കൊവിഡ് 19 വിശദാംശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മൊബൈല്‍ ആപ്പുമായി സംസ്ഥാന സര്‍ക്കാര്‍. പ്ലേ സ്റ്റോറില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയിലാണ് കൊറോണ ബോധവല്‍ക്കരണ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ആപ്പിന്റെ ഔദ്യോഗിക ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
സംസ്ഥാനത്ത് 19 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് നിരീക്ഷണത്തിലുള്ളയാളുടെ സ്ഥിരീകരണ റിപ്പോര്‍ട്ട് വരാനുണ്ട്. മൂന്ന് പേര്‍ക്ക് പൂര്‍ണമായും രോഗം ഭേദപ്പെട്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘സംസ്ഥാനം ഇപ്പോള്‍ പ്രത്യേക സ്ഥിതിയാണ് നേരിടുന്നത്. കാര്യങ്ങള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമായി എന്ന് പറയാന്‍ കഴിയില്ല. പ്രതിരോധ കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്. സര്‍ക്കാര്‍ അതിനാണ് മുന്‍ഗണന നല്‍കുന്നത്. ആവശ്യമായ മുന്‍കരുതലുകള്‍ എല്ലാ കാര്യങ്ങളിലും നമുക്ക് എടുക്കാന്‍ കഴിയും. അല്ലെങ്കില്‍ പിടിവിട്ടുപോകാന്‍ സാധ്യതയുള്ള ഒന്നാണിത്’ മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഫീല്‍ഡ് ജീവനക്കാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാണ്. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും യോജിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
‘കമ്മ്യൂണിറ്റി വളണ്ടിയര്‍മാരെ കണ്ടെത്തി പ്രാദേശികമായി പെട്ടന്നുതന്നെ പരിശീലനം നല്‍കി കൊറോണ പ്രതിരോധത്തില്‍ സഹായിക്കാന്‍ അവരെ ഉപയോഗിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അതിന്റെ ഗൗരവത്തില്‍ എല്ലാവരും പാലിക്കുന്നുണ്ട് എന്നത് ആശ്വാസകരമായ കാര്യമാണ്. അതുകൊണ്ടുതന്നെ വൈറസ് വ്യാപനം ഫലപ്രദമായി തടയാന്‍ കഴിഞ്ഞിട്ടുണ്ട്. ഒറ്റപ്പെട്ട ദുരനുഭവങ്ങളാണ് നമുക്കുള്ളത്. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി അവരെ കര്‍ക്കശമായി നിയന്ത്രിക്കേണ്ടതുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു.
ചില കേന്ദ്രങ്ങളില്‍ തെറ്റായ ഇടപെടലുകള്‍ ഉണ്ടാവുന്നുണ്ട് എന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആലപ്പുഴയില്‍ റിസോര്‍ട്ടില്‍ താമസിക്കുന്ന വിദേശ സഞ്ചാരികളെ ചിലര്‍ ഇറക്കിവിടാന്‍ ശ്രമിച്ചു. ഇത് സംസ്ഥാനത്തിന് നല്ല പ്രവണതയല്ല. വിനോദസഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്ന സമീപനം ആരും ചെയ്യരുതെന്നും ഇത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 31 വരെയുള്ള പൊതുപരിപാടികള്‍ മാറ്റിവെക്കണമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ജനജീവിതം സ്തംഭിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാമാരിയായിട്ടാണ് കൊറോണ ലോകത്തുതന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. അത് പടരുന്നത് തടയാനാവശ്യമായ ശാസ്ത്രീയ നടപടികളാണ് നാം സ്വീകരിക്കേണ്ടത്. ഭീതിയുടെ ഭാഗമായി ഒന്നിലേക്കും കടക്കാന്‍ പാടില്ല. ഗൗരവമായ പ്രതിരോധ നടപടികളിലേക്കാണ് നാം ശ്രദ്ധയൂന്നേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതെങ്കിലുമൊരു വിദേശിയെ കണ്ടാല്‍ കൊറോണ കൊറോണ എന്ന് വിളിച്ച് പുറകെ നടക്കുന്നത് ഒരു പ്രത്യേക തരം മാനസികാവസ്ഥയാണ്. നമ്മുടെ നാടിന്റെ സംസ്‌കാരത്തിന് അത് ചേര്‍ന്ന കാര്യമല്ല. അങ്ങനെ ആരെങ്കിലും ചെയ്താല്‍ സര്‍ക്കാര്‍ അത് ഗൗരവമായി കാണുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രായമായവരില്‍ വൈറസ് ബാധയുണ്ടായാല്‍ അത് മാരകമായിരിക്കും. അതില്‍ പ്രത്യേക ശ്രദ്ധയും കരുതലും നല്‍കാനാണ് സര്‍ക്കാര്‍ സന്നദ്ധമായിരിക്കുന്നത്. വയോജനങ്ങളുടെ പ്രത്യേക സംരക്ഷണത്തിനായി കുടുംബശ്രീ അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