പറഞ്ഞത് ലീഗ് പ്രസിഡന്റായ സാദിഖലി തങ്ങളെ കുറിച്ച്; പറയരുതെന്ന് പറഞ്ഞാല്‍ ഇവിടെ ചെലവാകുമോ: മുഖ്യമന്ത്രി
Kerala News
പറഞ്ഞത് ലീഗ് പ്രസിഡന്റായ സാദിഖലി തങ്ങളെ കുറിച്ച്; പറയരുതെന്ന് പറഞ്ഞാല്‍ ഇവിടെ ചെലവാകുമോ: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th November 2024, 8:18 pm

കൊല്ലം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ വിമര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ പ്രസിഡന്റായ സാദിഖലി തങ്ങളെ കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും, അല്ലാതെ പാണക്കാടുള്ള മറ്റു തങ്ങള്‍മാരെ കുറിച്ചല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം നെടുവത്തൂര്‍ ഏരിയാ കമ്മിറ്റി ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലീഗ് നേതാവായ പാണക്കാട് സാദിഖലി തങ്ങളെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ലീഗിന്റെ ചില നേതാക്കള്‍ എനിക്കെതിരെ ഉറഞ്ഞ് തുള്ളുകയാണ്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളെക്കുറിച്ചെന്താ പറയാന്‍ പാടില്ലെ? പാണക്കാട് കുറേ തങ്ങള്‍മാരുണ്ട്. അവരെ കുറിച്ചൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ പ്രസിഡന്റായ സാദിഖലി തങ്ങളെ കുറിച്ചാണ്,’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

സാദിഖലി തങ്ങള്‍ പ്രസിഡന്റാകുന്നതിന് മുമ്പ് എപ്പോഴെങ്കിലും ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയുമായും ലീഗ് സമരസപ്പെട്ടിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഈ സംഘടനകളോട് ലീഗ് അനുകൂല നിലപാട് സ്വീകരിക്കുന്നതില്‍ സാദിഖലി തങ്ങള്‍ക്ക് പങ്കില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ചെയ്യേണ്ട കാര്യമാണോ അതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സാദിഖലി തങ്ങളെ കുറിച്ച് പറയാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ കഴിയുമോ, ഈ സമൂഹത്തില്‍ അത് ചെലവാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. തന്റെ പരാമര്‍ശത്തില്‍ പ്രകോപിച്ചുള്ള പ്രതികരണങ്ങള്‍ ആരുടെ ഭാഷയാണെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏതൊരു വര്‍ഗീയതയും മറ്റൊരു വര്‍ഗീയതയെ ശക്തിപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വര്‍ഗീയതയോട് ഒരു വിട്ടുവീഴ്ചയില്ലെന്നും ജമാഅത്തെ ഇസ്‌ലാമിയെയും എസ്.ഡി.പി.ഐയെയും മാത്രമല്ല, ആര്‍.എസ്.എസിനെയും തങ്ങള്‍ എതിര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കേന്ദ്രസഹായം ലഭിച്ചില്ലെങ്കിലും പുനരധിവാസം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ കലാപത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു.

മണിപ്പൂരില്‍ ഒരു സര്‍ക്കാരുണ്ടോ എന്ന ചോദ്യം ഉന്നയിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബി.ജെ.പിയുടേയും സംരക്ഷണയിലാണ് മണിപ്പൂര്‍ മുഖ്യമന്ത്രി. മണിപ്പൂരില്‍ യുദ്ധത്തിന് സമാനമായ സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും മുസ്‌ലിം ലീഗും രംഗത്തെത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ച് ഇടതുപക്ഷ നേതാക്കളും പ്രതികരിച്ചിരുന്നു.

സാദിഖലി തങ്ങള്‍ മുന്‍ പാണക്കാട് തങ്ങളെ പോലെ അല്ലെന്നും, അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകനെന്ന നിലയിലാണ് മുന്നോട്ടുപോകുന്നതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

Content Highlight: Pinarayi Vijayan responded to the controversy related to the criticism against Panakkad Sadikhali Shihab