Kerala
ഒരു കൂട്ടം ആളുകള്‍ക്ക് എന്തുമാകാമെന്ന അവസ്ഥ പാടില്ല; നിയമസഭയില്‍ പൊട്ടിത്തെറിച്ച് പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 May 24, 05:13 am
Wednesday, 24th May 2017, 10:43 am

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ ഭരണപക്ഷ വാക്‌പോര്. സ്പീക്കര്‍ക്കെതിരെ നടുത്തളത്തിലിറങ്ങിയാണ് പ്രതിപക്ഷം ആദ്യം പ്രതിഷേധിച്ചത്. കൃഷിവകുപ്പ് തലപ്പത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പോരിനെക്കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിന്‍മേലുള്ള ചര്‍ച്ചക്കിടെയാണ് പ്രതിഷേധമുണ്ടായത്.

നോട്ടീസ് നല്‍കിയ വി.ഡി സതീശന്‍ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ കാര്യം പരാമര്‍ശിച്ചത് സ്പീക്കര്‍ വിലക്കുകയായിരുന്നു. നോട്ടീസില്‍ നിന്ന് ഒതുങ്ങി സംസാരിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.


Dont Miss ‘ഉയരങ്ങളില്‍ എത്തുമ്പോള്‍ ചവിട്ടി നിന്ന മണ്ണിനെ മറക്കരുത്’ സുരേഷ് ഗോപിക്ക് ശ്രീധരന്‍ പിള്ളയുടെ പരസ്യവിമര്‍ശനം 


തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷം സ്പീക്കറെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഒരുകൂട്ടം ആളുകള്‍ക്ക് എന്തുമാകാമെന്നത് ശരിയല്ലെന്നും പറഞ്ഞു. ചെയറിനെ സമ്മര്‍ദ്ദത്തിലാക്കേണ്ട. സ്പീക്കര്‍ ഇടപെടേണ്ട സമയത്ത് ഇടപെടും. പ്രതിപക്ഷം പരിധി വിടുകയാണെന്നും പിണറായി പറഞ്ഞു.

സഭ എവിടെയെത്തുമെന്ന് യു.ഡി.എഫ് നേതൃത്വം ആലോചിക്കണം. ഒരു കൂട്ടം ആളുകള്‍ക്ക് എന്തുമാകാമെന്ന് അവസ്ഥ പാടില്ല. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരുടെ പോര് ഭരണത്തെ ബാധിക്കില്ല. ഉദ്യോഗസ്ഥരുടെ അഭിപ്രായ ഭിന്നത മറികടന്ന് ഭരണം കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചില കേന്ദ്രങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നു

എന്നാല്‍ സ്പീക്കറുടെ ഇടപെടലാണ് പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഭരണപക്ഷത്തെ നിയന്ത്രിക്കുന്നില്ലെന്നും സഭയുടെ അന്തസിനെ എന്നും പരിപാലിച്ചിട്ടുള്ളവരാണ് പ്രതിപക്ഷമെന്നും അദ്ദേഹം പറഞ്ഞു.