ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എവിടെ? രണ്ടുപേരെയും സഭയില്‍ കാണാനില്ലല്ലോ, അടിയന്തര പ്രമേയം വഴി സോളാര്‍ ചര്‍ച്ചയാക്കാനാണ് സതീശന്റെ ഉദ്ദേശം: മുഖ്യമന്ത്രി
Kerala News
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എവിടെ? രണ്ടുപേരെയും സഭയില്‍ കാണാനില്ലല്ലോ, അടിയന്തര പ്രമേയം വഴി സോളാര്‍ ചര്‍ച്ചയാക്കാനാണ് സതീശന്റെ ഉദ്ദേശം: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th June 2022, 5:02 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് കേസിലെ അടിയന്തര പ്രമേയം വഴി സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നത്തലയും എവിടെയാണ്. അടിയന്തരപ്രമേയം ചര്‍ച്ചചെയ്യുമ്പോള്‍ രണ്ട് പേരെ സഭയില്‍ കാണാനില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

സ്വര്‍ണക്കടത്തും സോളാര്‍ കേസും തമ്മില്‍ താരതമ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സോളാര്‍ കേസെടുക്കേണ്ടിവന്നത് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ഉമ്മന്‍ചാണ്ടിയാണ് കമ്മീഷനെ നിയമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണക്കടത്ത് അന്വേഷിക്കുന്നത് കേന്ദ്ര ഏജന്‍സികളാണ്. പിന്നെ എങ്ങനെയാണ് കേസ് അട്ടിമറിക്കുന്നത്. രഹസ്യമൊഴി തിരുത്താന്‍ സര്‍ക്കാര്‍ ഇടപെട്ടെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. താന്‍ ഇടനിലക്കാരനാണെന്നത് കെട്ടുകഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

164 വകുപ്പില്‍ ആദ്യമായല്ല സ്വപ്ന മൊഴി കൊടുക്കുന്നത്. മൊഴി അന്വേഷിച്ച കസ്റ്റംസ് 2021 മാര്‍ച്ച് നാലിന് കോടതിയില്‍ സ്റ്റേറ്‌മെന്റ് നല്‍കിയതാണ്. ഒരു തെളിവിന്റെയും പിന്‍ബലം ഇല്ലാതെയാണ് വീണ്ടും രഹസ്യ മൊഴിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സ്വര്‍ണം കൊടുത്തയച്ചത് ആര്, ആര്‍ക്കുവേണ്ടി കൊടുത്തയച്ചു തുടങ്ങിയ യുക്തിസഹമായ ഒരു ചോദ്യവും കോണ്‍ഗ്രസോ ബി.ജെ.പിയോ ചോദിക്കുന്നില്ല. കാരണം ഇതിന് ഉത്തരം നല്‍കേണ്ടത് കേന്ദ്രവും കേന്ദ്ര അന്വേഷണ ഏജന്‍സികളുമാണ്. ഈ കേസിലെ ആരോപണത്തിന് പിന്നില്‍ ബി.ജെ.പിയും യു.ഡി.എഫും തമ്മിലുള്ള കൂട്ടുകച്ചവടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ കേസില്‍ പ്രതിയായ വനിതക്ക് നിലവില്‍ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നത് സംഘപരിവാര്‍ ചായ്‌വുള്ള പ്രസ്ഥാനമാണ്. ജോലിയും കാറും താമസവും സുരക്ഷയും വക്കീലുമെല്ലാം അവരുടെ വകയാണ്. സ്വപ്നയുടെ വാക്കുകള്‍ പ്രതിപക്ഷത്തിന് വേദവാക്യമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സോളര്‍ കേസില്‍ സരിതയുടെ പരാതി വാങ്ങി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതുപോലെ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ പരാതി വാങ്ങി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുമോയെന്ന് വിഷയത്തില്‍ മുഖ്യമന്ത്രിയോട് വി.ഡി.സതീശന്‍ ചോദിച്ചു. സ്വര്‍ണക്കടത്ത് കേസിന് വിശ്വാസ്യതയുണ്ടാക്കിയത് സര്‍ക്കാരിന്റെ വെപ്രാളമാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.