| Monday, 5th November 2018, 6:24 pm

നുണ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ ആര്‍.എസ്.എസിനോട് മല്‍സരിക്കാന്‍ ആര്‍ക്കും കഴിയില്ല; ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിലൂടെ പുറത്തു വന്നത് സംഘപരിവാര്‍ അജണ്ട: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിലൂടെ പുറത്തു വന്നത് സംഘപരിവാര്‍ അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികളുടെ പേരില്‍ കേരളത്തില്‍ കലാപമുണ്ടാക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് ശ്രീധരന്‍പിള്ള തന്നെ വ്യക്തമാക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പിയുടെ രാഷ്ട്രീയ ഇടപെടലാണ് ശബരിമല പ്രക്ഷോഭത്തില്‍ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. നുണ പ്രചരിപ്പിക്കുന്ന കാര്യത്തില്‍ ആര്‍.എസ്.എസിനോട് മല്‍സരിക്കാന്‍ ആര്‍ക്കും കഴിയില്ല. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇവരുടെ ശ്രമമെന്നും പിണറായി ആരോപിച്ചു.


സംഘപരിവാര്‍ മുന്നോട്ടു വെച്ച അജണ്ടയില്‍ അടിയറവ് പറഞ്ഞ കോണ്‍ഗ്രസ് എവിടെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു. ബി.ജെ.പിയും സംഘപരിവാറും നടത്തിയ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് അണികളെ വിട്ടുകൊടുത്തെന്ന് അദ്ദേഹം ആരോപിച്ചു. ഇതില്‍ എത്രപേര്‍ തിരികെ കോണ്‍ഗ്രസിലെത്തുമെന്നും കോണ്‍ഗ്രസ് കാര്യങ്ങള്‍ തിരിച്ചറിയാതെയാണ് പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം വ്യക്തിപരമെന്ന് പറയുന്ന സംസ്ഥാന നേതാക്കളെ കുറിച്ച് എന്തുപറയണം. കേരളത്തിലെ നേതാക്കള്‍ ബി.ജെ.പിയ്‌ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയാണ്. ഇക്കാര്യത്തില്‍ മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ചിലരൊക്കെ ആര്‍.എസ്.എസിന്റെ അനുമതിയോടെയാണ് കോണ്‍ഗ്രസില്‍ നില്‍ക്കുന്നതെന്ന് പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തന്ത്രി തന്നോട് നിയമോപദേശം തേടുകയായിരുന്നു എന്ന ശ്രീധരന്‍പിള്ളയുടെ ന്യായീകരണം യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. നിയമോപദേശം തേടാന്‍ ശബരിമലക്ക് പ്രത്യേക അഭിഭാഷകനുണ്ട്. റിട്ടയേര്‍ഡ് ജഡ്ജി, അഡ്വക്കറ്റ് ജനറല്‍, അതും പോരെങ്കില്‍ അറ്റോര്‍ണി ജനറല്‍ എന്നീ സംവിധാനങ്ങള്‍ ഉണ്ടായിരിക്കേ ശ്രീധരന്‍പിള്ളയോട് ഉപദേശം തേടി എന്നത് ശബരിമലയില്‍ ബി.ജെ.പിയുടെ താല്‍പര്യത്തിനൊപ്പം തന്ത്രിയും കൂട്ടുചേര്‍ന്നു എന്നതിനുള്ള തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതി വിധി അനുസരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അങ്ങനെ വേണ്ടന്ന് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആരും പറയില്ലെന്നും ശബരിമലയെ സംരക്ഷിക്കുക എന്നത് സര്‍ക്കാരിന് ഏറെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

2006ന് മുമ്പ് ശബരിമലയില്‍ സ്ത്രീകള്‍ പോയിരുന്നു. അതിന് കുമ്മനം രാജശേഖരന്‍ തന്നെയാണ് പ്രധാന സാക്ഷി. മാസ പൂജക്ക് നട തുറക്കുന്ന സമയത്ത് നിരവധി സ്ത്രീകള്‍ ഇവിടെ എത്തിയിരുന്നു. 2006ല്‍ സുപ്രീം കോടതിയെ സമീപിച്ചത് ആര്‍.എസ്.എസിന്റെ ഭാഗമായിട്ടുള്ള ആളുകളാണെന്നും പിണറായി വ്യക്തമാക്കി.

ശബരിമലയുടെ ഒരു കാശും സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നില്ല. എല്ലാം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്കാണ് പോകുന്നത്. ഈ വര്‍ഷം 202 കോടി സര്‍ക്കാര്‍ ശബരിമലക്ക് നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ഹൈക്കോടതി സ്ത്രീ പ്രവേശനം നിഷേധിച്ച 1991 ഏപ്രില്‍ 5ന് വന്ന വിധിക്ക് ശേഷം സര്‍ക്കാരുകള്‍ അത് നടപ്പിലാക്കി. ഹിന്ദു ധര്‍മ്മ ശാസ്ത്രത്തില്‍ പാണ്ഡിത്യമുള്ള ഒരു കമ്മറ്റിയെ വെക്കണമെന്ന് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഓഡിനന്‍സ് നിലനില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more