കോഴിക്കോട്: പ്രളയത്തിലകപ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനത്തിന് വന്‍പിന്തുണ. മുഖ്യമന്ത്രിയുടെ ആഹ്വാനം കേരളം ഏറ്റെടുത്തതിന് പിന്നാലെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹ് സിംഗും രംഗത്തെത്തി. ദുരിതാശ്വാസ നിധിയിലേക്ക് മന്‍മോഹന്‍ സിംഗ് ഒരു മാസത്തെ ശമ്പളം നല്‍കും. എം.പിമാരുടെ വികസനനിധിയില്‍ നിന്ന് ഒരുകോടി രൂപയും അദ്ദേഹം നല്‍കും.
ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ, റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, അഗ്നിശമന സേനാ മേധാവി എ ഹേമചന്ദ്രന്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ തുടങ്ങിയവര്‍ ഒരുമാസത്തെ ശമ്പളം നല്‍കും.
എല്‍.ഡി.എഫ്, യു.ഡി.എഫ് എം.എല്‍.എമാര്‍, മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ വിവിധ വകുപ്പുതലവന്‍മാര്‍, മന്ത്രിമാരുടെ ഓഫീസ് ജീവനക്കാര്‍ തുടങ്ങി നിരവധി പേരാണ് സാലറി ചാലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തിയത്.
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനിലെ അംഗങ്ങളും ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷനു കീഴിലെ എല്ലാ സംഘടനകളിലെയും അംഗങ്ങളും യജ്ഞത്തില്‍ പങ്കാളികളാകും. മുഖ്യമന്ത്രിയുടെ ആഹ്വാനം കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സ്വാഗതം ചെയ്തു. എല്ലാ സെക്രട്ടേറിയറ്റ് ജീവനക്കാരേയും ഈ മഹാ യജ്ഞത്തില്‍ പങ്കാളികളാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന കണക്കിലെടുത്ത് സംസ്ഥാനത്ത് ഉന്നത ഔദ്യോഗികസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.