തൊഴിലാളികളുടെ പേടി മാറ്റാന്‍ ശ്മശാനത്തിലുറങ്ങിയ തെലുങ്ക് ദേശം എം.എല്‍.എയ്ക്ക് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala News
തൊഴിലാളികളുടെ പേടി മാറ്റാന്‍ ശ്മശാനത്തിലുറങ്ങിയ തെലുങ്ക് ദേശം എം.എല്‍.എയ്ക്ക് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th June 2018, 8:56 pm

തിരുവനന്തപുരം: പ്രേതബാധയുണ്ടാകാമെന്ന പേടിയില്‍ ശ്മശാനം പുതുക്കി പണിയാന്‍ പണിക്കാരാരും എത്താതിനെ തുടര്‍ന്ന് ഒരു ദിവസം ശ്മശാനത്തില്‍ കഴിച്ചുകൂട്ടിയ തെലുങ്ക് ദേശം പാര്‍ട്ടി എം.എല്‍.എ നിമ്മല രാമ നായിഡുവിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി നിമ്മല രാമാ നായിഡുവിന് അഭിനന്ദനം അറിയിച്ചത്. പലക്കോളെ നഗരത്തിന്റെ ഭാഗമായുള്ള ശ്മശാനം വര്‍ഷങ്ങളായി ശോചനീയാവസ്ഥയിലായിരുന്നു.

പ്രദേശവാസികളുടെ നിരന്തരമായ അഭ്യര്‍ത്ഥനകള്‍ക്കൊടുവിലാണ് ആധുനിക രീതിയില്‍ പുതിയ ശ്മശാനം പണിയുന്നതിനു വേണ്ടി മൂന്ന് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്. എട്ട് മാസം മുന്‍പായിരുന്നു തുക അനുവദിച്ചു കിട്ടിയത്.

മുറ്റത്ത് ഒരു തോട്ടമുള്‍പ്പെടെ ശവശരീരം ദഹിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ സൗകര്യങ്ങളും ജോലിക്കാര്‍ക്കുള്ള കുളിമുറിയുമടങ്ങിയ പുതിയ ശ്മശാന കെട്ടിടമാണ് ഇവിടെ പണിയാന്‍ ഉദ്ദേശിക്കുന്നത്.


Also Read  കസ്റ്റഡി മരണങ്ങളെ എതിര്‍ത്താല്‍ മാവോയിസ്റ്റാക്കുന്ന പൊലീസ്


പക്ഷെ പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനും പുതിയത് പണിയുന്നതിനും വേണ്ടി രണ്ട് തവണ ടെന്‍ഡര്‍ വിളിച്ചിട്ടും ആരും എത്തിയില്ല. തുടര്‍ന്നാണ് എം.എല്‍.എ വ്യത്യത പ്രതിഷേധവുമായി രംഗത്തുവന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഒരു നാടിന്റെ അന്ധവിശ്വാസം മാറ്റാനും ഭയന്നു പിന്മാറിയ തൊഴിലാളികള്‍ക്ക് ധൈര്യം പകരാനും ശ്മശാനത്തില്‍ ഊണും ഉറക്കവുമൊഴിച്ച് വ്യത്യസ്തമായ രീതിയില്‍ ഇടപെടുന്ന ആന്ധ്ര എം.എല്‍.എ നിമ്മല രാമനായിഡുവിനെ അഭിവാദ്യം ചെയ്യുകയും അഭിനന്ദനം അറിയിക്കുകയും ചെയ്യുന്നു.

അന്ധവിശ്വാസങ്ങള്‍ക്കെതിരെ വലിയതോതില്‍ പൊതുബോധം നിലനില്‍ക്കുന്ന കേരളത്തില്‍ നിന്ന് നോക്കുമ്പോള്‍ ഇത് നിസ്സാരമായി തോന്നാം.

എന്നാല്‍, രാജ്യത്തിന്റെ പലഭാഗങ്ങളിലും തടസ്സമില്ലാതെ തുടരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സാമൂഹ്യ-രാഷ്ട്രീയ മേഖലകളിലെ പിന്തിരിപ്പന്‍ പ്രവണതകള്‍ക്ക് വളമൊരുക്കുകയാണ്.


Also Read  സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയില്‍ വീണ്ടും മലയാളി സ്ത്രീസാന്നിധ്യം; എ.ആര്‍ സിന്ധു കേന്ദ്ര കമ്മിറ്റിയിലേക്ക്


ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലകോല്‍ ശ്മശാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി നിമ്മല രാമനായിഡു ആരംഭിച്ചത് അത്തരം അവസ്ഥ ഇല്ലാതാക്കാനുള്ള സമരമായി കാണുന്നു.

“പ്രേതഭയം” മൂലം പതിറ്റാണ്ടുകളായി നവീകരണ പ്രവൃത്തി മുടങ്ങിയ ശ്മശാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും അതിനായി തൊഴിലാളികളെ കൂടെ നിര്‍ത്താനുമാണ് തെലുഗു ദേശം പാര്‍ട്ടി എം.എല്‍.എ രാമനായിഡു മാലിന്യക്കൂമ്പാരത്തില്‍ നിന്നുള്ള മനംമടുപ്പിക്കുന്ന ദുര്‍ഗന്ധത്തേയും അസഹ്യമായ കൊതുകുകടിയേയും കൂസാതെ അത്താഴം കഴിച്ച് കിടന്നുറങ്ങിയത്.

മൂന്നു കോടി രൂപ ചെലവില്‍ ശ്മശാനം നവീകരിക്കാന്‍ എട്ടു മാസം മുമ്പ് ആരംഭിച്ച ശ്രമം “പ്രേതബാധ” ഉണ്ട് എന്ന് വിശ്വസിച്ച് തൊഴിലാളികള്‍ പിന്മാറിയതോടെയാണ് നിലച്ചത്.

തന്റെ ശ്മശാന വാസം തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നും ജോലികള്‍ ഉടനെ പുനരാരംഭിക്കാന്‍ കഴിയുമെന്നും രാമനായിഡു ആത്മവിശ്വാസം പ്രകടിപ്പിച്ചതായി വാര്‍ത്തയുണ്ട്.

പ്രാദേശികമായ ഒറ്റപ്പെട്ട സംഭവമായല്ല, നിലനില്‍ക്കുന്ന ദുരാചാരങ്ങളേയും അതിന്റെ പിന്തിരിപ്പന്‍ രാഷ്ട്രീയത്തേയും ചെറുത്തു തോല്‍പ്പിക്കാനുള്ള മുന്‍കൈ ആയാണ് ഇതിനെ കാണേണ്ടത്.