| Friday, 1st January 2016, 4:55 pm

വീരേന്ദ്രകുമാറിനോട് ശത്രുതയില്ല, രാഷ്ട്രീയ വിയോജിപ്പുകള്‍ മാത്രം: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിനോട് വ്യക്തിപരമായ ശത്രുതയില്ലെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. എന്നാല്‍ വിയോജിപ്പുകളുണ്ടെന്നും ആ വിയോജിപ്പുകള്‍ വ്യക്തിപരമല്ലെന്നും രാഷ്ട്രീയ വിയോജിപ്പുകളാണെന്നും നാളെ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുന്നതിന് ഇതൊരു തടസവുമല്ലെന്നും അദ്ദേഹം പറഞ്ഞു. എം.പി വീരേന്ദ്രകുമാറിന്റെ ഇരുള്‍പരക്കുന്ന കാലം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രാഷ്ട്രീയപരമായ വിയോജിപ്പുകളുള്ളതുകൊണ്ടാണ് ഞങ്ങള്‍ രണ്ടുപാര്‍ട്ടികളിലായത്. യോജിച്ചും വിയോജിച്ചും തന്നെയാണ് സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും ഇത്രത്തോളം എത്തിയത്. വീരേന്ദ്രകുമാറിന്റെ കാര്യത്തിലും അത് തന്നെയാണുണ്ടായത്. അടിയന്തിരാവസ്ഥക്കാലത്ത് ഒരുമിച്ച് പ്രവര്‍ത്തിച്ചുവെങ്കിലും പിന്നീട് ഇടതുപക്ഷം വിട്ട്് യു.ഡി.എഫിനൊപ്പം പോയപ്പോള്‍ സ്വാഭാവികമായും രാഷ്ട്രീയപരമായി വിമര്‍ശിക്കേണ്ടിവന്നു. അതില്‍ വ്യക്തിപരമായി ഒന്നുമില്ലെന്നും നാളെ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുന്നതിന് ഇതൊരു തടസവുമല്ല.” പിണറായി പറഞ്ഞു.

സോഷ്യലിസ്റ്റ് പാര്‍ട്ടിയെ ഇടതുപക്ഷത്ത് കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ആ ആഗ്രഹം നടപ്പിലാകണമെങ്കില്‍ തിരുത്തേണ്ടത് തിരുത്തുകയും പുനരാലോചിക്കേണ്ടത് പുനരാലോചിക്കുകയും വേണമെന്നും കാലത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ശരിയായ നിലപാട് സ്വീകരിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

അടിയന്തിരാവസ്ഥക്കാലത്ത് തടവറയ്ക്കുള്ളില്‍ കഴിഞ്ഞിരുന്നപ്പോള്‍ തുടങ്ങിയ തങ്ങളുടെ ബന്ധത്തിന് സാധാരണയുള്ളതിനേക്കാള്‍ ദൃഢതയുണ്ടെന്നും. തമ്മിലുണ്ടാകുന്ന അസ്വാരസ്യങ്ങള്‍ ജയിലറയ്ക്കുള്ളിലുണ്ടായ ആ ബന്ധത്തില്‍ ഇല്ലാതാകുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

നല്ലതിനെ നല്ലതായി കാണുകയും ആദരിക്കേണ്ടതിനെ ആദരിക്കുകയും വിയോജിപ്പുകള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നരീതിയാണ് തങ്ങള്‍ ഇത്രയും കാലം തുടര്‍ന്നുവന്നതെന്നും. ശത്രു ശത്രുവിന്റെ പുസ്തകം പ്രകാശനം ചെയ്യുന്നു എന്നരീതിയിലാണ് പ്രചാരണം നടക്കുന്നതെന്നും അതുകൊണ്ടാണ് ഈ ചടങ്ങിന് മാധ്യമങ്ങള്‍ ഇത്രയും പ്രാധാനം കൊടുത്തതെന്നും പിണറായി വിജയന്‍ പറഞ്ഞു.

തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വെച്ച് നടന്ന ചടങ്ങില്‍ വര്‍ഗീയ ഫാസിസത്തിനും പ്രകൃതി ചൂഷണത്തിനുമെതിരായ ലേഖനങ്ങളടങ്ങിയ “ഇരുള്‍ പരക്കുന്ന കാലം” എന്ന പുസ്തകത്തിന്റെ പ്രദര്‍ശനമാണ് പിണറായി നിര്‍വഹിച്ചത്. മാധ്യമ പ്രവര്‍ത്തകന്‍ എം.ജി രാധാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി.

Latest Stories

We use cookies to give you the best possible experience. Learn more