| Thursday, 4th April 2019, 4:30 pm

അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി; റിപ്പോര്‍ട്ട് പ്രചരിപ്പിക്കുന്നതു തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് റിപ്പോര്‍ട്ട് പ്രചരിപ്പിക്കുന്നതെന്നു മുഖ്യമന്ത്രി ആരോപിച്ചു.

വിദഗ്ധരുടെ അഭിപ്രായം സ്വീകരിച്ചല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പെരുമഴയ്ക്കു മുന്‍പേ ഡാമുകള്‍ തുറന്നില്ലെന്ന ആരോപണം വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട് കോടതിയുടെ നിഗമനമോ ഉത്തരവോ അല്ല. വിഷയത്തില്‍ അന്തിമവിധി കോടതിയാണു പറയേണ്ടത്. റിപ്പോര്‍ട്ട് കോടതി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: സി.പി.ഐ.എമ്മിനെതിരെ ഒരു വാക്ക് പോലും ഞാന്‍ പറയില്ല; വിമര്‍ശനങ്ങളെ സന്തോഷത്തോടെ നേരിടും: രാഹുല്‍ ഗാന്ധി

എല്ലാ കക്ഷികളില്‍നിന്നും വിവരം തേടിയ ശേഷമല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സാങ്കേതികജ്ഞാനമുള്ള കേന്ദ്ര ജലവിഭവ കമ്മീഷന്‍, മദ്രാസ് ഐ.ഐ.ടി തുടങ്ങിയവ അമിത മഴയാണു വെള്ളപ്പൊക്കത്തിടയാക്കിയതെന്നു കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധസമിതികളും അന്താരാഷ്ട്ര സമൂഹവും വെള്ളപ്പൊക്കത്തെ കേരളം കൈകാര്യം ചെയ്ത രീതി അഭിനന്ദിച്ചിട്ടുണ്ട്. ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടാണു യാഥാര്‍ഥ്യമെന്നു പ്രചരിപ്പിക്കുന്നതു കോടതിയെ അപമാനിക്കുന്നതിനു തുല്യമാണ്. ഇക്കാര്യത്തില്‍ അന്തിമവിധി പറയേണ്ടതു കോടതിയാണ് എന്ന യാഥാര്‍ഥ്യത്തെ മറച്ചുവെച്ചുകൊണ്ടാണ് ഇതുചെയ്യുന്നത്.

ജില്ലാ സംസ്ഥാനതലങ്ങളില്‍ മഴക്കെടുതിയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. പ്രളയസമയത്തും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഡാമുകള്‍ പ്രളയനിയന്ത്രണത്തിന് ഉപയോഗിച്ചില്ലെന്ന വാദം വസ്തുതയല്ല. പ്രതീക്ഷിച്ച മഴയെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഇടുക്കി ഉള്‍പ്പെടെയുള്ള ഡാമുകളില്‍ ഉണ്ടായിരുന്നു. പ്രളയസമയത്ത് ഡാമിലേക്കു വന്നിട്ടുള്ള വെള്ളത്തിന്റെ വലിയ പങ്ക് ഡാമുകളില്‍ സംഭരിച്ചുവെയ്ക്കുകയാണു ചെയ്തത്. ശേഷിക്കുന്നതു മാത്രമാണു തുറന്നുവിട്ടത്. പ്രളയകാലത്ത് ഇടുക്കിഡാമില്‍ 2800-3000 ഘനമീറ്റര്‍ വെള്ളം വന്നിരുന്നു. പുറത്തേക്കൊഴുകിയത് 1500 ഘനമീറ്റര്‍ വെള്ളം മാത്രമാണ്.

Also Read: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; യുക്തിവാദി നേതാവ് സി.രവിചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

അപ്രതീക്ഷിതമായി പെയ്ത മഴയുടെ ഫലമായി ഒഴുകിയെത്തിയ മഴയുടെ ഒരു പങ്ക് ഡാമുകള്‍ തടഞ്ഞുനിര്‍ത്തുകയാണുണ്ടായത്. ഇതു ചെയ്തില്ലായിരുന്നെങ്കില്‍ പ്രളയക്കെടുതി എത്രയോ വലുതാകുമായിരുന്നു. ഡാം മാനേജ്‌മെന്റിന്റെ പിഴവാണു പ്രളയമുണ്ടാക്കിയതെന്ന വാദത്തിന്റെ പൊള്ളത്തരമാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്. പ്രളയമുണ്ടാക്കിയത് അതിശക്തമായ മഴയാണെന്നു വ്യക്തമാകും.

നമ്മുടെ നദികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിലും അധികം വെള്ളമാണ് അമിതമഴയിലൂടെ ഉണ്ടായത്. അതാണു വെള്ളപ്പൊക്കമുണ്ടാക്കിയത്.- മുഖ്യമന്ത്രി വിശദമാക്കി.

Also Read: രാഹുല്‍ ധീരനായ മനുഷ്യന്‍, നിങ്ങളെ ഒരിക്കലും കൈവിടില്ല; വയനാട്ടുകാരോട് പ്രിയങ്കാ ഗാന്ധി

റിപ്പോര്‍ട്ട് സാങ്കേതിക വൈദഗ്ധ്യമില്ലാത്തയാള്‍ തയ്യാറാക്കിയതാണെന്നായിരുന്നു മന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രതികരണം. സാങ്കേതികവൈദഗ്ധ്യമുള്ളയാള്‍ തയ്യാറാക്കിയ ജലക്കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചില്ലെന്നും മന്ത്രി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more