന്ത്രണത്തിന്റെ ആവശ്യകതയും പരിഗണിച്ച് സര്‍ക്കാര്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു എന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

 

മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന കാണുന്ന കണ്ണൂര്‍ പയ്യന്നൂരിലെ കണ്ടങ്കാളി പ്രദേശത്തെ ജനങ്ങള്‍ക്കൊരു ചോദ്യമുണ്ട്. ”പിന്നെന്തിനാണ് ഞങ്ങളുടെ ഈ നാടും ഇവിടുത്തെ വയലുകളും എണ്ണക്കമ്പനികള്‍ക്ക് തീറെഴുത്തികൊടുക്കുന്നത്? എന്തിനാണ് ഞങ്ങളുടെ ജീവിതത്തെ എക്കാലത്തെയും ഭീതിയിലേക്ക് തള്ളിവിടുന്നത്?”

പയ്യന്നൂര്‍ കണ്ടങ്കാളിയിലെ തലോത്ത് വയലിലാണ് ഉത്തരമേഖല പെട്രോളിയം സംഭരണശാല എന്ന പേരില്‍ സര്‍ക്കാറിന്റെ മുന്‍കൈയില്‍ 69490 കിലോ ലിറ്റര്‍ സംഭരണ ശേഷിയുള്ള കൂറ്റന്‍ എണ്ണ സംഭരണശാല ആരംഭിക്കാന്‍ പോകുന്നത്. തൃശ്ശൂരിനും കാസര്‍കോഡിനുമിടയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ചെറു എണ്ണ സംഭരണികള്‍ ഡി കമ്മീഷന്‍ ചെയ്ത് പയ്യന്നൂരില്‍ കേന്ദ്രീകൃത സംഭരണശാല നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

 

ഒരേ സമയം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പ്രസംഗിക്കുകയും വൈദ്യുതിവാഹനങ്ങളിലേക്ക് മാറുമെന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തുകയും അതേ സമയം പടുകൂറ്റന്‍ എണ്ണ സംഭരണശാലകള്‍ ആരംഭിക്കുകയും അതിനായി ഏക്കറുകണക്കിന് വയലുകള്‍ നശിപ്പിക്കുകയും ചെയ്യുന്നത് പിണറായി സര്‍ക്കാറിന്റെ നയങ്ങളിലുള്ള പരസ്പരവൈരുദ്ധ്യവും പരാജയവുമാണെന്ന് കണ്ടങ്കാളിയിലെ പ്രദേശവാസികള്‍ പറയുന്നു.

ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് വാഹനങ്ങള്‍ പൂര്‍ണമായും ഇലക്ട്രിക് ആകും എന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച സ്ഥിതിക്ക് നിലവിലുള്ള ചെറുകിട എണ്ണ സംഭരണ കേന്ദ്രങ്ങളെ തന്നെ ബാക്കിയുള്ള ഏതാനും വര്‍ഷങ്ങള്‍ കൂടി ഉപയോഗിക്കുകയല്ലേ ചെയ്യേണ്ടതെന്നാണിവര്‍ ചോദിക്കുന്നത്.

‘ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഓയില്‍ കൊണ്ടുവന്ന് ഇന്ത്യയില്‍ സംഭരിക്കുന്നതിനായി നരേന്ദ്രമോദി സര്‍ക്കാര്‍ ഉണ്ടാക്കിയ അങ്ങേയറ്റം അശാസ്ത്രീയവും പരിസ്ഥിതി വിരുദ്ധവുമായ ഒരു കരാറിനെ തുടര്‍ന്നാണ് കണ്ടങ്കാളി പദ്ധതി വരുന്നതെന്ന് വസ്തുതകള്‍ നിരത്തി സമരസമിതി ഉന്നയിച്ചിട്ടും സംസ്ഥാന സര്‍ക്കാരോ ഭരണകക്ഷിയോ അത് പരിഗണിക്കാതെ, പദ്ധതി നടത്തിപ്പിന്റെ ”കാര്യസ്ഥപ്പണി’ ഏറ്റെടുക്കുന്ന സ്ഥിതി വിശേഷമാണി ഇവിടെയുള്ളത്.’ പരിസ്ഥിതി പ്രവര്‍ത്തകന്‍ നിഷാന്ത് പരിയാരം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

