കോഴിക്കോട് : ലോഡ്ഡ്ഷെഡ്ഡിങ് ഒരിക്കല്‍ പോലുമുണ്ടാവാത്ത അഞ്ച് വര്‍ഷത്തെ ഓര്‍ത്ത് അസൂയയാണ് പ്രതിപക്ഷ നേതാവിനെന്നും അതിന് വൈദ്യുതി ബോര്‍ഡിന്റെ ഇടപെടലുകളെ താറടിച്ച് കാണിക്കുകയാണ് ചെന്നിത്തലയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രതിപക്ഷ നേതാവ് കെ.എസ്.ഇ.ബിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
അദാനിക്ക് വൈദ്യുതിവിതരണ കരാറാണോ നേരത്തെ കരുതിവച്ച ബോംബെന്ന് ചെന്നിത്തലയോട് മുഖ്യമന്ത്രി ചോദിച്ചു. അങ്ങനെയെങ്കില്‍ അത് ചീറ്റിപ്പോയെന്നും എല്ലാ കരാറുകളും കെ.എസ്.ഇ.ബി വെബ്സൈറ്റിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോഡ്ഡ്ഷെഡ്ഡിങ് ഒരിക്കല്‍ പോലുമുണ്ടാവാത്ത അഞ്ച് വര്‍ഷത്തെ ഓര്‍ത്ത് അസൂയയാണ് പ്രതിപക്ഷ നേതാവിനെന്നും അതിന് വൈദ്യുതി ബോര്‍ഡിന്റെ ഇടപെടലുകളെ താറടിച്ച് കാണിക്കുകയാണോ വേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുളള കരാറില്‍ കെ.എസ്.ഇ.ബി. ഏര്‍പ്പെട്ടുവെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഇതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രളയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി.
‘പ്രളയവുമായി ബന്ധപ്പെട്ട് ജലകമ്മീഷന്റെയും മദ്രാസ് ഐ.ഐ.ടിയുടെയും പഠന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ രണ്ട് റിപ്പോര്‍ട്ടുകളും വെള്ളപ്പൊക്കത്തിന് കാരണമായത് അതി തീവ്ര മഴയാണെന്നും ഫലപ്രദമായ ഡാം മാനേജ്മെന്റ മൂലം പ്രളയത്തില്‍ ആഘാതത്തില്‍ കുറവ് വന്നെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഐ.ഐ.ടി റിപ്പോര്‍ട്ട് അന്താരാഷ്ട്ര ശാസ്ത്ര ജേണലായ കറന്റ് സയന്‍സില്‍ പ്രസിദ്ധപ്പെടുത്തിയതുമാണ്. ആധികാരികമായ പഠനം നടന്നു കഴിഞ്ഞ വിഷയമാണ്’. ആ പഠനത്തെ കുറിച്ചൊന്നും പരാമര്‍ശിക്കുകയോ പഠിക്കുകയോ ചെയ്യാതെ ഇപ്പോഴത്തെ പഠനം വരുന്നത് തീര്‍ത്തും സംശയകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനമല്ല, ഇരട്ടവോട്ട് ചര്‍ച്ച ചെയ്യാം എന്നാണ് യു.ഡി.എഫ് വാദിക്കുന്നത്. വോട്ടു ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചെയ്യേണ്ടത്. അതിനുള്ള ഭരണഘടനാപരമായ അധികാരം കമ്മീഷനാണ്. ഇരട്ടിപ്പുണ്ടെങ്കില്‍ ഒഴിവാക്കപ്പെടണം എന്നതില്‍ ആര്‍ക്കും വ്യത്യസ്ത അഭിപ്രായമില്ല. അപാകതകള്‍ കണ്ടെത്തി തിരുത്തപ്പെടുകയാണ് വേണ്ടത്. ഇടതുപക്ഷം പ്രാദേശികതലത്തില്‍ അതിന് ശ്രമിക്കുന്നുണ്ട്. യു.ഡി.എഫ് അത് പ്രായോഗികതലത്തില്‍ വിനിയോഗിച്ചിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
