| Monday, 3rd December 2018, 10:38 am

ആര്‍.എസ്.എസിന്റെ ഒക്കച്ചങ്ങാതിമാരാണ് കോണ്‍ഗ്രസെന്ന് പിണറായി; ആഭ്യന്തരം വത്സന്‍ തില്ലങ്കേരിയുടെ കയ്യിലെന്ന് ചെന്നിത്തല; സഭയില്‍ രൂക്ഷവാക്‌പോരുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാക്‌പോര്. ആര്‍.എസ്.എസിനെ ചൊല്ലിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ തര്‍ക്കം നടന്നത്.

ശബരിമല വിഷയത്തില്‍ പ്രതിപക്ഷം പിറകോട്ടില്ലെന്നും നിയസഭാ കവാടത്തില്‍ കോണ്‍ഗ്രസിന്റെ മൂന്ന് എം.എല്‍.എമാര്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് അറിയിക്കുകയായിരുന്നു.

ഇതോടെ പ്രതിപക്ഷത്തിന്റെ സമരത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി എത്തി.

പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം ഇത്തരമൊരു പ്രസ്താവന നടത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത് എന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി സംസാരം തുടങ്ങിയത്. “”ശബരിമലയുമായി ബന്ധപ്പെട്ട് ഇവരുടെ മുന്‍പേ അവിടെ സമരം ചെയ്തവര്‍ അവിടെ നിന്ന ഇറങ്ങിയ സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷേ പിന്നീടും അത് മുന്നോട്ടുകൊണ്ടുപോകുന്നതാണ് കാണുന്നത്. ഏതായാലും അവര്‍ അവിടുന്ന് ഇറങ്ങി ഇവിടെ വന്നിരിക്കുന്നതാണ് കാണുന്നത്. ഇവര്‍ ഇവിടുന്ന് ഇത് അവസാനിപ്പിച്ച് ഈ സഭയുടെ കവാടത്തില്‍ ഇരിക്കാന്‍ പോകുന്നു എന്നാണ് അറിയുന്നത്. സര്‍, ഈ ഒത്തുകളി എല്ലാവര്‍ക്കും മനസിലായിക്കഴിഞ്ഞു. എല്ലാ കാലത്തും ആളുകളെ പറ്റിക്കാനാവില്ല. ഏത് തരത്തിലുള്ള അസൗകര്യങ്ങളാണ് ശബരിമലയില്‍ ഉള്ളതെന്ന് ആര്‍ക്കും ബോധ്യമാകുന്ന കാര്യമാണ്.


തന്ത്രിമാര്‍ക്കെതിരായ പരിഹാസം; ജി.സുധാകരനെ വേദിയിലിരുത്തി പിണറായിയുടെ ശാസന


അവിടെ യഥാര്‍ത്ഥത്തില്‍ വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കുകയാണ് ചെയ്തിരിക്കുന്നത്. നേരത്തെയുള്ളതിനേക്കാളും കൂടുതല്‍ സൗകര്യങ്ങള്‍ അവിടെ ഒരുക്കിയിട്ടുണ്ട്. അവിടെ അക്രമസംഭവങ്ങള്‍ നടന്ന സാഹചര്യത്തിലാണ് 144 പ്രഖ്യാപിച്ചത്. ശബരിമലയുടെ ചരിത്രത്തില്‍ ഒരു കാലത്തും ഉണ്ടാകാത്ത തരത്തിലുള്ള അക്രമസംഭവങ്ങള്‍ രൂപപ്പെട്ടപ്പോള്‍ അവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുണ്ട്. ഈ നടപടികള്‍ തങ്ങള്‍ അംഗീകരിക്കുന്നു എന്ന് ബഹുമാനപ്പെട്ട കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉള്ളതാണ്.””- എന്ന് പിണറായി പറഞ്ഞു.

ഇതോടെ സംസാരിക്കാനായി എഴുന്നേറ്റ ചെന്നിത്തല മുഖ്യമന്ത്രിയോട് ചോദിച്ചിട്ടുവേണം ഞങ്ങള്‍ സമരം ചെയ്യാന്‍ എന്ന നിലപാട് പരിഹാസ്യമാണ് എന്നായിരുന്നു മറുപടി നല്‍കിയത്. “”ആര്‍.എസ്.എസിന് അക്രമം നടത്താന്‍ എല്ലാ സൗകര്യവും കൊടുത്ത മുഖ്യമന്ത്രിയുടെ കയ്യിലായിരുന്നില്ല ആഭ്യന്തരം. വത്സന്‍ തില്ലങ്കേരിയുടെ കൈയിലായിരുന്നു ആഭ്യന്തരം എന്ന് കേരളം കണ്ടതാണ്. ആര്‍.എസ്.എസുമായുള്ള ഒത്തുകളി വെളിച്ചത്തായി. അന്നദാനത്തിനുള്ള ചുമതല ആര്‍.എസ്.എസിന് നല്‍കി. സ്ത്രീകളെ തടഞ്ഞ സി.പി സുഗതനെ വെച്ച് മതിലുണ്ടാക്കി. “”എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.