 

‘2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് ഇവിടെ ഭൂമി ഏറ്റെടുക്കാന്‍ പോകുന്നത്. ഇതുവരെ പരിസ്ഥിതി അനുമതി ലഭിക്കാത്തതും ജനങ്ങള്‍ തള്ളിക്കളഞ്ഞതുമായ ഒരു പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള ഈ സര്‍ക്കര്‍ നീക്കം ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണ്. ജനങ്ങളുടെ ആശങ്കയകറ്റി പരിസ്ഥിതിഅനുമതി ലഭ്യമായശേഷമേ ഭൂമി ഏറ്റെടുക്കാവൂ എന്ന എം.എല്‍.എ.യുടെയും പയ്യന്നൂര്‍ നഗരസഭയുടെയും നിലപാടിനെ പോലും മുഖവിലക്കെടുക്കാതെയാണ് ഈ നീക്കം. ഇതിനായി 2008 ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതിവരുത്തി വ്യവസായത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും നെല്‍വയല്‍ വിട്ടുകൊടുക്കാനുള്ള സര്‍ക്കാര്‍ നീക്കം കേരളത്തിലെ അവശേഷിക്കുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നശിപ്പിക്കുമെന്നതില്‍ ഭൂമാഫിയകള്‍ കണ്ടങ്കാളിയിലടക്കം നെല്‍വയലുകള്‍ കൈക്കലാക്കിക്കഴിഞ്ഞു.’ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശവാസികളും പരിസ്ഥിതിപ്രവര്‍ത്തകരും ചേര്‍ന്ന് രൂപീകരിച്ച സമരസമിതി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.

പെട്രോളിയം സംഭരണശാല

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പയ്യന്നൂര്‍-ഏഴിമല റെയില്‍വേസ്റ്റേഷനുകള്‍ക്ക് മധ്യേ കണ്ടങ്കാളി തലോത്ത് വയലില്‍ സ്ഥാപിക്കാന്‍ പോകുന്ന ഈ കൂറ്റന്‍ എണ്ണസംഭരണശാലക്കുവേണ്ടി പയ്യന്നൂര്‍ നഗരസഭയില്‍ അവശേഷിക്കുന്ന 100 ഏക്കര്‍ നെല്‍വയലും (തലോത്ത് വയല്‍) 50 ഏക്കര്‍ കണ്ടല്‍ക്കാടും ഉള്‍പ്പെടുന്ന വളരെയേറെ പരിസ്ഥിതിപ്രാധാന്യമുളള തണ്ണീര്‍ത്തടമാണ് കമ്പനികള്‍ക്ക് വേണ്ടി ഏറ്റെടുക്കാന്‍ പോകുന്നത്.

250 കോടി രൂപ നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ സംഭരണ ശേഷി 69490 കിലോ ലിറ്ററാണ്. പത്തൊമ്പത് സംഭരണടാങ്കുകളിലായി ആറുകോടി തൊണ്ണൂറ്റഞ്ച് ലക്ഷം ലിറ്റര്‍ മോട്ടോര്‍ സ്പിരിറ്റ്, ഹൈസ്പീഡ് ഡീസല്‍, മണ്ണെണ്ണ, ഏരിയേഷന്‍ ഫ്യൂവല്‍, എഥനോള്‍ തുടങ്ങിയ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇവിടെ ആദ്യഘട്ടത്തില്‍ സംഭരിക്കുമെന്നാണ് പദ്ധതിയില്‍ പറയുന്നത്. കൊച്ചിയിലേയും മംഗലാപുരത്തേയും റിഫൈനറികളില്‍ നിന്ന് റെയില്‍ മാര്‍ഗം പെട്രോളിയം എത്തിച്ച് ഇവിടെ സംഭരിക്കുകയും കാസര്‍കോഡ് തൊട്ട് എറണാകുളം വരെയുള്ള വടക്കന്‍ ജില്ലകളിലെ ഔട്ട്‌ലെറ്റുകളിലേക്ക് ടാങ്കറുകളില്‍ എത്തിക്കുകയുമാണ് ഉദ്ദേശം.