പ്രതിപക്ഷ നേതാവ് നാലുലക്ഷത്തിലധികം പേരുകള്‍ പ്രസിദ്ധീകരിച്ച് അവരെ കള്ളവോട്ടര്‍മാരായി ചിത്രീകരിച്ചിരിക്കുന്നു. ഒരേ പേരുള്ളവര്‍, സമാനമായ പേരുള്ളവര്‍, ഇരട്ടസഹോദരങ്ങള്‍ ഇവരൊക്കെ അദ്ദേഹത്തിന്റെ കണ്ണില്‍ കള്ളവോട്ടര്‍മാരാണ്. പലതരത്തില്‍ ഇരട്ടവോട്ട് വരാറുണ്ട്. വിവാഹം കഴിച്ച് പോയ യുവതി ഭര്‍ത്താവിന്റെ സ്ഥലത്ത് വോട്ടുചേര്‍ത്താലും, സാങ്കേതിക കാരണങ്ങളാല്‍ ചിലപ്പോള്‍ ആദ്യസ്ഥലത്തെ പട്ടികയിലും പേരു കണ്ടേക്കാം. അതുകൊണ്ടുമാത്രം ആ യുവതി വ്യാജവോട്ടര്‍ ആയി എന്നുപറയാനാകുമോ ? രണ്ട് സ്ഥലത്ത് വോട്ടുചെയ്യാന്‍ പാടില്ല. രണ്ടു സ്ഥലത്ത് വോട്ടുചെയ്യാതെ നോക്കണം. അതാണ് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡാറ്റാ സുരക്ഷിതത്വം, സ്വകാര്യത എന്നിവ വിളിച്ചു പറഞ്ഞയാള്‍ ഇപ്പോള്‍ സ്വീകരിച്ച നടപടി എന്താണ്. പരാജയ ഭീതി ഉണ്ടാകുമ്പോള്‍ ഇത്തരം കാര്യങ്ങളുമായി പുറപ്പെടാമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കൊവിഡ് രോഗ വിശകലനത്തിന് ഡാറ്റാ ശേഖരിച്ചപ്പോള്‍ വിമര്‍ശിച്ചത് പ്രതിപക്ഷ നേതാവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ത്രിപുരയില്‍ നടത്തിയ തെരഞ്ഞെടുപ്പ് അട്ടിമറി കേരളത്തില്‍ ആവര്‍ത്തിക്കുമെന്നാണ് ബി.ജെ.പി നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വളരെ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഒരു സീറ്റില്‍ പോലും വിജയസാധ്യത ഉറപ്പിക്കാന്‍ പറ്റാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. എന്നിട്ടുപോലും ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ കേരളത്തില്‍ തമ്പടിച്ച് ഇത്തരം ഭീഷണികള്‍ മുഴക്കുന്നത് എന്ത് ഉദ്ദേശത്തിലാണ് എന്നത് കൗതുകകരമാണ്. അട്ടിമറി നടത്തിക്കളയാം എന്നു കരുതിയാണ് ഈ പുറപ്പാടെങ്കില്‍ സംഘപരിവാര്‍ സ്വപ്നം കാണാത്ത തിരിച്ചടി കേരളം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്‍.എസ്.എസിന്റെ വര്‍ഗീയ നീക്കങ്ങള്‍ക്ക് വളര്‍ന്നുപൊങ്ങാന്‍ പറ്റിയ ഇടമല്ല കേരളം. ഒരു വര്‍ഗീയതയേയും ജനങ്ങള്‍ പിന്തുണയ്ക്കില്ല എന്ന് തെരഞ്ഞെടുപ്പ് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുക തന്നെ ചെയ്യും. ത്രിപുരയില്‍ കോണ്‍ഗ്രസിനെ അപ്പാടെ വിഴുങ്ങിയാണ് ബി.ജെ.പി തടിച്ചു ചീര്‍ത്തത്. ഇവിടെ കോണ്‍ഗ്രസും ലീഗും ചേര്‍ന്നുകൊണ്ട് അത്തരം നീക്കങ്ങള്‍ നടത്തിയപ്പോള്‍ ജനങ്ങള്‍ അത് ചെറുത്ത് തോല്‍പ്പിക്കുകയും എല്‍.ഡി.എഫിനോടൊപ്പം അണിനിരക്കുകയും ചെയ്തത് ചരിത്രമാണ്.
കോലീബി എന്ന പരസ്യ സഖ്യത്തെ നിലംതൊടീക്കാതെ നാടുകടത്തിയ കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് പുത്തന്‍ അവസരവാദ സഖ്യത്തിന്റെ എല്ലാ വ്യാമോഹങ്ങളും അറബിക്കടലിലേക്ക് വലിച്ചെറിയുമെന്നും പിണറായി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Pinarayi Vijayan Reply To Ramesh Chennithala