| Thursday, 24th October 2019, 4:07 pm

ജനങ്ങളെ ആരുടെ മുണ്ടിന്റെ കോന്തലയിലും കെട്ടിയിടാനാവില്ല; എല്‍.ഡി.എഫിന്റേത് മികച്ച വിജയം ; ബി.ജെ.പിക്ക് ത്രികോണമത്സരം പോലും കാഴ്ചവെക്കാനായില്ല: പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എല്‍.ഡി.എഫിന് അഭിമാനകരമായ വിജയം സമ്മാനിച്ച എല്ലാ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ദുഷ്പ്രചരണങ്ങളേയും തള്ളിക്കളഞ്ഞ് തങ്ങളുടെ അനുഭവങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് എല്‍.ഡി.എഫിനും സര്‍ക്കാരിനും പിന്തുണ നല്‍കിയ വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഈ തെരഞ്ഞെടുപ്പ് വിജയം ഭാരിച്ച ഉത്തരവാദിത്തം ഞങ്ങളില്‍ ഏല്‍പ്പിക്കുന്നതെന്ന തിരിച്ചറിവ് തന്നെയാണ് ഞങ്ങള്‍ക്കുള്ളത്. ഞങ്ങള്‍ക്ക് ഒരുകാര്യം മാത്രമേ വിനയാന്വിതമായി ജനങ്ങളോട് വ്യക്തമാക്കാനുള്ളൂ. ജനങ്ങള്‍ എല്‍.ഡി.എഫിലും സര്‍ക്കാരിലും അര്‍പ്പിച്ച വിശ്വാസം കാത്തൂസൂക്ഷിക്കും. അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ എല്ലാ ശ്രമവും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏത് കാറ്റിലും ഉലയാത്ത കോട്ട എന്നായിരുന്നു ആറ് മണ്ഡലങ്ങളേയും യു.ഡി.എഫ് വിശേഷിപ്പിച്ചത്. ഇതില്‍ മൂന്നിടത്തും എല്‍.ഡി.എഫ് ജയിച്ചു. അരൂര്‍ എല്‍.ഡി.എഫ് ജയിച്ച മണ്ഡലമായിരുന്നു. അവിടെ വിജയിക്കാനായില്ല. എങ്കിലും മൊത്തമായി എടുത്താല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ എല്‍.ഡി.എഫിന് 91 എം.എല്‍എമാരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് കൂടി വന്നപ്പോള്‍ അത് 93 ആയി.

2016 ഉുമായി താരതമ്യപ്പെടുത്തിയാല്‍ ജനകീയ അടിത്തറയും ജനപിന്തുണയും വര്‍ധിച്ചു. എല്ലാ ഉപതെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിന്റെ വോട്ട് വര്‍ധിപ്പിക്കാനായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കിയാല്‍ എല്‍.ഡി.എഫിന് വോട്ട് വര്‍ധന ഉണ്ടാക്കാനായി. ഇതിലൂടെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന ഉറച്ച പിന്തുണയാണ് കാണാന്‍ കഴിയുന്നത്.

നമ്മുടെ സംസ്ഥാനത്ത് ഒരു വേര്‍തിരിവുകള്‍ക്കും സാധ്യതയില്ല. ജാതിമത സങ്കുചിത ശക്തികള്‍ക്ക് നമ്മുടെ സംസ്ഥാനത്ത് വേരോട്ടം ഇല്ല. ആ ശക്തികള്‍ക്കെതിരെ മതനിരപേക്ഷ രാഷ്ട്രീയം വന്‍ വിജയം നേടുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വരളില്ല എന്നും തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.

പാല കഴിഞ്ഞതിന് ശേഷം ഈ അഞ്ച് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ പാല ആവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് സംഭവിച്ചു. വട്ടിയൂര്‍കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് നേടിയ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവി എന്ത് എന്ന ദിശാസൂചകമായി മാറുകയാണ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായ മണ്ഡലമാണ് ഇത്. ഇവിടെയാണ് എല്‍.ഡി.എഫിന്റെ പ്രശാന്ത് ആരേയും ആശ്ചര്യപ്പെടുത്തുന്ന കുതിപ്പ് നേടിയത്.