 

‘പെട്രോളിയം ഇന്ധനങ്ങളുടെ ലഭ്യത പരമാവധി പോയാല്‍ ഇനി വര്‍ഷം കൂടി മാത്രമേ ഉണ്ടാവുകയുള്ളൂ. പെട്രോളിയം ഇന്ധനങ്ങളെ ആശ്രയിക്കുന്ന എല്ലാ വാഹനങ്ങളും യന്ത്രങ്ങളും വിദ്യുച്ഛക്തിയും മറ്റ് ബദല്‍ ഇന്ധനങ്ങളും ഉപയോഗിക്കുന്നവയാക്കി മാറ്റുവാന്‍ ഇന്ത്യയിലുള്‍പ്പെടെ എല്ലായിടത്തും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നുവരികയാണ്. ഈ ഘട്ടത്തില്‍ ഇത്രയും വലിയ പെട്രോളിയം സംഭരണശാല നിര്‍മിക്കുക എന്ന ആശയത്തിന് തന്നെ പ്രസക്തിയില്ല. അത് മാത്രമല്ല, അതാത് ജില്ലകളില്‍ നിലവിലുള്ള സംഭരണശാലകള്‍ വികസിപ്പിച്ചുകൊണ്ട് പെട്രോളിയം വിതരണത്തെ മെച്ചപ്പെടുത്തേണ്ടിന് പകരം കേന്ദ്രീകതമായ ഒരു സംഭരണ രീതി ആസൂത്രണം ചെയ്യുന്നത് സത്യത്തില്‍ അസംബന്ധമാണ്.

ഇപ്പോള്‍ കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന സംഭരണകേന്ദ്രങ്ങള്‍ തന്നെ വിപുലീകരിച്ച് അതാതിടത്ത് വേണ്ട ഇന്ധനം വിതരണം ചെയ്യാവുന്നാണ്. അല്ലാതെ നമ്മുടെ ഗതാഗത സംവിധാനത്തെ മുഴുവന്‍ താറുമാറാക്കുന്ന വിധത്തില്‍ പയ്യന്നൂരില്‍ സ്ഥാപിക്കുന്ന കേന്ദ്രീകൃതസംഭരണശാലയില്‍ നിന്ന് റോഡുമാര്‍ഗം ടാങ്കറുകളില്‍ ഇവ വിതരണം ചെയ്യുന്നത് പ്രായോഗികമല്ല. നിലവിലുളള ഗതാഗത പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുകയും അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയുമായിരിക്കും ഇതിന്റെ ഫലം.’ പരിസ്ഥിതി പ്രവര്‍ത്തകനും പയ്യന്നൂര്‍ സ്വദേശിയുമായ കെ.രാമചന്ദ്രന്‍ പറയുന്നു.

തലോത്ത് വയലില്‍ നിന്നും ആകാശമാര്‍ഗ്ഗം പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുളള എല്ലാ പ്രദേശങ്ങളും പദ്ധതിയുടെ ആഘാതങ്ങള്‍ ബാധിക്കുന്ന മേഖലകളാണ്. 1 കിലോമീറ്റര്‍ ചുറ്റളവില്‍ത്തന്നെ രാമന്തളി, കുഞ്ഞിമംഗലം, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളിലും പയ്യന്നൂര്‍ നഗരസഭയിലുമായ വീടുകളും വിദ്യാലയങ്ങളും റെയില്‍വെസ്റ്റേഷനുകളും നിരവധി വ്യാപാരവ്യവസായ സ്ഥാപനങ്ങളും ഒക്കെയുള്ള ജനവാസമേഖലയാണിത്.

