| Thursday, 4th January 2018, 9:49 am

മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ്; എറണാകുളത്തെ പീസ് സ്‌ക്കൂള്‍ അടച്ചു പൂട്ടാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചിരുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളത്തെ പീസ് ഇന്റര്‍ നാഷണല്‍ സ്‌ക്കൂള്‍ അടച്ചു പൂട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. ജില്ലാ കളക്ടറുടെയും വിദ്യഭ്യാസ വകുപ്പിന്റെയും അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.

ഇസ്‌ലാമിക പ്രഭാഷകനായ എം.എം അക്ബറുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീസ് ഫൗണ്ടേഷനു കീഴില്‍ പീസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്‌ക്കൂളുകള്‍ നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പീസ് ഫൗണ്ടേഷനിലെ മറ്റ് സ്‌ക്കൂളുകള്‍ക്ക് ബാധകമാണോയെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയാല്‍ മാത്രമേ വ്യക്തമാകു.

നിലവില്‍ പീസ് സ്‌ക്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ സമീപത്തെ വിദ്യാലയങ്ങളിലേക്ക് മാറ്റാനും നിര്‍ദ്ദേശമുണ്ട്.എറണാകുളം ചക്കരപ്പറമ്പിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്ന് മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഉള്ള പാഠഭാഗങ്ങള്‍ 2016 ഒക്ടോബറിലാണ് പൊലീസ് പിടിച്ചെടുത്തത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ പാഠപുസ്തകത്തിലെ ആക്ടിവിറ്റി ഭാഗമാണ് വിവാദത്തിലായിരുന്നത്.

സ്‌കൂള്‍ ട്രസ്റ്റികളും വ്യവസായികളുമായ ബാബു മൂപ്പന്‍, നൂര്‍ഷ കള്ളിയത്ത്, സിറാജ് മേത്തര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. മുംബൈ ആസ്ഥാനമായ ബൂര്‍ജ് റിയലൈസേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ബൂര്‍ജിന്റെ ചെയര്‍മാന്‍ ദാവൂദ് വെയ്ത് (38) ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്റെ ചുമതലക്കാരനായ സമീദ് അഹമ്മദ് ഷെയ്ക് (31), ഡിസൈനര്‍ സഹില്‍ ഹമീദ് സെയ്ദ് (28) എന്നിവര്‍ പിടിയിലായിരുന്നു. സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ എം.എം. അക്ബറെ വിദേശത്തുനിന്ന് എത്തിക്കാനുള്ള നടപടികളിലാണ് പോലീസ് ഇപ്പോഴും.


Also Read മതങ്ങളിലേക്ക് ചുരുങ്ങുന്ന കുട്ടികള്‍; മതസ്ഥാപനങ്ങളുടെ വിദ്യാലയങ്ങള്‍ തകര്‍ക്കുന്നത് വളരുന്ന മതേതര സമൂഹത്തെയോ?


ഇവര്‍ നല്‍കുന്ന പുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചത് അക്ബര്‍ ചെയര്‍മാനായ കരിക്കുലം സമിതിയാണ്.ആരോപണവിധേയമായ പാഠഭാഗങ്ങള്‍ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പുസ്തകത്തില്‍ ഉണ്ടെങ്കിലും അത് സ്‌കൂളുകളില്‍ പഠിപ്പിക്കുന്നില്ലെന്നായിരുന്നു അന്ന് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വിശദീകരണം.

വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നുവെന്നായിരുന്നു പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്. എന്‍.സി.ഇ.ആര്‍.ടി.യോ, സി.ബി.എസ്.ഇ.യോ, എസ്.സി.ഇ.ആര്‍.ടി.യോ നിര്‍ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നതെന്നും ചെറുപ്പത്തിലേ കുട്ടികളില്‍ മതവിദ്വേഷം കുത്തിവയ്ക്കുന്ന പാഠഭാഗങ്ങളും ചോദ്യോത്തരങ്ങളുമാണ് രണ്ടാം ക്ലാസിലെയും മറ്റും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നെതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ സെക്രട്ടറിയും നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് സി.ബി.എസ്.ഇ. അംഗീകാരത്തിനായുള്ള എന്‍.ഒ.സി. നല്‍കേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു മതത്തിന് മാത്രം പ്രാധാന്യം നല്‍കിയുള്ള സിലബസും അധ്യായനവും കുട്ടികളുടെ വിദ്യഭ്യാസ അവകാശ നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നാണ് ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more