കോഴിക്കോട്: അറുപത്തിയഞ്ചാമത് ദേശീയ അവാര്‍ഡ് ബഹിഷ്‌കരിച്ചതിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രപതിയെ അപമാനിക്കുന്ന തരത്തിലുള്ള നടപടിയാണ് സ്മൃതി ഇറാനിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അവാര്‍ഡ് ജേതാക്കള്‍ നടത്തിയ പ്രതിഷേധം ന്യായമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ ഉല്പന്നമാണ് ചലച്ചിത്ര പുരസ്‌കാര വിതരണത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങള്‍. കീഴ്വഴക്കം ലംഘിച്ചു പുരസ്‌കാര വിതരണത്തില്‍ എന്തിനു പന്തിഭേദം സൃഷ്ടിച്ചു എന്ന് കേന്ദ്ര ഭരണ നേതൃത്വം വിശദീകരിച്ചിട്ടില്ല. സ്മൃതി ഇറാനിക്കുവേണ്ടി രാഷ്ട്രപതിയെ വിവാദത്തിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അവാര്‍ഡ് ജേതാക്കള്‍ നടത്തിയ പ്രതിഷേധം ന്യായമാണ്. ചടങ്ങിനെത്താതെ പ്രതിഷേധിച്ചവര്‍ പുരസ്‌കാരം തിരസ്‌ക്കരിച്ചിട്ടില്ല. അര്‍ഹമായ കൈകളില്‍ നിന്നു അത് ലഭിക്കണം എന്ന ആവശ്യമാണ് ഉയര്‍ത്തിയത്. അര്‍ഹതയ്ക്കുള്ള ഉന്നതമായ അംഗീകാരം ഏറ്റുവാങ്ങേണ്ടുന്ന വേളയെ ത്യാഗമനസ്സോടെ അനീതിക്കെതിരായ സമരമാക്കി മാറ്റിയ ചലച്ചിത്ര പ്രതിഭകള്‍ സാമൂഹിക ഉത്തരവാദിത്തമാണ് നിര്‍വഹിച്ചത്. മുഖ്യമന്ത്രി പറഞ്ഞു.
Read | മഹാരാഷ്ട്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് അരലക്ഷത്തോളം കര്‍ഷകരുടെ സംഗമം
എതിര്‍ സ്വരങ്ങളെ ഇല്ലാതാക്കി ഏകാധിപത്യം സ്ഥാപിക്കാനുള്ള ഓട്ടത്തിനിടയിലാണ് ഇത്തരം അവഹേളനങ്ങള്‍ ഉണ്ടാകുന്നത്. അത് ആസൂത്രിത പദ്ധതിയുടെ ഭാഗമായി കാണണം. ആ പശ്ചാത്തലത്തില്‍, ചലച്ചിത്ര പ്രതിഭകളുടെ പ്രതിഷേധത്തിനും പ്രതികരണത്തിനും വലിയ പ്രാധാന്യമുണ്ട്. അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും കോയ്മക്കെതിരെ രാജ്യത്താകെ വളര്‍ന്നുവരികയും ശക്തിപ്പെടുകയും ചെയ്യുന്ന പ്രതിഷേധത്തിന്റെ കനലാണ് ചലച്ചിത്ര രംഗത്തും എരിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ സിനിമാലോകത്ത് നിന്നടക്കം ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ഏറെക്കാലമായി ധാര്‍ഷ്ട്യമാണെന്നും യേശുദാസും ജയരാജും മറ്റുള്ള കലാകാരന്‍മാര്‍ക്ക് മാതൃകയാകേണ്ടവരായിരുന്നുവെന്നും ചലചിത്ര അക്കാദമി ചെയര്‍മാനായ കമല്‍ ഇന്ന് പ്രതികരിച്ചിരുന്നു.
ചടങ്ങില്‍ പങ്കെടുത്ത യേശുദാസിന്റേയും ജയരാജിന്റേയും നടപടിയെ വിമര്‍ശിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും സനല്‍കുമാര്‍ ശശിധരനും സംവിധായകന്‍ റസൂല്‍ പൂക്കുട്ടിയും നജീം കോയയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
ദേശീയ പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ മന്ത്രി സ്മൃതി ഇറാനിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവിയും രംഗത്തെത്തിയിരുന്നു. ഞാന്‍ തീരുമാനിക്കുന്നതുപോലെയാണ് കാര്യങ്ങള്‍ എന്ന സ്മൃതി ഇറാനിയുടെ ധാര്‍ഷ്ട്യം തെറ്റാണെന്നും ഒരു മന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ പതിനൊന്നു പേര്‍ ഒഴികെയുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ ഉപരാഷ്ട്രപതിയോട് ആവശ്യപ്പെടേണ്ടത് സ്മൃതി ഇറാനിയുടെ കടമയായിരുന്നുവെന്നും മേജര്‍ രവി പറഞ്ഞിരുന്നു.