പരിസ്ഥിതിയുടെയും ജീവനോപാധധികളുടെയും നാശത്തിന് കാരണമാകും

ചുറ്റുപാടും തീരദേശസംരക്ഷണമേഖല കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ 1ല്‍ പെട്ട കണ്ടല്‍ക്കാടുകളുളളതുകൊണ്ടും അന്താരാഷ്ട്ര പ്രാധാന്യമുളള റാംസര്‍ സൈറ്റായി പ്രഖ്യാപിക്കാന്‍ നിര്‍ദേശിക്കപ്പെട്ട കവ്വായികായലിന്റെ ഭാഗമായതുകൊണ്ടും അങ്ങേയറ്റം പാരിസ്ഥിതികപ്രാധാന്യമുളളതും എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടേണ്ടതുമായ ഒരു തണ്ണീര്‍ത്തടമാണിത്. കവ്വായിക്കായലും പുഴയും പയ്യന്നൂര്‍ നഗരസഭയ്ക്കു പുറമെ 20 പഞ്ചായത്തുകളില്‍ കൂടി കടന്നുപോകുന്നതാണ്. അതുകൊണ്ട് തന്നെ പദ്ധതി ബാധിത പ്രദേശം നിലവില്‍ കണക്കാക്കുന്നതിനേക്കാള്‍ കൂടുതലാണ്. തലോത്ത് വയലിന്റെ ചുറ്റിലുമുള്ള 15 കിലോമീറ്ററോളം പ്രദേശം ജനനിബിഡമാണ്.

 

അതുകൊണ്ട് തന്നെ ഇവിടെ എന്തെങ്കിലും അപകടങ്ങള്‍ സംഭവിച്ചാല്‍ മതിയായ സുരക്ഷാസൗകര്യങ്ങളൊരുക്കുക എന്നത് പ്രയാസമാണ്. തണ്ണീര്‍ത്തടസംരക്ഷണനിയമവും നെല്‍വയല്‍ നികത്തുന്നതിന് എതിരായ നിയമവും ജലാശയങ്ങള്‍ എണ്ണകൊണ്ട് മലിനീകരിക്കുന്നതിന് എതിരായ നിയമവും എല്ലാം ലംഘിച്ചുകൊണ്ടുമാത്രമേ ഈ പദ്ധതി ഇവിടെ നടപ്പിലാക്കാന്‍ കഴിയൂ.

‘100 ഏക്കറോളം വിസ്തീര്‍ണ്ണത്തില്‍ താഴ്ന്നു കിടക്കുന്ന ഈ വയല്‍ പ്രദേശം പെട്രോളിയം സംഭരണശാലയ്ക്ക് ഉപയുക്തമാകണമെങ്കില്‍ 3 മീറ്ററോളം ഉയരത്തില്‍ മണ്ണിട്ട് നികത്തേണ്ടതുണ്ട്. ഇതിനുള്ള മണ്ണ് അവര്‍ കൊണ്ടുവരാന്‍ പോകുന്നത് പ്രദേശത്തെ കുന്നുകളില്‍ നിന്നാണ്. വിശാലമായ ഈ വയലേലകളോടൊപ്പം പ്രദേശത്തെ കുന്നുകളുടെ കൂടി നാശത്തിനാണ് പദ്ധതി കാരണമാകാന്‍ പോകുന്നത്. കണ്ടല്‍ക്കാടുകളും അവയോടനുബന്ധിച്ചുളള സസ്യ-ജന്തുജാലങ്ങളും നാശം വേറയെും. പെട്രോളിയം സംഭരണശാലയില്‍ നിന്നുമുള്ള എണ്ണ വീണ് ചുറ്റുമുള്ള കായലും പുഴകളും വയലും മലിനമാകാനുള്ള സാധ്യയും നിലനില്‍ക്കുന്നുണ്ട്. പ്രദേശത്തെ പരിസ്ഥിതിയോടൊപ്പം മനുഷ്യജീവിതത്തെ കൂടിയാണ് ഇത് ബാധിക്കാന്‍ പോകുന്നത്.

