തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷെഹ്‌ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ അനാസ്ഥ കാട്ടിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഷെഹ്‌ല ഷെറിന്റെ മരണത്തില്‍ അനാസ്ഥയോ അലംഭാവമോ കാട്ടിയവര്‍ക്കുമേല്‍ യുക്തമായ നടപടി ഉറപ്പാക്കാന്‍ ഇടപെടുമെന്നും കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കണം, അടിയന്തരമായി ചെയ്യേണ്ടത് എന്തൊക്കെ എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടവരാണ് അധ്യാപകര്‍. ഇവിടെ കുട്ടികള്‍ പറയുന്നത്, തങ്ങള്‍ ആവശ്യപ്പെട്ടിട്ടും ചില അധ്യാപകര്‍ ഷെഹ്‌ല ഷെറിനെ വേണ്ട സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ തയാറായില്ല എന്നാണ്. രക്ഷിതാക്കള്‍ എത്തിയ ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും ഈ കുട്ടികള്‍ പറയുന്നുണ്ട്.’ മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
വിദ്യാര്‍ഥിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയിട്ടുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞിരുന്നു. ഇത് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത് കൊണ്ടാണ് അധ്യാപകനെ സസ്പെന്റ് ചെയ്തതെന്നും മന്ത്രി പറഞ്ഞിരുന്നു. മറ്റുള്ള അധ്യാപകരുടെ പങ്ക് പരിശോധിച്ച് ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
വിദ്യാര്‍ഥിയെ യഥാസമയം ആശുപത്രിയിലെത്തിക്കുന്നതില്‍ അലംഭാവം കാണിച്ച അധ്യാപകനായ ഷജിലിനെയാണ് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.
ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷെഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും ക്ലാസ് മുറികള്‍ വേണ്ടവിധത്തില്‍ പരിപാലിക്കാത്തതുമാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമായതെന്ന് സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പാമ്പ് കടിയേറ്റതാണെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടും കുട്ടിയുടെ പിതാവ് വന്ന ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുള്‍ അസീസിന്റെയും സജ്‌നയുടെയും മകളാണ് ഷെഹ്‌ല ഷെറിന്‍.