| Friday, 26th April 2024, 9:53 am

ഇ.പിക്ക് സൗഹൃദം സ്ഥാപിക്കുന്നതില്‍ ജാഗ്രതക്കുറവ്, പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും; പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരുമായും നല്ലൊരു സുഹൃത്ബന്ധം സൂക്ഷിക്കുന്ന ആളാണ് ഇ.പി. ജയരാജനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘ഇ.പി. ജയരാജന്റെ പ്രകൃതം എല്ലാവര്‍ക്കും അറിയാം. അദ്ദേഹം എല്ലാവരോടും നല്ല സുഹൃത്ബന്ധം സൂക്ഷിക്കുന്ന ആളാണ്. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും. കൂട്ടുകെട്ട് ഉണ്ടാക്കുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണം. ചിലര്‍ ഉറങ്ങി എഴുന്നേല്‍ക്കുന്നത് തന്നെ ഇന്ന് ആരെ വഞ്ചിക്കുമെന്ന് ആലോചിച്ചാണ്. അത്തരം ആളുകളുമായി അതിര് കവിഞ്ഞ സ്‌നേഹബന്ധം ഉണ്ടാക്കുന്നത് ഉപേക്ഷിക്കണം,’ പിണറായി വിജയന്‍ പറഞ്ഞു.

ഇ.പി. ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത പാലിക്കാറില്ലെന്ന് നേരത്തെ അനുഭവമുള്ള കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ദല്ലാള്‍ നന്ദകുമാറിനേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. നന്ദകുമാറിന്റെ പേരെടുത്ത് പറയാതെ ആയിരുന്നു വിമര്‍ശനം.

കേരളത്തില്‍ ഏറ്റവും അധികം സംശയാസ്പദമായ സാഹചര്യത്തില്‍ നില്‍ക്കുന്ന വ്യക്തിയാണ് ഇ.പി. ജയരാജനെതിരെ സാക്ഷി പറയാന്‍ വന്നതെന്ന് ദല്ലാള്‍ നന്ദകുമാറിനെ ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് പണം ലഭിക്കണമെന്ന് മാത്രം ചിന്തിക്കുന്ന ആളാണ് അയാള്‍. അതിന് വേണ്ടി ആര്‍ക്കെതിരെയും എന്ത് വാദം നിരത്താനും അയാള്‍ക്ക് മടിയില്ല. അത്തരം ആളുകളുമായി അമിതമായ ബന്ധം കാത്തുസൂക്ഷിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പ്രകാശ് ജാവദേക്കറെ കാണുന്നതിനൊന്നും തെറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താന്‍ ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നും എന്നാല്‍ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായില്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞിരുന്നു.

Content Highlight: Pinarayi Vijayan reacts to the meeting between EP Jayarajan and Prakash Javadekar

We use cookies to give you the best possible experience. Learn more