ഇതിലും എനിക്ക് പറയാനുണ്ട് എന്ന് പറഞ്ഞ് മുഖ്യമന്ത്രി എഴുന്നേറ്റെങ്കിലും ചര്‍ച്ച ഡിബേറ്റ് ആക്കി മാറ്റരുതെന്ന സ്പീക്കറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സംസാരിക്കാതെ കസേരയില്‍ തന്നെ ഇരുന്നു.

ശക്തമായ സമരവുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും ഞങ്ങളുടെ എം.എല്‍.എമാര്‍ അനിശ്ചിത സത്യാഗ്രഹം നടത്തുമെന്നും പറഞ്ഞ് ചെന്നിത്തല വീണ്ടും രംഗത്തെത്തിയതോടെ മറുപടിയുമായി മുഖ്യന്ത്രി എഴുന്നേറ്റു.

“” മുഖ്യമന്ത്രിയോട് ചോദിച്ച് സമരം നടത്തണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റേയും അദ്ദേഹത്തിന്റെ കൂടെയുള്ളവരുടേയും നിലപാട് കേരളം കണ്ടതാണ്. ശബരിമല വിഷയത്തില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാവായ ശ്രീ രാഹുല്‍ ഗാന്ധി പുറപ്പെടുവിച്ച അഭിപ്രായം അത് വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ് രാഷ്ട്രീയത്തിന്റെ എബിസിഡി അറിയാത്ത ഒരാളെപ്പോലെ പ്രസ്താവന നടത്തിയിട്ടുള്ള ആളാണ് അപ്പുറത്ത് ഇരിക്കുന്നത്. രാഹുല്‍ ഗാന്ധിയല്ല അമിത് ഷായാണ് നേതാവ് എന്ന് അംഗീകരിക്കുന്ന നിലയിലേക്കാണ് അവര്‍ അധ:പതിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഇത്തരം നിലപാടുകള്‍ വന്നിട്ടുള്ളത്. ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. ആര്‍.എസ്.എസിന് ഏത് തരത്തിലുള്ള സൗകര്യമാണ് ഈ സര്‍ക്കാര്‍ ചെയ്തുകൊടുത്തിട്ടുള്ളത്. എന്തടിസ്ഥാനത്തിലാണ് അത് പറയുന്നത്. ആര്‍.എസ്.എസിന്റെ ഒക്കച്ചങ്ങാതിമാരായി നടന്ന എത്ര പേരാണ് അപ്പുറം ഇരിക്കുന്നത്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നിലപാട് അംഗീകരിച്ച് നില്‍ക്കുമ്പോള്‍ ആ രാഷ്ട്രീയമല്ലേ മുന്നോട്ട് കൊണ്ടുപോകേണ്ടത്. ഇവിടെ ആര്‍.എസ്.എസിന്റെ നിലപാടല്ലേ ഇവര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ നോക്കുന്നത്. അതല്ലേ ഇവിടെ സംഭവിച്ചിട്ടുള്ളത്. അത് ആളുകള്‍ മനസിലാക്കിയാല്‍ നല്ലത്. “”- പിണറായി പറഞ്ഞു.

ഇതോടെ വീണ്ടും സംസാരിക്കാനായി ചെന്നിത്തല എഴുന്നേറ്റെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനറുയര്‍ത്തി പ്രതിഷേധിച്ചു.

രണ്ട് തവണ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും സംസാരിച്ചുകഴിഞ്ഞെന്നും ഇനിയും അവസരം നല്‍കാന്‍ കഴിയില്ലെന്നും സ്പീക്കര്‍ നിലപാടെടുത്തതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു.

ഇതോടെ ഭരണപക്ഷ അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. മുതിര്‍ന്ന നേതാക്കളെത്തിയാണ് നടുത്തളത്തിലേക്ക് ഇറങ്ങാന്‍ തുടങ്ങിയ എല്‍ദോസ് എബ്രഹാമടക്കമുള്ളവരെ പിന്തിരിച്ചത്. എല്ലാ ദിവസവും സഭ പെട്ടെന്നു പിരിയേണ്ടിവരുന്ന സാഹചര്യം ശരിയല്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തുടര്‍ച്ചയായി സഭ തടസ്സപ്പെടുന്നത് അനുവദിക്കാനാകില്ല. സഭാ നടപടികളുമായി സഹകരിക്കാമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിഷേധം തുടര്‍ന്ന പ്രതിപക്ഷാംഗങ്ങളെ സ്പീക്കര്‍ ശാസിക്കുകയും ചെയ്തു.

തുടര്‍ന്ന് ചോദ്യോത്തരവേളയും സബ്മിഷനും റദ്ദാക്കി നടപടികള്‍ പൂര്‍ത്തിയാക്കി സഭ പെട്ടെന്ന് പിരിഞ്ഞു. അതേസമയം, മൂന്നു പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹം നിയമസഭാ കവാടത്തിനു മുന്നില്‍ തുടങ്ങി. പാറക്കല്‍ അബ്ദുല്ല, എന്‍. ജയരാജ്, വി.എസ്.ശിവകുമാര്‍ എന്നിവരാണു സത്യഗ്രഹം ഇരിക്കുന്നത്.

We use cookies to give you the best possible experience. Learn more