തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തവരുണ്ടെന്നും കൊറോണക്കാലത്തും അവര്‍ക്ക് കൃത്യമായി ഭക്ഷണം ലഭിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ഇതിന്റെ ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. കമ്മ്യൂണിറ്റി കിച്ചണ്‍ ഇതിനായി ഉണ്ടാക്കും. എത്രപേര്‍ക്കാണ് ഭക്ഷണം ഈ രീതിയില്‍ എത്തിക്കേണ്ടതെന്ന കണക്ക് തദ്ദേശ സ്ഥാപനങ്ങള്‍ തയാറാക്കണം. പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ നമ്പര്‍ നല്‍കും. ആ നമ്പരില്‍ വിളിച്ചു പറഞ്ഞാല്‍ ഭക്ഷണം എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
പാചകക്കാരെ തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തണം. വിതരണക്കാരെ അതതു സ്ഥലത്തിനനുസരിച്ച് നിയമിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ‘വിതരണക്കാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ഒരാളും പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാകരുത്. മുന്‍ഗണനാ ലിസ്റ്റില്‍ ഉള്ളവര്‍ക്ക് നേരത്തേ കൊടുക്കുന്ന അരി ലഭിക്കും. മുന്‍ഗണനാ ലിസ്റ്റില്‍ ഇല്ലാത്തവര്‍ക്ക് 15 കിലോ അരി നല്‍കും. പലവ്യജ്ഞന കിറ്റും എല്ലാവര്‍ക്കും നല്‍കും. ഇതു തയാറാക്കാന്‍ പ്രയാസമുണ്ട്. അതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഇതിനായി വ്യാപാരികളുടെ സഹകരണം തേടും’, മുഖ്യമന്ത്രി പറഞ്ഞു.
ഏതെങ്കിലും സംഘടന നിറം കാണിക്കാനുള്ള അവസരമായി ഇതിനെ കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രാന്‍സ് ജെന്‍ഡേഴ്‌സിന് താമസമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ സാഹചര്യങ്ങളില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോവേണ്ടതുണ്ട്. നിയന്ത്രണം ശക്തമാക്കുന്നതിനൊപ്പം തന്നെ ജനങ്ങള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള സാഹചര്യം ഭദ്രമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗം പകരുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. റോഡുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ ആളില്ലാത്ത ഇടങ്ങളായി മാറണം. പോലീസ് ആണ് ഇക്കാര്യം ഉറപ്പുവരുത്തേണ്ടത്.
വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡോ അതേപോലെ പാസോ കൈയില്‍ കരുതണം. അതില്ലാത്തവരോട് എന്തിനാണ് പുറത്തിറങ്ങിയത് എന്തിനെന്ന് പോലീസ് അന്വേഷിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ന്യായമായ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ. ഒഴിച്ചൂകൂടാന്‍ പറ്റാത്ത കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
പ്രളയകാലത്ത് വീട്ടില്‍ നിന്ന് പുറത്തുവരാന്‍ പറഞ്ഞ നിര്‍ദേശം ലംഘിച്ചവര്‍ വലിയ പ്രത്യാഘാതങ്ങളാണ് നേരിട്ടത്. ഇപ്പോള്‍ വീടിനകത്ത് കഴിയാനാണ് നിര്‍ദേശം അത് പാലിക്കപ്പെടണം. പാലിച്ചില്ലെങ്കില്‍ ഭവിഷ്യത്ത് പലതരത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ബാറുകള്‍, കള്ളുഷാപ്പുകള്‍, ബിവറേജസ് ഔട്ട്ലെറ്റുകള്‍ എന്നിവ അടച്ചിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇവ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ ബിവ്‌റേജ്‌സ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ബിവ്‌റേജ് കോര്‍പ്പറേഷന്‍ എം.ഡി ഇത് സംബന്ധിച്ച നിര്‍ദേശം ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് നല്‍കിയിരുന്നു. കൊവിഡ് അവലോകന യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയിച്ചത്.
സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാലക്കാട് രണ്ട് പേര്‍, എറണാകുളത്ത് മൂന്ന് പേര്‍, പത്തനംതിട്ടയില്‍ രണ്ട് പേര്‍, ഇടുക്കിയില്‍ ഒരാള്‍, കോഴിക്കോട് ഒരാള്‍ എന്നിങ്ങനെയാണ് കണക്കുകള്‍.
നാല് പേര്‍ ദുബായില്‍ നിന്നാണ്. ഒരാള്‍ യു.കെ, ഒരാള്‍ ഫ്രാന്‍സ്. മൂന്നാള്‍ക്ക് കോണ്ടാക്ടിലൂടെയാണ് രോഗം ലഭിച്ചത്. 12 പേരുടെ രോഗം സുഖപ്പെട്ടു. തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയിലായിരുന്ന രണ്ട് പേര്‍ രോഗം ഭേദപ്പെട്ട് ചികിത്സയിലാണ്.
ആകെ 76, 542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. 76,010 പേര്‍ വീടുകളില്‍. 542 പേര്‍ ആശുപത്രികളില്‍. ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4902 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 3465 എണ്ണം നെഗറ്റീവായി തിരികെ വന്നു.
സംസ്ഥാനത്താകെ 118 പേര്‍ക്ക് വൈറസ് ബാധ വന്നതില്‍ 91 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്ന ഇന്ത്യക്കാരാണ്. 8 പേര്‍ വിദേശികള്‍. ബാക്കി 19 പേര്‍ക്ക് കോണ്ടാക്ട് മൂലമാണ്.