യു.ഡി.എഫ്, ബി.ജെ.പി ശക്തികേന്ദ്രങ്ങള്‍ ചിലത് ഇവിടെയുണ്ട്. അവിടങ്ങളിലടക്കം നല്ല ലീഡ് നേടിയാണ് വി.കെ പ്രശാന്തിന്റെ മുന്നേറ്റം ഉണ്ടായിരിക്കുന്നത്. ഇതില്‍ യുവജനങ്ങളുടെ ഇടപെടല്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ നാട്ടിലെ യുവത എത്രകണ്ട് ആവേശത്തോടെയാണ് തെരഞ്ഞെടുപ്പ് രംഗത്തടക്കം തള്ളി മുന്നോട്ട് വന്നതെന്ന് വട്ടിയൂര്‍കാവിലെ തെരഞ്ഞെടുപ്പ് പ്രചരണം വീക്ഷിച്ച ഏതൊരാള്‍ക്കും ബോധ്യമാകുന്ന കാര്യമാണ്. കഴിഞ്ഞ തവണ യു.ഡി.എഫ് വട്ടിയൂര്‍കാവില്‍ ജയിച്ചത് 10881 വോട്ടിനായിരുന്നു. ഇപ്പോള്‍ അത് മറികടന്ന് 14465 വോട്ട് ഭൂരിപക്ഷം നേടാന്‍ എല്‍.ഡി.എഫിനായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോന്നിയിലേക്ക് പോയാല്‍ അവിടെ അടൂര്‍പ്രകാശ് 20748 വോട്ടിന് ജയിച്ച മണ്ഡലമാണ്. അവിടെ ഇത്തവണ എല്‍.ഡി.എഫ് 9953 വോട്ടിന് വിജയിച്ചു. ബി.ജെ.പി ഇവിടെ വലിയ നേട്ടം ഉണ്ടാക്കും എന്നവകാശപ്പെട്ടു. ചില സീറ്റുകള്‍ നേടും എന്നും അവകാശവാദമുന്നയിച്ചു. ബി.ജെ.പിയേയും അതിന്റെ വര്‍ഗീയ അജണ്ടയേയും കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത.

കഴിഞ്ഞ ലോക്‌സഭാ നിയസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി വട്ടിയൂര്‍കാവില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ് ബി.ജെ.പി. വട്ടിയൂര്‍കാവിലായാലും കോന്നിയിലായാലും സീറ്റ് പിടിക്കുമെന്ന അവകാശവാദത്തോടെ രംഗത്തിറങ്ങിയ ബി.ജെ.പിക്ക് ഫലപ്രദമായ ഒരു ത്രികോണ മത്സരം പോലും കാഴ്ചവെക്കാനായില്ലെന്നാണ് തെരഞ്ഞെടുപ്പ് രംഗം തെളിയിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ യു.ഡി.എഫിന് ചില ക്രൃത്രിമമായ പ്രതീതി ഉണ്ടാക്കാന്‍ സാധിച്ചു. എന്നാല്‍ ഇപ്പോള്‍ അത് ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചു. അത് താത്ക്കാലികമായ ഒന്നാണെന്ന് അന്ന് തന്നെ ഞങ്ങള്‍ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ ശക്തമായി എല്‍.ഡി.എഫ് തിരിച്ചുവരുമെന്നും ഞങ്ങള്‍ ആ നാളുകളില്‍ തന്നെ പറഞ്ഞ കാര്യമാണ്. അതാണ് അക്ഷരം പ്രതി ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

ഇപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ മൂന്നര വര്‍ഷത്തോളമായി. സര്‍ക്കാരിന്റെ നവകേരള നിര്‍മിതിക്കുള്ള പ്രയത്‌നത്തിന് കൂടുതല്‍ ആവേശവും കരുത്തും പകരുന്നതാണ് ഈ ജനവധി. തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയ കാര്യമായിരുന്നു ഈ തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിനെ ശിഥിലീകരിക്കുന്നതിന് ഇടയാക്കും എന്ന്.നമ്മുടെ സംസ്ഥാനത്ത് യു.ഡി.എഫ് അപ്രസ്‌കത്മാകുന്നു എന്നാണ് ഫലം കാണിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടക്കം പുറംകരാര്‍ നടക്കുന്നു എന്ന പ്രതീതി ദയനീയമായ തോതില്‍ ഈ തെരഞ്ഞെടുപ്പില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

എല്‍.ഡി.എഫ് ജയിച്ച മണ്ഡലങ്ങളില്‍ മാത്രമല്ല യു.ഡി.എഫിന് തളര്‍ച്ചയുണ്ടായത്. ജയിക്കാത്ത മണ്ഡലം എടുത്ത് പരിശോധിച്ചാലും കാണും. എറണാകുളത്ത് 3633 വോട്ടിനാണ് യു.ഡി.എഫ് ജയിച്ചത്. അപരനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടേയും പേര് വോട്ടിങ് മെഷീനില്‍ തൊട്ടടുത്ത് ഉണ്ടാകുന്നു. അപരന് 2000 ത്തിലേറെ വോട്ട് കിട്ടുന്നു.

വളരെ പ്രത്യേകതയാര്‍ന്ന ദയനീയ സ്ഥിതിയാണ് എറണാകുളത്ത് യു.ഡി.എഫ് ജയിച്ചെങ്കിലും അവര്‍ക്ക് ഉണ്ടായിട്ടുണ്ട്. 20000 ത്തിലധികം വോട്ടിന്റെ കുറവ് എറണാകുളത്ത് അവര്‍ക്ക് സംഭവിച്ചു. എല്‍.ഡി.എഫിന് 2016 നെ അപേക്ഷിച്ച് നോക്കുമ്പോള്‍ നേരിയ കുറവുണ്ട്. പക്ഷേ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാളും നിലമെച്ചപ്പെടുത്താനായി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്തിന് പുറത്ത് നടന്ന തെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ മോഹത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ നിന്ന്, കുറച്ചുനാള്‍ കഴിയുമ്പോള്‍ തന്നെ അവര്‍ പിറകോട്ട് പോയിരിക്കുന്നു. 90 സീറ്റുള്ള ഹരിയാനയില്‍ മിഷന്‍ 75 എന്ന പദ്ധതിയുമായി ഇറങ്ങിയ ബി.ജെ.പിക്ക് ഭരണം ഉറപ്പാക്കാന്‍ പോലും കഴിയുന്നില്ല.

