തിരുവനന്തപുരം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പരാതി ലഭിച്ചാല്‍ അതില്‍ ഉടന്‍ നടപടി എടുക്കണം. എന്നാല്‍ കെവിന്റെ കാര്യത്തില്‍ അതുണ്ടായില്ല.
അതുകൊണ്ടാണ് ഉത്തരവാദികളായവരെ സസ്‌പെന്‍ഡ് ചെയ്തത്. 60000 ത്തോളം പൊലീസുകാര്‍ കേരളത്തില്‍ ഉണ്ട്. ഇതില്‍ ഏതെങ്കലും ഒന്നോ രണ്ടോ ആളുകള്‍ അന്യായം കാണിച്ചാല്‍ അത് പൊലീസിനും സര്‍ക്കാരിനും എതിരായി വരും. അതുകൊണ്ട് തന്നെയാണ് കര്‍ക്കശമായ നടപടികള്‍ എടുത്തതെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സാധാരണ നിലയ്ക്ക് ഏതെങ്കിലും പൊലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി വരുമ്പോള്‍ എസ്.ഐ ഉണ്ടാവുകയെന്നത് സ്വാഭാവിക നടപടി മാത്രമാണ്. ഗാന്ധിനഗര്‍ അതിര്‍ത്തിയിലെ പരിപാടി വൈകീട്ടാണ്. എന്നാല്‍ ഈ പരാതി രാവിലെയേ വന്നിരുന്നു.
എന്നിട്ടും നടപടി ഉണ്ടായില്ല. ഉത്തരവാദിത്തപ്പെട്ട പൊലീസില്‍ നിന്നും വീഴ്ച ഉണ്ടാവരുത്. പ്രഥമദൃഷ്ട്യാ തന്നെ വലിയ അലംഭാവം ഉണ്ടായതായി വ്യക്തമായിട്ടുണ്ട്.
ഇല്ലാത്ത കാര്യങ്ങള്‍ കെട്ടിച്ചമക്കാന്‍ മിടുക്കന്‍മാര്‍ ആണ് നമ്മള്‍. അത് നമ്മുടെ നാടിന്റെ പ്രത്യേകതയാണ്. എസ്.ഐയുടെ വീഴ്ചയ്ക്ക് തന്റെ സുരക്ഷയുമായി ബന്ധമില്ല. മാതൃകാപരമായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ പൊലീസ് നടത്തുന്നുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. പൊലീസ് സംവിധാനത്തെ പൂര്‍ണമായി ഉപേക്ഷിക്കാന്‍ കഴിയില്ല. പൊലീസാണെന്ന് കരുതി പ്രത്യേക സംരക്ഷണം ഉണ്ടാവില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു.
മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അത് തന്നോടല്ല ചോദിക്കേണ്ടതെന്നും സുരക്ഷയ്ക്ക് ഇടയാക്കിയ കാരണങ്ങള്‍ ഉണ്ടാക്കിയവരോട് ചോദിക്കണമെന്നും പിണറായി പറഞ്ഞു.മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കിയില്ലെങ്കില്‍ അതും വിമര്‍ശിക്കപ്പെടുമെന്നും പിണറായി പറഞ്ഞു.
കെവിന്റെ വീട് സന്ദര്‍ശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോള്‍ അത് തീരുമാനിച്ചിട്ടില്ലെന്നും അതല്ല ഇവിടുത്തെ വിഷയമെന്നും പിണറായി മറുപടി നല്‍കി. സര്‍ക്കാര്‍ കെവിന്റെ കുടുംബത്തിനൊപ്പമുണ്ട്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടല്ലോ എന്ന ചോദ്യത്തിന് വിടുവായത്തം പറയാന്‍ കേമനാണ് അദ്ദേഹമെന്നും പ്രതിപക്ഷ നേതാവിന്റെ സ്ഥാനം എന്താണെന്ന് അദ്ദേഹത്തിന് ഇതുവരെ പിടികിട്ടിയിട്ടില്ലെന്നുമായിരുന്നു പിണറായിയുടെ മറുപടി.
മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വാര്‍ത്തകളായി കൊടുക്കണമെന്നും എന്നാല്‍ നിങ്ങള്‍ വിധി പ്രഖ്യാപിക്കുകയാണ് എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
മാധ്യമങ്ങള്‍ അനാവശ്യമായി ഇല്ലാത്ത വാര്‍ത്തകള്‍ കെട്ടിച്ചമക്കുകയാണ്. സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കില്‍ അത് വിമര്‍ശിക്കണം. പൊലീസിന്റെ ഭാഗത്തെ വീഴ്ച വിമര്‍ശിക്കണം. എന്നാല്‍ കെവിന്റെ മരണത്തിന് കാരണമായത് മുഖ്യമന്ത്രിയുടെ സുരക്ഷയാണ് എന്ന രീതിയിലാണ്
നിങ്ങള്‍ വാര്‍ത്ത നല്‍കിയത്. മുഖ്യമന്ത്രിയാണ് പ്രതിയെന്ന മട്ടില്‍ വാര്‍ത്ത കൊടുക്കുന്നത് ശരിയാണോ? പിണറായി ചോദിക്കുന്നു.
ചാനലിന്റെ പേര് പറഞ്ഞ് വിമര്‍ശിച്ചതില്‍ ഒരു തെറ്റും കാണുന്നില്ല. ഈ ചോദ്യം ചോദിക്കണം എന്ന് ചാനലിന്റെ അധികൃതര്‍ ലേഖികയോട് പറയുകയാണ്. ആ പറഞ്ഞത് ആരാണ് എന്നാണ് ഞാന്‍ വെളിപ്പെടുത്തിയത്. നിങ്ങള്‍ ആരാണ് എന്ന് ജനങ്ങള്‍ക്ക് അറിയണമല്ലോ അതാണ് ഞാന്‍ പറഞ്ഞത്.
നിര്‍ദേശിച്ചത് ആര് എന്ന് വ്യക്തമാക്കുകയാണ് ചെയ്തത്. എന്താണ് നിങ്ങളുടെ മേലെ ഇരിക്കുന്നവരുടെ ഉദ്ദേശം. അത് ജനങ്ങള്‍ക്ക് മനസിലാകണം. നിങ്ങള്‍ ചോദിച്ചത് വ്‌സ്തുതകള്‍ മനസിലാക്കാതെയാണ്. നിങ്ങളുടെ നേരിട്ടുള്ള ചോദ്യമായിരുന്നു അത്. പെണ്‍കുട്ടിയുടെ പരാതിയെ കുറിച്ചൊന്നുമല്ല നിങ്ങള്‍ ചോദിച്ചത്.
മാധ്യമങ്ങള്‍ മാധ്യമധര്‍മം നിര്‍വഹിക്കണം. എന്നാല്‍ നിങ്ങള്‍ തെറ്റായ കാര്യമാണ് ചെയ്യുന്നത്. നാടിനെയാണ് അപമാനിക്കുന്നത്. കൊലപാതകികളെ സംരക്ഷിക്കാനാണ് മാധ്യമങ്ങള്‍ നോക്കിയത്. അതാണ് വസ്തുത. നിങ്ങളുടെ നിലപാടും എന്റെ നിലപാടും വ്യക്തമായി കഴിഞ്ഞു. അതില്‍ കൂടുതല്‍ സംസാരം വേണ്ട. – പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.