 

നെല്‍കൃഷിക്ക് പുറമെ മത്സ്യകൃഷി, കക്കവാരല്‍, കന്നുകാലി വളര്‍ത്തല്‍ എന്നിങ്ങനെ വയലിനെയും ജലാശയങ്ങളെയും ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങളുണ്ടിവിടെ. ഇവരുടെ ജീവനോപാധിയെക്കൂടിയാണ് പദ്ധതി ബാധിക്കാന്‍ പോകുന്നത്. വയല്‍ നികത്തുന്നതോടുകൂടി പ്രദേശത്തെ ജലലഭ്യതയില്‍ കാര്യമായ ദോശഫലങ്ങളുണ്ടാകും എന്നതിന് പുറമെ, എണ്ണ സംഭരണിക്ക് വേണ്ടകോടിക്കണക്കിന് ലിറ്റര്‍ ശുദ്ധജലം കുഴല്‍ക്കിണര്‍ കുഴിച്ച് പമ്പ് ചെയ്താല്‍ പ്രദേശത്ത് മുഴുവന്‍ ഉപ്പുവെളളം കയറി കുടിവെളളക്ഷാമം രൂക്ഷമാവുകയും ചെയ്യും.’ പരിസ്ഥിതി പ്രവര്‍ത്തകനും കര്‍ഷകനുമായ കെ.പി വിനോദ് പറയുന്നു.

അപകട സാധ്യതകളും മറ്റ് ബുദ്ധിമുട്ടുകളും

ശാസ്ത്രീയമായി പരിശോധിച്ചാല്‍ ജനവാസം തീരെ കുറഞ്ഞ പാരിസ്ഥിതികമായ സവിശേഷതകളൊന്നുമില്ലാത്ത പ്രദേശങ്ങളില്‍ മാത്രമേ പെട്രോളിയം സംഭരണശാലകള്‍ നിര്‍മിക്കാവൂ എന്നാണ്. പക്ഷേ ഇത്തരം പരിഗണനകളൊന്നുമില്ലാതെയാണ് പദ്ധതിക്ക് വേണ്ട സ്ഥലം സര്‍ക്കാര്‍ കണ്ടെത്തി നല്‍കിയിരിക്കുന്നത്. തലോത്ത് വയലിനോട് ചേര്‍ന്ന് ജീവിക്കുന്ന നിരവധി കുടുംബങ്ങളുടെ വീടും പുരയിടവുമാണ് ഇതുവഴി അപകടത്തിലാകാന്‍ പോകുന്നത്. പുതിയ 30 മീറ്റര്‍ പാതയ്ക്ക് വേണ്ടി ധാരാളം പേര്‍ കുടിയൊഴിഞ്ഞുപോകേണ്ടിവരും.

 

