മലപ്പുറം: ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെ മേലങ്കി അണിയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷ നിലപാടുകളോട് ലീഗിന് പുച്ഛമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരൂരില്‍ സി.പി.ഐ.എം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗ് കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിയില്‍ തന്റെ അച്ഛന്റെ പേര് എന്തിന് വലിച്ചിഴച്ചെന്നും അദ്ദേഹം ഒരു ചെത്തുകാരനായിരുന്നെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘എന്റെ അച്ഛന്‍ മരണപ്പെട്ടത് ഞാന്‍ കുട്ടിയായിരിക്കുമ്പോഴാണ്. ആ അച്ഛനും വഖഫ് നിയമവും തമ്മില്‍ എന്ത് ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു വഖഫ് സംരക്ഷണ റാലിയിലെ മുദ്രാവാക്യം. അദ്ദേഹമൊരു ചെത്തുകാരനായിരുന്നു.
ചെത്തുകാരന്റെ മകനാണെന്ന് പറഞ്ഞാല്‍ എനിക്കെന്തോ ക്ഷീണമാണെന്നാണ് ലീഗിന്റെ ധാരണ. ഞാനെത്രയോ വട്ടം പറഞ്ഞതല്ലെ, ചെത്തുകാരന്റെ മകനാണ് ഞാനെന്ന്. എനിക്കതില്‍ അഭിമാനമാണുള്ളത്,” മുഖ്യമന്ത്രി പറഞ്ഞു.
ലീഗ് അടുത്ത കാലത്തായി ജമാഅത്തെ ഇസ്‌ലാമിയുടെ മേലങ്കി എടുത്തണിയാന്‍ ശ്രമിക്കുകയാണെന്നും എസ്.ഡി.പി.ഐയുടെ തീവ്രനിലപാടിലേക്ക് എത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ ലീഗ് മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന എല്ലാവരേയും പുച്ഛിക്കുകയാണ്. തങ്ങള്‍ തന്നെ ആദരിച്ചിരുന്ന മഹത് വ്യക്തികളെ ഇകഴ്ത്തി കാണിക്കുകയാണ്. ഇത് ലീഗിനെ എവിടെ എത്തിക്കുമെന്ന് ചിന്തിക്കണം,” മുഖ്യമന്ത്രി പറഞ്ഞു.
കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. നമ്മുടെ നാടിന് വേണ്ട ഒരു പദ്ധതി, നാടിന്റെ ആവശ്യം ആണെന്ന് വന്നാല്‍ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ കടമ. ഹൈവേ വികസനത്തിന് ഭൂമി വിട്ടു നല്‍കിയവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കി. കൈ നിറയെ തന്നെ. അത് പോലെ തന്നെ സില്‍വര്‍ ലൈനിലും നല്‍കും. വികസനം തടയാന്‍ ശ്രമിക്കുന്ന ക്ഷുദ്ര ജീവികളെ മനസ്സിലാക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.