തിരുവനന്തപുരം: വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ കേരളത്തെ ദേശീയ തലത്തില്‍ കുറച്ച് കാണിക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി. കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞതായി മാധ്യമങ്ങളില്‍ വരുന്ന കണക്കുകള്‍ സത്യമല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊവിഡ് വാക്‌സിന്‍ നല്‍കിയതില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം കൃത്യമായി വാക്‌സിന്‍ തന്നാല്‍ 3 മാസത്തിനകം 60 % പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
കേന്ദ്ര ആരോഗ്യവകുപ്പ് പറഞ്ഞു എന്ന് പറഞ്ഞ് വാക്‌സിനുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ചില കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ വ്യക്തത വരുത്താനാണ് ഇത് പറയുന്നത്.
ഇന്ത്യയില്‍ 130 കോടി ജനങ്ങളില്‍ 331,776,050 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 8,88,16,031 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയിരിക്കുന്നത്. അങ്ങനെ 420,5,92,081 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതായത് ജനസംഖ്യാടിസ്ഥാനത്തില്‍ 25.52 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 6.83 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ 2021ലെ ജനസംഖ്യാടിസ്ഥാനത്തില്‍ 35.51 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 14.94 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണല്ലോ.
സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരില്‍ 100 ശതമാനം പേരും ഒന്നാം ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. 82 ശതമാനം പേര്‍ രണ്ടാം ഡോസ് എടുത്തിട്ടുണ്ട്.
ഒന്നാം ഡോസ് എടുത്ത 100 ശതമാനം എന്ന് പറയുന്നത്, 546,656 പേരാണ്. രണ്ടാം ഡോസ് എടുത്തത് 445815 പേരാണ്. രണ്ടാം ഡോസ് എടുക്കുന്നതിന് 12 ആഴ്ചയുടെ കാലാവധിയുണ്ട്.
അതുകൊണ്ടാണ് രണ്ടാം ഡോസ് 100 ശതമാനം പേര്‍ക്കും എടുക്കാന്‍ സാധിക്കാത്തത്. മുന്നണി പോരാളികളില്‍ എകദേശം 100 ശതമാനം പേരും ഒന്നാം ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. 81 ശതമാനം പേര്‍ രണ്ടാംഡോസും എടുത്തിട്ടുണ്ട്.
18 വയസ്സിനും 44 വയസ്സിനും ഇടയില്‍ പ്രായമുള്ള വിഭാഗത്തിന് 18 ശതമാനം പേര്‍ക്ക് (2743023)ഒന്നാം ഡോസ് ലഭിച്ചിട്ടുണ്ട്. രണ്ടാം ഡോസ് കിട്ടിയത് 2,25,549 പേര്‍ക്കാണ്.
18-44 വയസ്സുവരെയുള്ളവരില്‍ ആദ്യഘട്ടത്തില്‍ മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍, അനുബന്ധ രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ജൂണ്‍ 21 മുതല്‍ കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരമാണ് 18-45 വയസ്സുവരെ പ്രായമുള്ളവരെ വാക്‌സിനേഷന്‍ ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. 45 വയസ്സിന് ശേഷമുള്ള 77 ശതമാനം (84,90866) പേര്‍ക്ക് ഒന്നാം ഡോസും 35 ശതമാനം പേര്‍ക്ക് (39,60,366) പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയത്.
വാക്‌സിനേഷന്‍ സംബന്ധിക്കുന്ന വിവരങ്ങള്‍ ദിവസവും പ്രസിദ്ധീകരിക്കുന്ന കൊവിഡ് വാക്‌സിനേഷന്‍ ബുള്ളറ്റിനില്‍ ലഭ്യമാണ്.
സംസ്ഥാനത്ത് 4,99,000 വാക്‌സിനാണ് ബാക്കിയുള്ളത്. ഏതോ ചിലര്‍ 10 ലക്ഷം വാക്‌സിന്‍ ഇവിടെ ബാക്കിയുണ്ടെന്നാണ് പറയുന്നത്. ശരാശരി രണ്ട് മുതല്‍ രണ്ടര ലക്ഷം വാക്‌സിന്‍ വരെ ദിവസവും എടുക്കുന്നുണ്ട്. ആ നിലയ്ക്ക് നോക്കിയാല്‍ കയ്യില്‍ ഉള്ള വാക്‌സിന്‍ ഇന്നും നാളെയുംകൊണ്ട് തീരും.
നമ്മുടെ സംസ്ഥാനത്തെ ഈ നിലയില്‍ കുറച്ച് കാണിക്കാനുള്ള ശ്രമം ദേശീയ തലത്തില്‍ നടന്നതുകൊണ്ടാണ് കണക്കുകള്‍ ഒന്നു കൂടി പറയേണ്ടി വന്നത്. കിട്ടിയ ഡോസിനേക്കാള്‍ കൂടുതല്‍ വാക്‌സിന്‍ കൊടുത്തു എന്നതാണ് കേന്ദ്രം തന്നെ കേരളത്തെ അനുമോദിച്ച് പറഞ്ഞത്. കേന്ദ്രം കൃത്യമായി വാക്‌സിന്‍ തന്നാല്‍ 3 മാസത്തിനകം 60 % പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.