തിരുവനന്തപുരം: പഴയ കാലത്ത് ഉയര്‍ത്തിപ്പിടിച്ച നിലപാടുകളും മൂല്യങ്ങളും ഇന്നും മാധ്യമങ്ങളിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നുണ്ടെന്നും ആരെയെങ്കിലും ഭയപ്പെട്ടോ സര്‍ക്കുലേഷനോ റേറ്റിങ്ങോ കുറയുമോ എന്ന് ഓര്‍ത്തോ അക്കാര്യത്തില്‍ പിന്നോട്ട് പോകാതിരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര പുസ്തകോത്സവം തിരുവനന്തപുരത്ത് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ത്തമാന കാലത്തെ ഓരോ വാക്കും ഭാവിയില്‍ ചരിത്രമായി തീരുമെന്നും വരും കാല തലമുറ ആ ചരിത്രം നോക്കി നമ്മെ കുറ്റപ്പെടുത്താന്‍ ഇടവരരുത് എന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സ്വാതന്ത്ര്യ സമര ചരിത്രത്തിലും നവോത്ഥാന ചരിത്രത്തിലും മാതൃഭൂമിയുടെ പത്രാധിപൻമാർ നടത്തിയിട്ടുള്ള പ്രതിരോധങ്ങളെയും ചെറുത്തു നിൽപ്പുകളെയും അക്കമിട്ട് നിരത്തിക്കൊണ്ടായിരുന്നു പിണറായി വിജയന്റെ പ്രസംഗം.
“ആരാധനാ സ്വാതന്ത്രത്തിനും അയിത്തോച്ചാടനത്തിനുമായി നവോത്ഥാനകാലത്ത് നടന്ന എത്രയോ പ്രക്ഷോഭങ്ങള്‍ക്ക് മാതൃഭൂമിയുമായി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധമുള്ളതായി കാണാന്‍ കഴിയും. അക്കാലത്ത് യാഥാസ്ഥികത ഉയര്‍ത്തിയ വാദങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി നല്‍കാന്‍ പോന്ന ആശയങ്ങള്‍ നവോഥാനത്തെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളെല്ലാം പ്രച്ചരിപ്പിച്ചിരുന്നു എന്നതും നാം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.
സമാനമായ പല വാദങ്ങളും ഇന്നും ഉയരുന്നത് നാം കേള്‍ക്കുകയാണ്. ഇന്നത്തെ കാലത്താണെങ്കില്‍ കാണുകയും കൂടി ചെയ്യുകയാണ്. എന്നാല്‍ അവയ്‌ക്കൊക്കെ അന്നത്തെ കാലം പോലെ മാധ്യമങ്ങള്‍ മറുപടി പറയുന്നുണ്ടോ? സമൂഹത്തെ മുമ്പോട്ടു നയിക്കേണ്ട മൂല്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുണ്ടോ? എല്ലാവരും ഒരുപോലെ എന്ന നിലപാട് സ്വീകരിച്ചു കൊണ്ട് പ്രത്യേക രീതിയിലുള്ള ഒരു മാറിനില്‍ക്കല്‍ ഉണ്ടാകുന്നുണ്ടോ? ഇതൊക്കെ മാധ്യമങ്ങള്‍ ആലോചിക്കേണ്ട കാര്യമാണ്. ഞാന്‍ ആ കാര്യത്തില്‍ ഒരു വിധി കര്‍ത്താവായി മാറുന്നില്ല.
ജന്മത്തെ മുന്‍നിര്‍ത്തി ആളുകള്‍ക്ക് അശുദ്ധി കല്‍പ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് നവോത്ഥാന കാലം നമ്മെ പഠിപ്പിച്ചു. ഇന്നും പഴയ അശുദ്ധി വാദങ്ങള്‍ പലരും ഉയര്‍ത്തിക്കൊണ്ടു വരുന്നു. അപ്പോള്‍ എന്തു നിലപാട് എടുക്കണം എന്ന ആശയക്കുഴപ്പം ചിലര്‍ക്കൊക്കെ ഉണ്ടാകാം. നവോഥാനകാലത്ത് പുരോഗമാനവാദികള്‍ എടുത്ത നിലപാട് ഓര്‍മിപ്പിക്കാനും ശരി തെറ്റുകള്‍ ചൂണ്ടിക്കാണികാനുമുള്ള ഉത്തരവാദിത്വം ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ക്കാണുള്ളത്.
നമ്മുടെ പഴയ കാലത്ത് ആ കടമകള്‍ നിര്‍വഹിച്ച മാധ്യമങ്ങള്‍ക്ക് പ്രത്യേകിച്ചും ഈ ഉത്തരവാദിത്വമുണ്ട് എന്നും ഓര്‍ക്കേണ്ടതാണ്. പഴയ കാലത്ത് ഉയര്‍ത്തിപ്പിടിച്ച നിലപാടുകളും മൂല്യങ്ങളും ഇന്നും നിങ്ങളില്‍ നിന്നും സമൂഹം പ്രതീക്ഷിക്കുന്നു. ആരെയെങ്കിലും ഭയപ്പെട്ടോ സര്‍ക്കുലേഷനോ അല്ലെങ്കില്‍ റേറ്റിങ്ങോ കുറയുമോ എന്ന് ഓര്‍ത്തോ അക്കാര്യത്തില്‍ പിന്നോട്ട് പോകാതിരിക്കണം. കാരണം വര്‍ത്തമാന കാലത്തെ ഓരോ വാക്കും ഭാവിയില്‍ ചരിത്രമായി തീരും. വരും കാല തലമുറ ആ ചരിത്രം നോക്കി നമ്മെ കുറ്റപ്പെടുത്താന്‍ ഇടവരരുത്.” മുഖ്യമന്ത്രി പറഞ്ഞു.
മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ, ജോയിന്റ് മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, മാനേജിംഗ് എഡിറ്റർ പി.വി. ചന്ദ്രൻ എന്നിവർ വേദിയിലുണ്ടായിരുന്നു.
ഒരക്ഷരം വായിക്കാതെ ചിലര്‍ പറയുന്ന അസബന്ധങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാന്‍ പ്രാപ്തരാകണമെങ്കിൽ വായന കൂടിയേ തീരൂ എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സാഹിത്യ കൃതികൾ ചരിത്രത്തിലും നവോത്ഥാനത്തിലും ഏത് തരത്തിലാണ് ഇടപെടൽ നടത്തിയിട്ടുള്ളത് എന്ന് ഉദാഹരണ സഹിതം വിവരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
“ഓരോ സാഹിത്യ കൃതിയും ഒരോ കാലഘട്ടത്തിന്റെ ക്രോണിക്കിള്‍ കൂടിയാണ്. ഓരോ ചരിത്ര ഘട്ടത്തിന്റേയും സ്പന്ദം അതില്‍ അടങ്ങിയിട്ടുണ്ട്. കഴിഞ്ഞു പോയ കാലം എങ്ങനെയായിരുന്നു എന്ന് നാം മനസ്സിലാക്കുകയാണ്. കഴിഞ്ഞു പോയ കാലത്തിന്റെ നേര്‍ സാക്ഷിയായ ഓരോ കൃതി വായിക്കുമ്പോഴും ഇത്തരം ഒരു അനുഭൂതിയാണ് നമുക്കുണ്ടാകുന്നത്. വായിക്കാതിരുന്നാല്‍ അന്ധകാരത്തില്‍ ആയിപ്പോകുന്ന, അതി ദീര്‍ഘകാലം ഉറങ്ങിയ ശേഷം ഉണരുന്നവന്റെ അന്ധാളിപ്പാവരുത് പുതിയ കാലഘട്ടത്തിലെ തലമുറകള്‍ക്ക് ഉണ്ടാകേണ്ടത്.
അതുകൊണ്ട് തന്നെ വായനയിലൂടെ അറിവ് നേടാനും അറിവ് കൊണ്ട് സ്വയം നവീകരിക്കാനും കഴിയണം. ഒരക്ഷരം വായിക്കാതെ ചിലര്‍ പറയുന്ന അസബന്ധങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാന്‍ പ്രാപ്തരാകണമെങ്കിലും വായന കൂടിയേ തീരൂ.”
ജാതി കേരളത്തിന്റെ നവീകരണ ശ്രമങ്ങളിൽ സൂക്ഷ്മമായ രാഷ്ട്രീയ ഇടപെടൽ നടത്തിയിട്ടുള്ള എഴുത്തുകാരെ ഉദ്ധരിച്ചും ഓർമിപ്പിച്ചുമാണ് വായനയുടേയും എഴുത്തിന്റെയും ഉത്സവത്തിൽ പിണറായി വിജയൻ സംസാരിച്ചത്.
കുമാരനാശാന്റെ ചണ്ഡാല ഭിക്ഷുകിയിൽ രാജാവിന് ബുദ്ധന്‍ അന്ന് നല്‍കിയ മറുപടി ഇന്നും ഏറെ പ്രസക്തമാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രി അതിലെ ‘ഇന്നലെ ചെയ്‌തോരബദ്ധം മൂഢർക്കിന്നത്തെ ആചാരമാകാം, നാളത്തെ ശാസ്ത്രമതാകാം, അതില്‍ മൂളായ്ക സമ്മതം രാജൻ’ എന്ന വരികൾ ഉദ്ധരിക്കുകയും ചെയ്തു.
എസ്. ഹരീഷിന്റെ മീശ നോവൽ പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് മാതൃഭൂമിയിലും പൊതു സമൂഹത്തിലും ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മാതൃഭൂമിയുടെ വേദിയിൽ നടത്തിയ പ്രസംഗത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
വായനാസമൂഹമല്ലാത്ത സംഘ പരിവാർ ശക്തികളുടെ പ്രചാരണങ്ങൾക്കും ഭീഷണികൾക്കും വഴങ്ങിക്കൊടുത്താണ് ആഴ്ചപ്പതിപ്പിന്റെ പത്രാധിപരെ മാറ്റുന്നതടക്കമുള്ള നടപടികൾ മാതൃഭൂമി എടുത്തത്. മീശയുടെ പേരിൽ പത്രത്തിന്റെ സർക്കുലേഷൻ കുറയ്ക്കുന്നതിനും മാതൃഭൂമിക്ക് പരസ്യം നൽകുന്നവരെ തടയുന്നതിനും വലിയ പ്രചാരണ പരിപാടികൾ സംഘപരിവാർ നടത്തിയിരുന്നു. വിവാദ സമയത്ത് ഹിന്ദുത്വ ശക്തികളുടെ ആവശ്യപ്രകാരം പരസ്യം പിൻവലിച്ച ഭീമ ജ്വല്ലറിയാണ് മാതൃഭൂമി സാഹിത്യോത്സവത്തിന്റെ മുഖ്യ സ്പോൺസർ എന്നതും കൗതുകകരമാണ്.