| Sunday, 2nd May 2021, 5:54 pm

ചരിത്രം തിരുത്തി കേരളം ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അനുകൂലമായി വിധിയെഴുതി; വലിയ ആഘോഷത്തിനുള്ള സമയമല്ല ഇതെന്ന് പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാഷ്ട്രീയ ചരിത്രം തിരുത്തി കേരളം വീണ്ടും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അനുകൂലമായി വിധിയെഴുതിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഈ സന്തോഷമാണ് ഇന്ന് പങ്കുവെക്കാനുള്ളതെന്നും പക്ഷേ ഇത്തരമൊരു വലിയ സന്തോഷം ആഘോഷിക്കാനുള്ള സമയമല്ല ഇതെന്നും പിണറായി പറഞ്ഞു.

ആഘോഷത്തിന് തയ്യാറെടുത്തവരടക്കം അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന നിലയാണ് പൊതുവില്‍ സ്വീകരിച്ചിരുന്നത്. അതിന് കാരണം വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിയാണ്.

കൊവിഡ് വ്യാപനം വലിയ തോതില്‍ നടക്കുന്നതുകൊണ്ട് അതിനെതിരെയുള്ള എല്ലാം മറന്ന പോരാട്ടം തുടരാനുള്ള ഒരു ഘട്ടമാണിത്. ഇന്ന് 31950 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ആകെ പരിശോധന നടത്തിയത് 112635 പേരെയാണ്. മരണമടഞ്ഞവര്‍ 49 പേരാണ്. സംസ്ഥാനത്ത് 339441 പേര്‍ ചികിത്സയിലുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് വിജയം ഒരു സംശയവുമില്ല നമ്മുടെ നാട്ടിലെ ജനങ്ങളുടെ വിജയമാണ്. ഇതിന്റെ നേരാവകാശികള്‍ കേരള ജനതയാണ്. തെരഞ്ഞെടുപ്പ് വന്നപ്പോഴും തുടക്കത്തിലും മധ്യത്തിലും കഴിഞ്ഞപ്പോഴും ഇപ്പോള്‍ അവസാനത്തെ വോട്ടെണ്ണുന്ന സമയം വരുന്നതിന് തൊട്ടുമുന്‍പിലും എല്ലാം ഒരേ നിലയാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ആവര്‍ത്തിച്ചിരുന്നത്.

അത്തരമൊരു നിലപാട് എന്തുകൊണ്ടാണ് എന്താണ് അത്ര വലിയ ഉറപ്പ് എന്നൊക്കെ സംശയം പ്രകടിപ്പിച്ചവരുണ്ട്. അന്ന് അത്തരം കാര്യങ്ങള്‍ക്ക് പറഞ്ഞ മറുപടി ഞങ്ങള്‍ ജനങ്ങളെ വിശ്വസിക്കുകയാണ്, ജനങ്ങള്‍ ഞങ്ങളേയും വിശ്വസിക്കുന്നുണ്ട്, കഴിഞ്ഞ തവണ നേടിയതിനേക്കാളും സീറ്റുകള്‍ എല്‍.ഡി.എഫ് നേടും എന്നായിരുന്നു പറഞ്ഞത്.

അത് തീര്‍ത്തും അന്വര്‍ത്ഥമാകും വിധമാണ് തെരഞ്ഞെടുപ്പ് ഫലം വന്നത്. വിശദമായ കണക്കുകളിലേക്കും വിശകലനത്തിലേക്കും ഇപ്പോള്‍ പോകുന്നില്ല. പിന്നീട് അത് നമുക്ക് നടത്താം. എന്നാല്‍ നാം കാണേണ്ട കാര്യം കേരളത്തില്‍ തെരഞ്ഞെടുപ്പ് അന്തരീക്ഷം വന്നതോടെ നാടിന്റെ ആകെ നില അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങളും ശ്രമങ്ങളുമാണ് ഇവിടെ ഉണ്ടായത് എന്നതാണ്.

അതിന്റെ ഭാഗമായി പല രീതിയിലുള്ള ആക്രമണങ്ങള്‍ ഉണ്ടായി. അതൊരു ഭാഗത്ത്. അതോടൊപ്പം തന്നെ നമുക്ക് നേരിടേണ്ടി വന്ന ഒരുപാട് പ്രതിസന്ധികള്‍ ഉണ്ട്. അതിനെയെല്ലാം മറികടന്നുകൊണ്ടാണ് നമുക്ക് മുന്നോട്ടുപോകേണ്ടിയിരുന്നത്. അക്കാര്യത്തില്‍ ജനങ്ങള്‍ പൂര്‍ണമായും എല്‍.ഡി.എഫിനോടൊപ്പമുണ്ടായി. അതുകൊണ്ടാണ് എല്ലാത്തിനേയും പ്രതിരോധിക്കാനും അതിജീവിക്കാനും നമുക്ക് കഴിഞ്ഞത്.

ആ ജനങ്ങള്‍ ഇനിയുള്ള നാളുകളിലും എല്‍.ഡി.എഫിനോടൊപ്പമുണ്ട് എന്നാണ് ഈ ജനവിധിയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ 5 വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്ന നിലയാണ് ഉണ്ടായിരിക്കുന്നത്. ഇവിടെ നാം ഒരു സംസ്ഥാനമെന്ന നിലയ്ക്ക് നേരിടുന്ന പ്രശ്‌നങ്ങള്‍ ഉണ്ട്. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്‍.ഡി.എഫിനാണ് കഴിയുക എന്ന പൊതുബോധ്യം ജനങ്ങള്‍ക്കുണ്ടായി എന്നാണ് ഫലം കാണിക്കുന്നത്.

കേരളത്തിന് കേരളത്തിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നമ്മെ ബാധിക്കുന്നുണ്ട്. നിരവധി പ്രശ്‌നങ്ങളില്‍ നമ്മുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുപോകേണ്ടതായുണ്ട്. അവ സംരക്ഷിക്കാനും നേടിയെടുക്കാനും എല്‍.ഡി.എഫിന് മാത്രമേ എന്തൈങ്കിലും ചെയ്യാനാവൂ എന്ന ബോധ്യം ജനങ്ങള്‍ക്കുണ്ട്.

നമ്മുടെ നാട് നേരിടേണ്ടി വന്ന കെടുതികള്‍, അതിന്റെ ഭാഗമായുണ്ടായ ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങള്‍, അതിനെ അതിജീവിക്കാന്‍ നടത്തിയ ശ്രമം ഇതെല്ലാം നാടും നാട്ടുകാരും കണ്ടതാണ്. അതുകൊണ്ട് തന്നെ എല്‍.ഡി.എഫ് നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ ഇത്തരമൊരു ആപല്‍ഘട്ടത്തില്‍ നാടിനെ എങ്ങനെ നയിക്കുന്നു എന്നതിന്റെ നേരിട്ടുള്ള അനുഭവമുള്ളവരാണ് ജനങ്ങള്‍.

അതിലൂടെയാണ് നാടിന്റെ ഭാവിക്ക് എല്‍.ഡി.എഫിന്റെ തുടര്‍ഭരണം വേണം, കേരളത്തിന്റെ വികസനത്തിന് എല്‍.ഡി.എഫിന്റെ തുടര്‍ഭരണം വേണം എന്ന് അവര്‍ ഉറപ്പിച്ചത്, പിണറായി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more