36 കുടുംബങ്ങളെ പദ്ധതിപ്രദേശത്തു നിന്നും പൂര്‍ണ്ണമായും കുടിയൊഴിപ്പിക്കേണ്ടി വരും. 80 ലധിലകം വീടുകളെ ഭാഗികമായും ബാധിക്കുന്ന തരത്തിലാണ് പദ്ധതി വരാന്‍ പോകുന്നത്. പ്രദേശത്തുളള അനേകം പേര്‍ കുടിയൊഴിയണമെന്നുമാത്രമല്ല അതിന് സമീപമുളള ശ്മശാനങ്ങളും സുരക്ഷാഭീഷണി മൂലം അടച്ചുപൂട്ടേണ്ടിവരും. പരമ്പാരഗത സഞ്ചാരപാതകള്‍ അടയും. ചിലയിടങ്ങളില്‍ കുടുംബങ്ങള്‍ പദ്ധതി കൊണ്ട് ഒറ്റപ്പെട്ട് അതിനകത്ത് ഞെരിഞ്ഞമരും. ജനങ്ങള്‍ നിരന്തരമായി കടുത്ത അപകടഭീഷണിയിലകപ്പെടും. പദ്ധതി രേഖകള്‍ പ്രകാരം അപ്രോച്ച് റോഡിന്റെ അലൈന്‍മെന്റ് പുഞ്ചക്കാട് സെന്റ് മേരീസ് സ്‌കൂളിനോട് ചേര്‍ന്നാണ് കിടക്കുന്നത്. റോഡ് മതില്‍കെട്ടി വേര്‍തിരിക്കുന്നതതോടെ സമീപ പ്രദേശത്തെ കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് വരാനുള്ള വഴി ഇല്ലാതാകും. 1500 ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിനോട് ചേര്‍ന്ന് നിരന്തതരം ടാങ്കറുകള്‍ ഓടുന്നതും അപകടങ്ങള്‍ക്ക് കാരണമാകും.

ഇത്തരത്തിലുള്ള യാതൊരു വിഷയങ്ങള്‍ക്കും അധികാരികളുടെ ഭാഗത്ത് നിന്നും ഒരു പരിഹാരമാര്‍ഗവുമില്ല. അത്യന്തം ജാഗ്രത പുലര്‍ത്തിയാലും സംഭവിക്കാവുന്ന ഇടിമിന്നല്‍, ഭൂകമ്പം, വെളളപ്പൊക്കം പോലുളള പ്രകൃതിപ്രതിഭാസങ്ങള്‍ മൂലം പെട്രോളിയം സംഭരണശാലയില്‍ ഉണ്ടായേക്കാനിടയുളള വിപത്തും അത്യന്തം ഗുരുതരവും പ്രവചിക്കാന്‍ കഴിയാത്ത നാശനഷ്ടങ്ങള്‍ വരുത്തുന്നതുമായിരിക്കും. ഇതിനെയെല്ലാം തടയാനുളള സംവിധാനമോ ദുരന്തനിവാരണ തയ്യാറെടുപ്പുകളോ നമ്മുടെ നാട്ടില്‍ വിരളമാണെന്ന് മാത്രമല്ല നിര്‍ണായക സന്ദര്‍ഭങ്ങളില്‍ പരാജയപ്പെടുകയും പതിവാണ്. ഈ രീതിയിലുള്ള ഒട്ടേറെ ആശങ്കകളാണ് പദ്ധതിക്കെതിരെ സമരം നടത്തുന്ന പുഞ്ചക്കാട് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നത്.

ജനകീയ വികാരത്തെ സര്‍ക്കാര്‍ അട്ടിമറിച്ചു

പ്രതികൂലഫലങ്ങള്‍ മറച്ചുവെച്ചും, നിയമപരമായി നടപടിക്രമങ്ങള്‍ മറികടന്നും കൊണ്ടുളള ഒരു പരിസ്ഥിതി പ്രത്യാഘാത നിര്‍ണ്ണയ പത്രികയും പരിസ്ഥിതിമാനേജ്‌മെന്റ് പ്ലാനുമാണ് പെട്രോളിയം കമ്പനി 2018 ജനുവരി 22 ന് കളക്ടറുടെ അദ്ധ്യക്ഷതയില്‍ നടന്ന പൊതുതെളിവെടുപ്പില്‍ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ അവിടെ സന്നിഹിതാരായിരുന്ന എല്ലാ ജനങ്ങളും ഏകകണ്ഠമായി ആ പത്രിക തളളിക്കളയുകയാണ് ഉണ്ടായത്. പദ്ധതിക്കെതിരായ ജനങ്ങളുടെ വികാരം ശക്തമായി പ്രകടിപ്പിക്കപ്പെട്ടത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതാണ്.

