ഞങ്ങള്‍ പള്ളികള്‍ക്ക് കാവല്‍ നിന്നപ്പോള്‍ ആര്‍.എസ്.എസ്. ശാഖക്ക് കാവല്‍ നിന്നവരാണ് കോണ്‍ഗ്രസുകാര്‍: പിണറായി വിജയന്‍
Kerala News
ഞങ്ങള്‍ പള്ളികള്‍ക്ക് കാവല്‍ നിന്നപ്പോള്‍ ആര്‍.എസ്.എസ്. ശാഖക്ക് കാവല്‍ നിന്നവരാണ് കോണ്‍ഗ്രസുകാര്‍: പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th September 2024, 7:28 pm

തിരുവനന്തപുരം: ആര്‍.എസ്.എസിനെ പ്രീണിപ്പിക്കേണ്ട ആവശ്യം സി.പി.ഐ.എമ്മിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ സി.പി.ഐ.എം-ആര്‍.എസ്.എസ് ബന്ധമെന്ന പ്രചരണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം കോവളത്ത് സി.പി.ഐ.എം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായാണ് മുഖ്യമന്ത്രി ഈ വിവാദങ്ങളോട് പ്രതികരിക്കുന്നത്.

ആര്‍.എസ്.എസിനെ പ്രീണിപ്പിക്കേണ്ട ഒരു ഘട്ടം സി.പി.ഐ.എമ്മിനുണ്ടായിട്ടില്ലെന്നും ആര്‍.എസ്.എസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജീവന്‍ നഷ്ടപ്പെട്ടവരുടെ പാര്‍ട്ടിയാണ് സി.പി.ഐ.എമ്മെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ്. ശാഖക്ക് കാവല്‍ നിന്നിരുന്നു എന്ന് അഭിമാനപൂര്‍വം പറഞ്ഞയാളാണ് കെ.പി.സി.സി അധ്യക്ഷനെന്നും അദ്ദേഹം പറഞ്ഞു.

തലശ്ശേരി കലാപം ഓര്‍മിപ്പിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം തുടര്‍ന്നത്. ന്യൂനപക്ഷ ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍ വരുന്ന ആര്‍.എസ്.എസുകാരില്‍ നിന്ന് അവ സംരക്ഷിക്കാന്‍ വേണ്ടി കാവല്‍ നിന്നവരാണ് കമ്യൂണിസ്റ്റുകാരെന്നും അദ്ദേഹം പറഞ്ഞു. പെരുവമ്പായി പള്ളിക്ക് കാവല്‍ നിന്ന യു.കെ. കുഞ്ഞിരാമനെയും അദ്ദേഹം ആര്‍.എസ്.എസിനെ പ്രതിരോധിച്ചതിന്റെയും ചരിത്രം മുഖ്യമന്ത്രി പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.

തലശ്ശേരി കലാപത്തില്‍ ആഭരണങ്ങളും പണവും എല്ലാം നഷ്ടപ്പെട്ടവരുണ്ടെന്നും എന്നാല്‍ ജീവന്‍ നഷ്ടപ്പെട്ടത് തങ്ങള്‍ക്ക് മാത്രമായിരുന്നു എന്നും യു.കെ. കുഞ്ഞിരാമന്റെ രക്തസാക്ഷിത്വത്തെ ഓര്‍മിപ്പിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. മലയാള മനേരമക്ക് ഈ ചരിത്രം ഓര്‍മയില്ലേ എന്നും അദ്ദേഹം ചോദിച്ചു. പ്രസംഗത്തിലുടനീളം അദ്ദേഹം മലയാള മനോരമയെ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്തു.

കമ്യൂണിസ്റ്റുകാര്‍ പള്ളികള്‍ക്ക് കാവല്‍ നിന്നപ്പോള്‍ ആര്‍.എസ്.എസിന്റെ ശാഖക്ക് കാവല്‍ നിന്നവരാണ് കോണ്‍ഗ്രസുകാരെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാളമനോരമക്ക് ഈ ചരിത്രം അറിയാതിരിക്കാന്‍ വഴിയില്ലെന്നും ആ വ്യത്യാസം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഗോള്‍വാര്‍ക്കറുടെ ജന്മശദാബ്ദി ആഘോഷത്തില്‍ പങ്കെടുത്തതിനെയും മുഖ്യമന്ത്രി പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. ഗോള്‍വാര്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ തിരികൊളുത്തി വണങ്ങുന്ന ചിത്രം ആരുടേതായിരുന്നു എന്ന് മലയാള മനോരമ ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ആര്‍.എസ്.എസിന്റെ ഏറ്റവും മുതിര്‍ന്ന നേതാവ് പി. പരമേശ്വരന്റെ പുസ്തക പ്രകാശനം തൃശൂരില്‍ നടത്തിയത് ആരായിരുന്നു എന്ന് മനോരമ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ്. സര്‍ സംഘ ചാലകായിരുന്നു മധുകര്‍ ധത്താത്രേയ ഡിയോറസുമായി 1984ല്‍ രാജീവ് ഗാന്ധി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയതിനെയും മുഖ്യമന്ത്രി പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. ബാബരി മസ്ജിദില്‍ സംഘപരിവാറിന്റെ സമ്മര്‍ദത്തിന് വഴങ്ങി രാംലല്ല ആരാധകര്‍ക്ക് തുറന്നു നല്‍കിയത് രാജീവ് ഗാന്ധി ആയിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.

ഈ രീതിയില്‍ ചരിത്രത്തില്‍ കോണ്‍ഗ്രസും ആര്‍.എസ്.എസും തമ്മിലുണ്ടായിരുന്ന ബന്ധത്തെ ഓര്‍മിപ്പിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. പ്രസംഗത്തിലുടനീളം മലയാള മനോരമയെ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്‌തെങ്കിലും എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നും മുഖ്യമന്ത്രി നടത്തിയില്ല. സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വേദിയിലുണ്ടായിരുന്നു.

content highlights: Pinarayi vijayan responded for the first time to the rumors of CPI-M-RSS nexus.