തിരുവനന്തപുരം: മുഖ്യമന്ത്രിക്കസേരയുടെ മഹത്വം മനസിലാക്കി പെരുമാറണമെന്ന കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനത്തിന് മറുപടിയുമായി പിണറായി വിജയന്‍. ഇരിക്കുന്ന കസേരയെക്കുറിച്ച് നല്ല ഓര്‍മ്മയുണ്ട്, അല്ലായിരുന്നെങ്കില്‍ പല കാര്യങ്ങളും എനിക്ക് അങ്ങോട്ട് പറയാനുണ്ടായിരുന്നെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘ഞാന്‍ ഇരിക്കുന്ന കസേരയെക്കുറിച്ച് എനിക്ക് നല്ല ഓര്‍മ്മയുണ്ട്, അല്ലായിരുന്നെങ്കില്‍ പല കാര്യങ്ങളും എനിക്ക് അങ്ങോട്ട് പറയാനുണ്ടായിരുന്നു. അതല്ല, ഈ പരിമിതിക്കകത്ത് നിന്നുകൊണ്ട് മാത്രമേ ഞാനിപ്പോള്‍ സംസാരിക്കുന്നുള്ളു’, പിണറായി വിജയന്‍ പറഞ്ഞു.
കോണ്‍ഗ്രസുകാരുടെ കൈയില്‍ പൈസയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. അവരുടെ കൈയിലുള്ള പൈസ അവരുടെ കൈയില്‍ തന്നെ നില്‍ക്കട്ടെയെന്നും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാന്‍ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നം കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാന സര്‍ക്കാര്‍ അതില്‍ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുടിയേറ്റ തൊഴിലാളികളുടെം മടക്കത്തിനുള്ള തുക നല്‍കാമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തെ സംസ്ഥാനം നിഷേധിച്ചതിന് പിന്നാലെയായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. സംസ്ഥാനത്തെ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ ധൂര്‍ത്താണെന്നും കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള പണം നല്‍കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തിരുവനന്തപുരം കളക്ടറും മോശമായാണ് പെരുമാറിയെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.