| Wednesday, 24th April 2024, 6:38 pm

കൂറ് മാറാനും ഒറ്റിക്കൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിലുണ്ട്?: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന നിലേഷ് കുംഭാനി ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പിന് മുമ്പ് സ്ഥാനാര്‍ത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബി.ജെ.പി മാറിയിരിക്കുന്നുവെന്ന് പിണറായി പറഞ്ഞു.

വില്‍പ്പനച്ചരക്കാകുന്നതില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളും അവരെ നാമനിര്‍ദേശം ചെയ്യുന്നവരും അണിനിരക്കുന്നു എന്നത് ഗുരുതരമായ അവസ്ഥയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അരുണാചല്‍ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് പത്ത് സീറ്റുകളില്‍ വാക്കോവര്‍ നല്‍കിയത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതേ സ്ഥിതി ഗുജറാത്തിലേക്കും വ്യാപിച്ചുവെന്നാണ് സൂറത്ത് സംഭവം വ്യക്തമാക്കുന്നതെന്നും പിണറായി വിജയന്‍ കുറിച്ചു.

ആര്‍.എസ്.എസ് ശാഖയ്ക്ക് കാവല്‍ നിന്നെന്ന് അഭിമാന പുരസ്സരം പറയുന്നവരും ഗോള്‍വാള്‍ക്കറിന്റെ ഫോട്ടോയ്ക്കുമുന്നില്‍ താണുവണങ്ങി വിളക്ക് കൊളുത്തിയവരുമൊക്കെയാണ് കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളിലെ ഒരു വിഭാഗം പ്രാദേശിക പാര്‍ട്ടിയുണ്ടാക്കി എന്‍.ഡി.എയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ വെളിപ്പെടുത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നവര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

മത്സരം തുടങ്ങുന്നതിന് മുമ്പ് കൂറ് മാറാനും ഒറ്റിക്കൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസില്‍ ഉണ്ടെന്നും മത്സരിച്ച് ജയിച്ചാല്‍ ഇരുട്ടി വെളുക്കും മുമ്പ് ബി.ജെ.പിയിലേക്ക് ചാടിപ്പോകാത്ത എത്ര പേര്‍ പാര്‍ട്ടിയില്‍ അവശേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചോദ്യമുയര്‍ത്തി.

മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താന്‍ ഇടതുപക്ഷത്തിന് കരുത്തുപകരേണ്ടതുണ്ടെന്നും അതിനുള്ള ജനവിധിയാണ് കേരളം ഏപ്രില്‍ 26ന് രേഖപ്പെടുത്തുക എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാര്‍ത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബി.ജെ.പി മാറിയിരിക്കുന്നു. വില്പനച്ചരക്കാകുന്നതില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളും അവരെ നാമനിര്‍ദേശം ചെയ്യുന്നവരും അണിനിരക്കുന്നു എന്നത് ഗുരുതരമായ അവസ്ഥയാണ്. അരുണാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പത്തു സീറ്റുകളില്‍ വാക്കോവര്‍ നല്‍കിയത് കോണ്‍ഗ്രസാണ്. ആ പരിപാടി ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിച്ചതാണ് ഗുജറാത്തിലെ സൂറത്തില്‍ കണ്ടത്.

സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പേര് നിര്‍ദേശിച്ചവര്‍ നാമനിര്‍ദേശ പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്ന് പത്രിക തള്ളിപ്പോയി എന്നാണ് ആദ്യം വാര്‍ത്തവന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ ബി.ജെ.പിയുടെ ദല്ലാളായി താനുള്‍പ്പെടെയുള്ള എല്ലാ സ്ഥാനാര്‍ത്ഥികളെയും മത്സരത്തില്‍ നിന്ന് മാറ്റി ബി.ജെ.പിക്ക് ഏകപക്ഷീയ വിജയം ഒരുക്കിക്കൊടുത്ത് എന്‍.ഡി.യിലേക്ക് പോയി എന്നതാണ് പുതിയ വിവരം.

മത്സരം തുടങ്ങുന്നതിന് മുമ്പ് കൂറ് മാറാനും ഒറ്റിക്കൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാര്‍ത്ഥികള്‍ ഉണ്ട് ഇനി കോണ്‍ഗ്രസില്‍? മത്സരിച്ച് ജയിച്ചാല്‍ ബി.ജെ.പിയിലേക്ക് ഇരുട്ടി വെളുക്കും മുമ്പ് ചാടിപ്പോകാത്ത എത്ര പേര്‍ അവശേഷിക്കുന്നുണ്ട്? ആര്‍.എസ്.എസ് ശാഖയ്ക്ക് കാവല്‍ നിന്നെന്ന് അഭിമാന പുരസ്സരം പറയുന്നവരും ഗോള്‍വാള്‍ക്കറിന്റെ ഫോട്ടോയ്ക്കുമുന്നില്‍ താണുവണങ്ങി വിളക്ക് കൊളുത്തിയവരുമൊക്കെയാണ് കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളിലെ ഒരു വിഭാഗം പ്രാദേശിക പാര്‍ട്ടിയുണ്ടാക്കി എന്‍.ഡി.എയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുടെ വെളിപ്പെടുത്തല്‍. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നവര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തോ?

ബി.ജെ.പി മുന്നോട്ട് വെക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് എത്രമാത്രം ആത്മാര്‍ത്ഥതയുണ്ട് എന്ന തെളിയുന്ന അനുഭവമാണിത്. ഉറച്ചു നില്‍ക്കുന്ന ജനപ്രതിനിധികളാണ് ലോക്‌സഭയില്‍ എത്തേണ്ടത്. അത് കൊണ്ട് തന്നെ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താന്‍ ഇടതുപക്ഷത്തിന് കരുത്തുപകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനുള്ള ജനവിധിയാണ് കേരളം ഏപ്രില്‍ 26ന് രേഖപ്പെടുത്തുക.

Content Highlight: Pinarayi Vijayan reacts to the report that Nilesh Kumbhani, who was a Congress candidate from Surat, has joined the BJP

Latest Stories

We use cookies to give you the best possible experience. Learn more