 

ഒരു പ്രദേശത്ത് ഒരു പദ്ധതി വരുമ്പോള്‍ പ്രദേശവാസികളായ ജനങ്ങളുടെ അനുമതി തേടുകയും അവരുടെ അഭിപ്രായം കണക്കിലെടുക്കുകയും ചെയ്യേണ്ടതുണ്ട്. വികസനത്തിന്റെ പേരില്‍ നശീകരണവും മലിനീകരണവും അനുവദിക്കാന്‍ തയ്യാറാകാത്ത ജനങ്ങള്‍ അവരുടെ വിസമ്മതവുമായി രംഗത്ത് വരുമ്പോള്‍ അതിനെ കണക്കിലെടുക്കേണ്ട ഉത്തരവാദിത്വം ഒരു ജനാധിപത്യ ഭരണകൂടത്തിനുണ്ട്. ജനവികാരങ്ങള്‍ തീര്‍ത്തും അവഗണിച്ചും അധികാരസ്ഥാനങ്ങളിലുളള സ്വാധീനമുപയോഗിച്ചും പദ്ധതിയുമായി മുന്നോട്ടുപോകാനുളള ദുര്‍വ്വാശി കമ്പനി പ്രകടിപ്പിക്കുകയാണെങ്കില്‍ അതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നത്.

നാട്ടില്‍ നാട്ടുകാരറിയാത്ത പദ്ധതി

വികസനപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പ്രദേശവാസികളെ രേഖാമൂലം അറിയിക്കണമെന്ന നിയമമുണ്ടായിട്ടും നാട്ടുകാര്‍ക്ക് ഈ പദ്ധതിയുമായി ബന്ധപ്പെട്ട യാതൊരു വിവരവും അധികൃതര്‍ നല്‍കിയിരുന്നില്ല. തലോത്ത് വയലിലെയും പരിസരങ്ങളിലെയും ഭൂമി ഭൂമാഫിയകള്‍ വ്യാപകമായി കൈക്കലാക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ ഇതിനെക്കുറിച്ചറിയുന്നത്. പദ്ധതിബാധിരായ ജനങ്ങള്‍ക്ക് പോലുമറിയാത്ത സര്‍ക്കാര്‍ നീക്കങ്ങള്‍ ഭൂമാഫിയകള്‍ കത്യമായി അറിയുന്നു എന്നാണ് ഇതിലെ മറ്റൊരു വിരോധാഭാസം.

 

കൈവശം വെയ്ക്കാവുന്ന പതിനഞ്ചേക്കര്‍ വരെയുള്ള ഭൂമി ഭൂമാഫിയകള്‍ പ്രദേശത്ത് വാങ്ങിക്കൂട്ടിയതായി പരിസ്ഥിതി പ്രവര്‍ത്തകനും കര്‍ഷകനുമായ കെ.പി വിനോദ് പറയുന്നു. പെട്രോളിയം സംഭരണശാല വരാന്‍ പേകുന്ന വിവരം അനൗദ്യോഗികമായി ആളുകള്‍ക്കിടയില്‍ സംസാരവിഷയമായതോടുകൂടി പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരുമടക്കമുള്ളവര്‍ നഗരസഭാ അധികൃരുമായി ഇക്കാര്യം സംസാരിച്ചെങ്കിലും അവര്‍ക്കും കാര്യമായ വിവരങ്ങള്‍ അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കാതെ, ഒരു ഗ്രാമസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെ, ഏറ്റെടുക്കുന്ന പ്രദേശത്തെ ആളുകള്‍ പോലും അറിയാതെ പദ്ധതിയുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ വളരെ സ്വകാര്യമായി നടത്തുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ചെയ്തത്.

 

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