കൊവിഡ് ഭീതിക്കിടയിലും പരിക്കേറ്റവരെ രക്ഷിക്കാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത് സഹജീവി സ്നേഹത്തിന്റെ മാതൃക; രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി
Kerala News
കൊവിഡ് ഭീതിക്കിടയിലും പരിക്കേറ്റവരെ രക്ഷിക്കാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത് സഹജീവി സ്നേഹത്തിന്റെ മാതൃക; രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th August 2020, 9:26 am

തിരുവനന്തപുര: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായഅപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ചത്

അപകടം ഉണ്ടായപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കിയത് വലിയൊരു ദുരന്താണ് ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ രക്ഷിക്കാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അധികൃതരോടൊപ്പം കൊവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ചു നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത് സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

രാത്രി വളരെ വൈകി രക്തദാനത്തിനായി എത്തി ഓരോ ജീവന്‍ രക്ഷിക്കാന്‍ തുനിഞ്ഞവരെയും അദ്ദേഹം അഭിനന്ദിച്ചു.

ദുബായില്‍ നിന്നും കോഴിക്കോടേയ്ക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് (കത1344) അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി 7.41ഓടെയാണ് അപകടമുണ്ടായത്.

പൈലറ്റ് അടക്കം 19 പേര്‍ മരിച്ചു. 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ടവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിലായി 13 പേരാണ് ഇതുവരെ മരിച്ചത്. മലപ്പുറം ജില്ലയിലെ ആശുപത്രികളിലായി ആറ് പേരും മരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കരിപ്പൂര്‍ വിമാന താവളത്തില്‍ വിമാനം അപകടത്തില്‍പെട്ടപ്പോള്‍ ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ ആയത് വലിയൊരു അളവ് വരെ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുവാന്‍ ഇടയാക്കിയിട്ടുണ്ട്.

പരിക്കേറ്റവരെ രക്ഷിക്കാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അധികൃതരോടൊപ്പം കോവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ചു നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത് സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ അനുഭവമാണ്. രാത്രി ഏറെ വൈകിയും ആശുപത്രികളില്‍ രക്തദാനത്തിനായി എത്തിച്ചേര്‍ന്ന യുവാക്കളുടെ നീണ്ട നിരയും ദുരന്തത്തിനിടയിലും കേരളത്തിന് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു. രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഓരോരുത്തരെയും അഭിവാദ്യം ചെയ്യുന്നു.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക