| Thursday, 22nd October 2020, 7:24 pm

'രാഹുല്‍ കേരളത്തെ അഭിനന്ദിച്ചത് ദേശീയ നേതാവെന്ന നിലയില്‍'; രമേശ് ചെന്നിത്തല അനുകൂലിക്കുന്നുണ്ടോ എന്നത് തന്റെ വിഷയമല്ലെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിനന്ദിച്ചത് നല്ല കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ദേശീയ നേതാവെന്ന നിലയില്‍ എല്ലാ സംസ്ഥാനങ്ങളിലെയും സാഹചര്യം മനസ്സിലാക്കിയാണ് രാഹുലിന്റെ പ്രതികരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒപ്പം രാഹുലിന്റെ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടെന്തെന്നത് അവരുടെ കാര്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘രാഹുല്‍ ഗാന്ധി വളരെ നല്ല നിലയ്ക്കാണ് കാര്യങ്ങള്‍ കണ്ടത്. കോണ്‍ഗ്രസിന്റെ ദേശീയ നേതാവെന്ന നിലയ്ക്ക് അദ്ദേഹം രാജ്യത്തുള്ള എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും കണ്ടിട്ടുള്ള ആളാണ്. അങ്ങനെ വ്യത്യസ്ത സംസ്ഥാനങ്ങളിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ (കേരളത്തില്‍)  നല്ല നിലയ്ക്കാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് പ്രകീര്‍ത്തിച്ചു കൊണ്ട് പറഞ്ഞത്. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് യോജിക്കുന്നുണ്ടോ യോജിക്കുന്നില്ലേ എന്നത് അവരുടെ കാര്യമാണ്. അതിലേക്ക് ഞാന്‍ അഭിപ്രായം പറയേണ്ട കാര്യമില്ല,’ മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്റെ പ്രസ്താവന തളളി രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ മികച്ച ഇടപെടല്‍ കൊവിഡ് പ്രതിരോധത്തെ ഫലപ്രദമാക്കുന്നുണ്ടെന്നും കേരളത്തിന് എതിരെയുള്ള മന്ത്രിയുടെ വിമര്‍ശനം ദൗര്‍ഭാഗ്യകരമെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് വിമര്‍ശനങ്ങളോട് യോജിക്കാനാകില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തിയ രാഹുല്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് വിലയിരുത്തിയിരുന്നു.

രാഹുലിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. കേരളത്തിലെ പ്രാദേശിക വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്തരം കാര്യങ്ങള്‍ പറയാന്‍ തങ്ങളൊക്കെ ഇവിടെ ഉണ്ടല്ലോ എന്നായിരുന്നു ചെന്നിത്തല ചോദിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinarayi Vijayan on Rahul Gandhi’s comment on kerala covid

We use cookies to give you the best possible experience. Learn more