തിരുവനന്തപുരം: അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനം. കോണ്‍ഗ്രസിനെ ആര്‍.എസ്. എസ് ഹൈജാക്ക് ചെയ്‌തെന്നും ലീഗിനെ ജമാ അത്തെ ഇസ്‌ലാമി ഹൈജാക്ക് ചെയ്‌തെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.
‘അയോധ്യ വിഷയത്തില്‍ ബി.ജെ.പിയോട് കോണ്‍ഗ്രസും കോണ്‍ഗ്രസിനോട് ലീഗും ചേര്‍ന്നു നില്‍ക്കുന്നുണ്ടെന്ന് ഞാന്‍ നേരത്തെ പറഞ്ഞു. അവിശ്വാസ പ്രമേയത്തിലും അത്തരമൊരു ചേര്‍ത്തു നില്‍പ്പു തന്നയെല്ലേ നാം കാണുന്നത്. ഇത്തരത്തില്‍ ഒരു പൊതു രാഷ്ട്രീയ പ്ലാറ്റ് ഫോം ഉയര്‍ന്നു വരുന്നുണ്ട്. കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്ലാറ്റ്‌ഫോം,’
‘ഹാഗിയ സോഫിയ വിഷയത്തില്‍ കൂടി ജമാ അത്തെ നിലപാട് ചേര്‍ത്തു വെച്ചാല്‍ ഇത് കൃത്യമായി മനസ്സിലാക്കാം. ലീഗില്‍ ജമാ അത്തെ വകയായുള്ള ഇസ്‌ലാമിക വല്‍ക്കരണമാണ് നടക്കുന്നത്. കോണ്‍ഗ്രസില്‍ ആര്‍.എസ്.എസ് വകയായുള്ള ഹിന്ദുത്വ വല്‍ക്കരണവും,
ഇവയെല്ലാം ചേര്‍ന്നതാണ് ഈ പുതിയ രാഷ്ട്രീയ പ്ലാറ്റ്‌ഫോം. ജമാ അത്തെ ഇസ്‌ലാമിയുടെ മത മൗലിക വാദം ലീഗിനെ ഹൈജാക്ക് ചെയ്തു. ബി.ജെ.പിയുടെ ഹിന്ദുത്വ വാദം കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തു. ഇവരെല്ലാം ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധ, ഇടതു പക്ഷ വിരുദ്ധ, ജനാധിപത്യ വിരുദ്ധ പ്ലാറ്റ്‌ഫോമില്‍ ഒരുമിക്കുന്നു,’ മുഖ്യമന്ത്രി പറഞ്ഞു.