| Wednesday, 21st April 2021, 8:17 pm

കേന്ദ്രത്തിന്റെ അപ്പസ്‌തോലന്മാരായി വന്ന് അന്തരീക്ഷം മോശമാക്കരുത്; ഉത്തരവാദിത്തത്തോടെ പെരുമാറിയാല്‍ നല്ലത്: മുരളീധരനോട് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട കേന്ദ്ര നയത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച കേരള സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനം ചെയ്യേണ്ട കാര്യങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെന്നും വാക്‌സിന്‍ നല്‍കേണ്ടത് കേന്ദ്രത്തിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ കേന്ദ്രത്തിന്റെ അപ്പസ്‌തോലന്മാരായി വന്ന് ഇവിടുത്തെ അന്തരീക്ഷം മോശമാക്കാതെ ഉത്തരവാദിത്തത്തോടെ പെരുമാറാനാണ് വി. മുരളീധരന്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ എന്താണ് പറയുന്നതെന്ന് ഒരു പിടിയുമില്ല. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുക എന്നുള്ളത് ഒഴിച്ചുകൂടാനാകാത്തതാണ്. ഇത്തരം സമയങ്ങളില്‍ വാക്‌സിന്‍ നല്‍കാനുള്ള ബാധ്യത കേന്ദ്രത്തിനുള്ളതാണ്. അതാണ് കേന്ദ്രത്തെ അറിയിച്ചത്.

സംസ്ഥാനത്തിന്റെ പ്രയോഗിക വിഷമങ്ങള്‍, അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, ഇത്രയും നീണ്ട കാലം കൊവിഡ് പ്രതിരോധത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന ബാധ്യതകളും അതുണ്ടാക്കിയ പ്രതിസന്ധികളും തുടങ്ങി നിരവധി പ്രശ്‌നങ്ങളുണ്ട്. അതിന്റെ മേലെ കൂടുതല്‍ ഭാരം സംസ്ഥാനങ്ങളുടെ പെടലിയ്ക്ക് അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല എന്നത് കേന്ദ്രത്തെ അറിയിക്കുന്നതില്‍ ഒരു രാഷ്ട്രീയവുമില്ല.

സാധാരണഗതിയില്‍ സംസ്ഥാനം ചെയ്യേണ്ട കാര്യമാണിത്. അതില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഫലപ്രദമായി ചെയ്തിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ വലിയ തോതിലുള്ള രോഗവ്യാപനം നേരിടുകയാണെന്നും അത് തടയാനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്ന അന്തരീക്ഷമാണ് ഇപ്പോള്‍ ഉണ്ടാകേണ്ടത്. വി. മുരളധീരന് മറുപടി പറഞ്ഞാല്‍ പൊതുവിലുണ്ടാകേണ്ട അന്തരീക്ഷമല്ല ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇക്കൂട്ടത്തില്‍ കേന്ദ്രത്തിന്റെ അപ്പസ്‌തോലന്മാരാണെന്ന് പറഞ്ഞ് ഇവിടെ വന്ന് ഇത്തരം വാദങ്ങള്‍ അവതരിപ്പിക്കുന്നത് ഇപ്പോള്‍ നമുക്കാവശ്യമായ യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കുകയാണ് ചെയ്യുക. അല്‍പം ഉത്തരവാദിത്തതോടെ പെരുമാറുകയാണെങ്കില്‍ നല്ലതെന്ന് മാത്രമേ ഇപ്പോള്‍ മുരളീധരനോട് പറയാനുള്ളുവെന്ന് പിണറായി വിജയന്‍ പറഞ്ഞു.

കൊവിഡ് വാക്സിന്‍ കേന്ദ്രം അയക്കുന്നത് കാത്ത് സംസ്ഥാനങ്ങള്‍ നില്‍ക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍ നേരത്തെ പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് വാക്സിന്‍ വാങ്ങണമെന്നും വി. മുരളീധരന്‍ പറഞ്ഞു.

വാക്സിന്‍ ക്ഷാമമുണ്ടെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി പരിഭ്രാന്തി പരത്തരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നാലുദിവസത്തിനകം ഏഴര ലക്ഷം വാക്സിന്‍ കേരളത്തിന് കിട്ടും. വാക്സിന്‍ നല്‍കേണ്ട ദിവസം നിശ്ചയിച്ചു കഴിഞ്ഞാല്‍ അനാവശ്യമായ തിരക്ക് കുറയ്ക്കാനാകും.

18 വയസു കഴിഞ്ഞവര്‍ക്ക് വാക്സിന്‍ കൊടുക്കുമ്പോള്‍ കൂടുതല്‍ വാക്സിന്‍ വേണ്ടി വരും. ജനങ്ങള്‍ക്ക് ആശങ്കയില്ലാത്ത വിധത്തില്‍ ഇപ്പോള്‍ വാക്സിന്‍ വിതരണം നടത്തുകയാണ് വേണ്ടത്. പരിഭ്രാന്തിയുണ്ടാക്കേണ്ട കാര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Pinarayi Vijayan responds to V Muraleedharan on Covid Vaccine

We use cookies to give you the best possible experience. Learn more