ഇടുക്കി: കയറിക്കിടക്കാന്‍ ഒരു വീടില്ലാത്തതിന്റെ ദുഃഖം മുഖ്യമന്ത്രിക്കു മുന്നില്‍ പങ്കുവെച്ച് പതിനൊന്നു വയസുകാരി. കട്ടപ്പനയിലെ പട്ടയമേളയുടെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. കൊച്ചുതോവാള കുന്നേല്‍ ഷാജി ബീന ദമ്പതികളുടെ മകള്‍ അനൂഷ പിണറായിക്ക് മുന്നില്‍ എത്തി തന്റെ ദയനീയാവസ്ഥ പറഞ്ഞത്.
ഉദ്ഘാടന പ്രസംഗത്തിനു ശേഷം മുഖ്യമന്ത്രി കസേരയില്‍ ഇരുന്നതോടെ നിരവധി പേര്‍ അദ്ദേഹത്തിന് അരികിലെത്തി നിവേദനങ്ങള്‍ കൈമാറിയിരുന്നു.
അമ്മയ്ക്കും ചേച്ചി അമലയ്ക്കും ഒപ്പമാണ് അനൂഷ ഇവിടെയെത്തിയത്. അനൂഷയാണ് മുഖ്യമന്ത്രിക്ക് നിവേദനം വേദിയിലെത്തി കൈമാറിയത്. എന്നാല്‍ തിരക്കായിരുന്നതിനാല്‍ മുഖ്യമന്ത്രിയോട് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല.
അമ്മയുടെ അരികിലെത്തി കസേരയില്‍ ഇരുന്നെങ്കിലും തന്റെ ദയനീയാവസ്ഥ മുഖ്യമന്ത്രിയോട് പറയാന്‍ കഴിയാത്തതിന്റെ വിഷമയത്തിലായിരുന്നു അവള്‍.
എന്തുവന്നാലും വീടിന്റെ കാര്യം മുഖ്യമന്ത്രിയോട് നേരിട്ടു പറയണമെന്ന് ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും വേദിയില്‍ കയറുന്നത് പൊലീസ് തടയുമോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും രണ്ടും കല്പിച്ച് വേദിയില്‍ കയറി പിണറായി വിജയന്റെ കസേരയ്ക്ക് അരികിലെത്തി അദ്ദേഹത്തിന്റെ കൈപിടിച്ചു കാര്യം പറയുകയായിരുന്നു.
പറയുന്നതിനിടെ സങ്കടം കാരണം കണ്ണുനിറഞ്ഞൊഴുകി.. വാക്കുകള്‍ പലതും മുറിഞ്ഞു. എന്നാല്‍ പുഞ്ചിരിയോടെ തോളത്തുതട്ടി ആശ്വസിപ്പിച്ച പിണറായി “നിന്റെ വീടിന്റെ കാര്യമല്ലേ..നമുക്ക് ശരിയാക്കാ””മെന്ന് പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു. ഉടന്‍ തന്നെ കണ്ണുതുടച്ച് അമ്മയ്ക്കരികിലേക്ക് മടങ്ങുകയും ചെയ്തു അനൂഷ.
അനൂഷയുടെ അച്ഛന്‍ ഷാജി കൂലിപ്പണിക്കാരനാണ്. അമ്മ ആശ വര്‍ക്കറാണ്. ഇഷ്ടിക ഉപയോഗിച്ച് നിര്‍മിച്ച ഷീറ്റ്മേഞ്ഞ ചോര്‍ന്നൊലിക്കുന്ന പുരയിലാണ് ഇവര്‍ താമസിക്കുന്നത്. കട്ടപ്പന നഗരസഭ 11ാം വാര്‍ഡിലാണ് ഇവര്‍ താമസിക്കുന്നത്. ഒരു വീടിനു വേണ്ടി പല പ്രാവശ്യം നഗരസഭയില്‍ അപേക്ഷ നല്‍കിയെങ്കിലും രാഷ്ട്രീയ വിരോധം മൂലം വാര്‍ഡ് കൗണ്‍സിലര്‍ ഇടപെട്ട് തടയുകയായിരുന്നു.
സഹികെട്ടാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചതെന്ന് ബീന പറഞ്ഞു. എന്നാല്‍, വീടില്ലാത്തതിന് മകള്‍ക്ക് ഇത്രയും സങ്കടമുണ്ടെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും അവര്‍ പറഞ്ഞു.