തിരുവനന്തപുരം: യു.എ.പി.എ നിയമം നടപ്പാക്കുന്നതിനോടു സര്‍ക്കാരിനു യോജിപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ട് രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതു പരിശോധിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
പരിശോധിച്ച ശേഷം സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘യു.എ.പി.എയെക്കുറിച്ചു പറയാന്‍ കോണ്‍ഗ്രസിന് അവകാശമില്ല. യു.എ.പി.എയുടെ കാര്യത്തില്‍ അടുത്തകാലത്ത് പാര്‍ലമെന്റില്‍ ഭേദഗതികള്‍ വന്നപ്പോള്‍ നാം കണ്ടത്, ബി.ജെ.പിയോടൊപ്പം കോണ്‍ഗ്രസും അതിനെ അനുകൂലിക്കുന്നതായിരുന്നു.
എന്നാല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കോ സംസ്ഥാന സര്‍ക്കാരിനോ അത്തരത്തിലൊരു നിയമം നിലനില്‍ക്കുന്നതിനോടു യോജിപ്പില്ല. ഇവിടെയുണ്ടായിട്ടുള്ളത്, രണ്ടു ചെറുപ്പക്കാരെ പൊലീസുകാര്‍ കസ്റ്റഡിയിലെടുത്തതാണ്.
അതില്‍ ഒരാളുടെ മാതാപിതാക്കള്‍ എന്നെ വന്നു കണ്ടിരുന്നു. എന്താണെന്നു പരിശോധിക്കട്ടെയെന്ന് അപ്പോള്‍ത്തന്നെ ഞാന്‍ അവരോടു പറഞ്ഞിരുന്നു.
യു.എ.പി.എ പൊലീസ് ചാര്‍ജ് ചെയ്ത ഉടനെ പ്രാബല്യത്തില്‍ വരില്ല. സര്‍ക്കാരിന്റെ പരിശോധന നടക്കണം. അതിനുപുറമേ ജസ്റ്റിസ് ഗോപിനാഥന്‍ ചെയര്‍മാനായിട്ടുള്ള ഒരു കമ്മീഷനുണ്ട്. ആ കമ്മീഷന്റെ പരിശോധനയും നടക്കണം.’- അദ്ദേഹം പറഞ്ഞു.
കോഴിക്കോട് സ്വദേശികളും സി.പി.ഐ.എം പ്രവര്‍ത്തകരുമായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തിയതില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും സി.പി.ഐ.എമ്മിനുള്ളില്‍ നിന്നും കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണു നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തെത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
യു.എ.പി.എ ചുമത്തരുതെന്നാവശ്യപ്പെട്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു.