| Thursday, 4th April 2024, 10:25 am

ലീഗിന്റെ വോട്ട് വേണം പക്ഷെ പതാക വേണ്ട; രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ പാര്‍ട്ടി പതാക ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം; വയനാട്ടില്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയില്‍ കോണ്‍ഗ്രസിന്റെയും ലീ​ഗിന്റെയും പതാക ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം പാര്‍ട്ടിയുടെ പതാക ഉയര്‍ത്താനുള്ള ആര്‍ജവം കോണ്‍ഗ്രസിന് ഇല്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.

കഴിഞ്ഞ തവണ വിവാദമുണ്ടായതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ മുസ്‌ലിം ലീഗിന്റെ പതാകയും കോണ്‍ഗ്രസിന്റെ പതാകയും ഒഴിവാക്കിയത്. ഇത് ഭീരുത്വമാണ്. മുസ്‌ലിം ലീഗിന്റെ വോട്ട് വേണം, എന്നാല്‍ പതാക പാട്ടില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ലീഗ് പതാക ലോകത്തെ കാണിക്കുന്നതില്‍ നിന്ന് ഒളിച്ചോടാന്‍ സ്വന്തം പതാകക്ക് പോലും അയിത്തം കല്‍പ്പിക്കുന്ന ദുരവസ്ഥയിലേക്ക് കോണ്‍ഗ്രസ് മാറിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോണ്‍ഗ്രസിന്റെ പതാകയുടെ ചരിത്രം അറിയുമോ എന്ന് സംശയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചരിത്രം അറിയുന്ന ചിലര്‍ സൗകര്യ പൂര്‍വ്വം അത് വിസ്മരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തോടൊപ്പം ആ പതാക ഉയര്‍ത്തിപ്പിടിക്കാന്‍ ജീവന്‍ ത്യാഗം ചെയ്ത് ധീര ദേശാഭിമാനികളെ പോലും കോണ്‍ഗ്രസ് മറന്നിരിക്കുന്നു. കോണ്‍ഗ്രസിന്റെ ത്രിവര്‍ണ പതാക ജാതി-മത ഭേദമന്യേ എല്ലാ ഇന്ത്യക്കാരെയും ഒരേ പോലെ കാണുന്നു എന്നാണ് ഗാന്ധിജി മുന്നോട്ട് വെച്ച ആശയം. ആ പതാകയുടെ അടിസ്ഥാന സത്ത ഉള്‍ക്കൊണ്ടാണ് ഇന്ത്യയുടെ ദേശീയ പതാകക്കും രൂപം നല്‍കിയതെന്ന് ഓര്‍ക്കണം,’ മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ സമര കാലത്ത് ത്രിവര്‍ണപതാക ഉയര്‍ത്താന്‍ വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച പോരാളികളെ കുറിച്ച് കോണ്‍ഗ്രസിന് അറിയില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഈ ചരിത്രങ്ങളാണ് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ബി.ജെ.പിയെ ഭയന്ന് കോണ്‍ഗ്രസ് ഒളിച്ച് വെക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം വയനാട്ടില്‍ പത്രികാ സമര്‍പ്പണത്തിന് എത്തിയ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പതാക ഒഴിവാക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പതാകകള്‍ക്ക് പകരം രാഹുല്‍ ഗാന്ധിയുടെ കട്ടൗട്ടുകളും നീല ബലൂണുകളും മാത്രമായിരുന്നു റോഡ് ഷോയില്‍ ഉണ്ടായിരുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനിടെ ലീഗിന്റെ പതാക ഉയര്‍ത്തി കാട്ടി ഹിന്ദി ബെല്‍റ്റുകളില്‍ കോണ്‍ഗ്രസിനെതിരെ വിദ്വേഷ പ്രചാരണം ബി.ജെ.പി നടത്തിയിരുന്നു.

Content Highlight: pinarayi vijayan opposes removal of congress flag from Rahul Gandhi’s road show

We use cookies to give you the best possible experience. Learn more