കേവലഭൂരിപക്ഷത്തിന് വേണ്ട 46 സീറ്റ് തികയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒരു പ്രത്യേകത മിക്ക എക്‌സിറ്റ് പോളുകളും ഹരിയാനയില്‍ വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തില്‍ തുടരും എന്നാണ് പ്രവചിച്ചത്. ബി.ജെ.പിക്ക് ആകെ ആശ്വസിക്കാന്‍ ഉള്ളത് മഹാരാഷ്ട്രയില്‍ ഭരണതുടര്‍ച്ച സാധിക്കുന്നുണ്ട് എന്നതാണ്. അവിടെ ബി.ജെ.പി ഒറ്റയ്ക്കല്ല. ശിവസേനയും ചേര്‍ന്നാണ്.

രാജ്യത്തെ ഇന്നത്തെസ്ഥിതി വെച്ചുള്ള കടുത്ത ജനരോഷത്തിന് ബി.ജെ.പി ഇരയാകുന്നു. അഖിലേന്ത്യാ തലത്തില്‍ ഒറ്റകക്ഷി ഭരണം എന്ന മോഹവുമായി തിരിച്ച ബി.ജെ.പിക്ക് ആ മോഹത്തെ തകര്‍ക്കുന്ന ജനവിധിയാണ് നേരിടേണ്ടി വന്നത്. അതേസമയം നമ്മുടെ സംസ്ഥാനത്ത് എല്‍.ഡി.എഫ് ഭരണത്തിനുള്ള ജനവിധിയാണ് കാണാന്‍ കഴിഞ്ഞത്.

എല്‍.ഡി.എഫിന് അഭിമാനകരമായ വിജയം സമ്മാനിച്ച എല്ലാ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നു. എല്ലാ ദുഷ്പ്രചരണങ്ങളേയും തള്ളിക്കളഞ്ഞ് തങ്ങളുടെ അനുഭവങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് എല്‍.ഡി.എഫിനും സര്‍ക്കാരിനും പിന്തുണ നല്‍കിയ വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നു. ഈ തെരഞ്ഞെടുപ്പ് വിജയം ഭാരിച്ച ഉത്തരവാദിത്തം ഞങ്ങളില്‍ ഏല്‍പ്പിക്കുന്നതെന്ന തിരിച്ചറിവ് തന്നെയാണ് ഞങ്ങള്‍ക്കുള്ളത്. ഞങ്ങള്‍ക്ക് ഒരുകാര്യം മാത്രമേ വിനയാന്വിതമായി ജനങ്ങളോട് വ്യക്തമാക്കാനുള്ളൂ. ജനങ്ങള്‍ എല്‍.ഡി.എഫിലും സര്‍ക്കാരിലും അര്‍പ്പിച്ച വിശ്വാസം കാത്തൂസൂക്ഷിക്കുമെന്നും അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ എല്ലാ ശ്രമവും നടത്തുമെന്നുമാണ് അത്.

മുണ്ടിന്റെ കോന്തലയില്‍ കെട്ടിടാന്‍ കഴിയുന്നവരല്ല ജനങ്ങള്‍ എന്ന കാര്യം എല്ലാവരും മനസിലാക്കിയാല്‍ നന്ന്. അവര്‍ സ്വതന്ത്രമായി ചിന്തിക്കുകയും സ്വതന്ത്രമായി അഭിപ്രായമുള്ളവരും അതിനനുസരിച്ച് വോട്ട് ചെയ്യുന്നവരുമാണ്. ആ നില കൂടുതല്‍ കേരളത്തില്‍ പ്രകടമായി വരികയാണ്.
പ്രശാന്തിന് വേണ്ടി ഇറങ്ങിയവര്‍ നേരത്തെ എല്‍.ഡി.എഫില്‍ പ്രവര്‍ത്തിച്ചിരുന്നവരല്ല. മറ്റൊരു ശക്തിക്കും അതിനെ തടുത്തു നിര്‍ത്താന്‍ കഴിയില്ല. നമ്മുടെ അനുഭവം നമ്മളെ കാര്യങ്ങള്‍ പഠിപ്പിക്കട്ടെ. മതനിരപേക്ഷതയുടെ കരുത്താണ് ഇത്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം ഞങ്ങള്‍ വരച്ച വരയില്‍ നിങ്ങള്‍ നില്‍ക്കണമെന്ന് പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ നമ്മുടെ സമൂഹം തയ്യാറല്ല. അത് തന്നെയാണ് ഇവിടെ കാണിക്കുന്നതും-പിണറായി വിജയന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more