| Friday, 5th February 2021, 6:44 pm

'സുധാകരന്റെ പരാമര്‍ശത്തില്‍ അപമാനം തോന്നുന്നില്ല, ചെത്തുകാരന്റെ മകനായതില്‍ അഭിമാനം': പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചെത്തുകാരന്റെ മകനെന്നതില്‍ തനിക്ക് അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ചെത്തുകാരന്റെ മകനെന്നതില്‍ അഭിമാനമുണ്ട്. കെ. സുധാകരന്‍ ആക്ഷേപിച്ചതായി കരുതുന്നില്ല. പരാമര്‍ശത്തില്‍ അപമാനമോ ജാള്യതയോ തോന്നുന്നില്ല. അച്ഛനും സഹോദരന്‍മാരും ചെത്തുതൊഴിലാളികള്‍, പിണറായി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകന്‍ എന്ന് വിളിച്ച് കോണ്‍ഗ്രസ് എം.പി കെ.സുധാകരന്‍ രംഗത്തെത്തിയത്.
യു.ഡി.എഫിന്റെ ഐശ്വര്യ കേരളയാത്രയ്ക്ക് തലശേരിയില്‍ ഒരുക്കിയ സ്വീകരണ യോഗത്തിലാണ് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ .സുധാകരന്‍ എം.പി വിവാദ പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബ പശ്ചാത്തലത്തെ കുറിച്ച് പറഞ്ഞായിരുന്നു സുധാകരന്‍ രംഗത്തെത്തിയത്.

പിണറായി വിജയന്‍ ആരാ… എനിക്കും നിങ്ങള്‍ക്കും അറിയാം. പിണറായിയുടെ കുടുംബം എന്താ…ചെത്തുകാരന്റെ കുടുംബമാണ്.

ആ ചെത്തുകാരന്റെ കുടുംബത്തില്‍ നിന്നും അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ ചെങ്കൊടി പിടിച്ച് നേതൃത്വം കൊടുത്ത പിണറായി വിജയന്‍ എവിടെ…പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍, ചെത്തുകാരന്റെ വീട്ടില്‍ നിന്നും ഉയര്‍ന്നുവന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്ററെടുത്ത, കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

നിങ്ങള്‍ക്ക് അഭിമാനമാണോ.. അപമാനമാണോ എന്ന് സി.പി.ഐ.എമ്മിന്റെ നല്ലവരായ പ്രവര്‍ത്തകര്‍ ചിന്തിക്കണം എന്നായിരുന്നു സുധാകരന്റെ പ്രസംഗം. ഇത് വിവാദമാകുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ സുധാകരനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് എം.എല്‍.എ ഷാനിമോള്‍ ഉസ്മാനും രംഗത്തെത്തിയിരുന്നു.

അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. മാധ്യമപ്രവര്‍ത്തകര്‍ സുധാകരന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

സുധാകരന്റെ പരാമര്‍ശത്തോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്നാണ് ഷാനിമോള്‍ പറഞ്ഞത്. പിന്നീട് വിഷയത്തില്‍ ക്ഷമാപണം നടത്തി ഷാനിമോള്‍ ഉസ്മാന്‍ രംഗത്തെത്തുകയായിരുന്നു.

കെ സുധാകരന്‍ എം.പി നടത്തിയ ഒരു പ്രസംഗത്തോടനുബന്ധിച്ചു ഒരു ചാനലില്‍ നല്‍കിയ പ്രതികരണം വിവാദമായതില്‍ വലിയ വിഷമമുണ്ടെന്നും പെട്ടെന്ന് പ്രതികരിച്ചത് തന്റെ പിഴവാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

കെ.സുധാകരന് ഉണ്ടായ വ്യക്തിപരമായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നെന്നും ഒപ്പം തന്റെ പ്രതികരണത്തിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായ പ്രയാസത്തില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും ഷാനിമോള്‍ പറഞ്ഞു.

നേരത്തെ സുധാകരന്റെ പരാമര്‍ശത്തിനെതിരെ രംഗത്ത് എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിലപാട് മാറ്റിയിരുന്നു.
താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചതാണെന്നും സുധാകരന്‍ അത്തരമൊരു പ്രതികരണം നടത്തിയിട്ടില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.


Content Highlights: Pinarayi Vijayan Replies K Sudakaran

We use cookies to give you the best possible experience. Learn more