| Monday, 8th March 2021, 7:10 pm

കൊലക്കുറ്റത്തിന് കുറ്റപത്രത്തില്‍ പേര് വന്നത് ആരുടെയാണെന്ന് മറന്നുപോയോ? ഇവിടെയുള്ളവരെ നീതിബോധം പഠിപ്പിക്കേണ്ട; അമിത് ഷായോട് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം അമിത്ഷാ മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് കണ്ണൂരില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

അമിത്ഷാ വര്‍ഗീയതയുടെ ആള്‍രൂപമാണെന്നും അമിത് ഷായുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള കേസുകളും വിശദീകരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

നാടിനെ അപമാനിക്കുന്ന പരാമര്‍ശമാണ് അമിത്ഷാ പറഞ്ഞത്. എന്നാല്‍ കേരളത്തെ അപമാനിക്കുമ്പോള്‍ കോണ്‍ഗ്രസ് ഒരു മറുപടിയും പറയില്ല. കാരണം അവര്‍ ഒരു കൂട്ടാണ്.

രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നപ്പോള്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധുപ്പെട്ട് പറഞ്ഞത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നില്ലെന്നാണ്. കേന്ദ്ര ഏജന്‍സികള്‍ ആവുന്നതെല്ലാം ചെയ്യുമ്പോഴാണ് അവര്‍ അത് ചെയ്യുന്നത്.

രണ്ട് കൂട്ടരും എല്‍.ഡി.എഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ വേണ്ടി ശ്രമിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.

കേന്ദ്ര ആഭ്യന്ത്ര മന്ത്രിയാണല്ലോ അമിത്ഷാ. നേരത്തെ ഉള്ള അമിത്ഷാ അല്ലല്ലോ. എന്നാല്‍ ഒരു ആഭ്യന്തര മന്ത്രി ആയിട്ടല്ലല്ലോ അദ്ദേഹം സംസാരിക്കുന്നത്.

സ്ഥാനത്ത് നിന്നാല്‍ മാത്രമേ ആദരവ് അദ്ദേഹത്തിന് തിരിച്ചു കിട്ടൂ. അമിത്ഷായുടെ പ്രസംഗത്തിലുടനീളം വലിയ തോതില്‍ വര്‍ഗീയ പ്രയോഗങ്ങളാണ് വന്നുകൊണ്ടിരുന്നത്. അതിനിടക്ക് മുസ്‌ലിം എന്നു പേര് ഉച്ചരിക്കേണ്ടി വരുമ്പോള്‍ അതിന് വല്ലാത്തൊരു കനം വരുന്നുണ്ട്.

വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത്ഷായെന്ന് ആര്‍ക്കും അറിയാത്തതല്ല, വര്‍ഗീയത ഏതെല്ലാം തരത്തില്‍ വളര്‍ത്തെയടുക്കാന്‍ പറ്റും അതെല്ലാം ചെയ്യുന്നയാളാണ്.

ആഭ്യന്തര മന്ത്രിയായെങ്കിലും വര്‍ഗീയത പറയുന്നതില്‍ നിന്ന് ഒരു മാറ്റവും ഷായ്ക്ക് വന്നിട്ടില്ല. എന്നോട് കുറെ ചോദ്യങ്ങള്‍ ചോദിച്ചല്ലോ.

ഞാന്‍ ഏതെങ്കിലും തട്ടിക്കൊണ്ടു പോകലിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടില്ല, കൊലപാതകം, അപഹരണം, നിയമ വിരുദ്ധമായ പിന്തുടരുലുകള്‍ എന്നിവ നേരിടേണ്ടി വന്നത് ആര്‍ക്കായിരുന്നു എന്ന് അമിത് ഷാ സ്വയം ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നത് നന്നാവും.

ഇപ്പോള്‍ നിങ്ങള്‍ ശ്രമിക്കുന്നത് പോലെ അതൊന്നും കെട്ടിച്ചമച്ചതായിരുന്നില്ല.

സംശയാസ്പദമായ മരണത്തെക്കുറിച്ച് പരാമര്‍ശിച്ചല്ലോ. അത് ഏതാണെന്ന് അദ്ദേഹം പറയട്ടെ. ഏതാണെന്ന് പറഞ്ഞാല്‍ കാര്യങ്ങള്‍ എന്താണെന്നുള്ളത് അന്വേഷിക്കാം. പക്ഷെ പുകമറ സൃഷ്ടിക്കാന്‍ നോക്കരുത്. ഏത് സംഭവം നടന്നാലും കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരള പൊലീസ് അന്വേഷിക്കുന്നതാണ്. ഇത്തരത്തിലുള്ള അക്രമങ്ങള്‍ നടക്കുമ്പോള്‍ അതില്‍ ഏതെങ്കിലും തരത്തില്‍ സംരക്ഷിക്കപ്പെടേണ്ടവര്‍ ഇല്ല എന്ന സമീപനമാണ് കേരളത്തില്‍ സ്വീകരിച്ചു പോന്നിട്ടുള്ളത്.

ദുരൂഹ മരണത്തെക്കുറിച്ച് അദ്ദേഹം പറയുമ്പോള്‍, 2010 ലെ സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക്, അദ്ദേഹത്തിന്റെ ഭാര്യ കൗസര്‍ബി, പങ്കാളി തുളസീറാം പ്രജാപതി ഇതൊക്കെ എന്താണ്? വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍…നേരെ വെടിവെച്ച് കൊല്ലല്‍ ആയിരുന്നു.

ആ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ പേരില്‍ ആര്‍ക്കെതിരെയാണ് കുറ്റപത്രം രജിസ്റ്റര്‍ ചെയ്തത്? അത്രവലിയ മറവി അമിത്ഷായ്ക്ക് ഉണ്ടാവില്ലല്ലോ. അന്നത്തെ ആ കേസില്‍ ചാര്‍ജ് ചെയ്യപ്പെട്ട ആളുടെ പേര് അമിത്ഷാ എന്നായിരുന്നു.

ഓര്‍മയില്ലേങ്കില്‍ ഓര്‍മിക്ക്, ഇവിടെ വന്ന് ഞങ്ങളെ നീതി ബോധം നല്‍കാന്‍ നില്‍ക്കണ്ട. ആ കേസ് കേള്‍ക്കാനിരുന്ന സി.ബി.ഐ ബി. എച്ച് ലോയ ആ കേസ് കേള്‍ക്കുന്നതിന് മുമ്പ് 2014ല്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രമക്കേടുണ്ടെന്ന ആരോപണമുണ്ട്. ഇപ്പോളും അദ്ദേഹത്തിന്റെ കുടുംബം നീതിക്ക് വേണ്ടി കാത്തിരിക്കുകയാണ്. അദ്ദേഹത്തിനോ ബി.ജെ.പിയുടെ ഒരു നേതാവിനോ ഇതിനെക്കുറിച്ച് മിണ്ടാന്‍ സാധിക്കുമോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinarayi Vijayan Reply to Amit shah

Latest Stories

We use cookies to give you the best possible experience. Learn more