| Wednesday, 16th May 2018, 10:43 pm

ബി.ജെ.പിക്ക് മന്ത്രിസഭയുണ്ടാക്കാന്‍ ഭരണഘടനാ സ്ഥാപനത്തെ ദുരുപയോഗം ചെയ്യുന്നു, ഗവര്‍ണ്ണറുടെ നടപടി പുനഃപരിശോധിക്കണം: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കര്‍ണാടകയിലെ തെരഞ്ഞെടുപ്പു സംഭവവികാസങ്ങള്‍ ജനഹിതവും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളും അട്ടിമറിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പിക്ക് മന്ത്രിസഭയുണ്ടാക്കാന്‍ ഭരണഘടനാ സ്ഥാപനത്തെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

“ജനഹിതവും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളും അട്ടിമറിക്കുന്നതാണ് കര്‍ണാടകയിലെ സംഭവങ്ങള്‍. നിയമസഭയില്‍ ഭൂരിപക്ഷമുള്ള സഖ്യത്തെ പുറത്തു നിര്‍ത്തി, കുറഞ്ഞ വോട്ടും കുറഞ്ഞ സീറ്റും നേടിയ ബി.ജെ.പിക്ക് മന്ത്രി സഭയുണ്ടാക്കാന്‍ ഭരണഘടനാ സ്ഥാപനത്തെ ദുരുപയോഗിക്കുകയാണ്”, പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.


Also Read: നിയമപോരാട്ടത്തിനെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിന് പിന്നാലെ യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന ട്വീറ്റ് പിന്‍വലിച്ച് ബി.ജെ.പി


ബി.ജെ.പിയുടെ താല്‍പര്യങ്ങള്‍ നടപ്പാക്കാനും ജനാധിപത്യത്തെ ഹനിക്കാനുമുള്ള ഒന്നാക്കി ഗവര്‍ണ്ണര്‍ പദവിയെ മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു. “ബി.ജെ.പിയുടെ തീരുമാനം ഗവര്‍ണ്ണര്‍ നടപ്പാക്കുന്നു എന്ന സന്ദേശമാണ്, രാജ്ഭവന്‍ എന്തു തീരുമാനിക്കുമെന്ന് മുന്‍കൂര്‍ പ്രഖ്യാപിച്ച ബി.ജെ.പി വക്താവ് നല്‍കിയത്”, പിണറായി പറഞ്ഞു.

കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നത് ജനാധിപത്യക്കശാപ്പാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. നിയമസഭയില്‍ കേവല ഭൂരിപക്ഷമില്ലാത്ത കക്ഷിയെ മന്ത്രി സഭ രൂപീകരിക്കാന്‍ ക്ഷണിച്ച കര്‍ണ്ണാടക ഗവര്‍ണ്ണറുടെ നടപടി പുനഃപരിശോധിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.


Watch DoolNews:

We use cookies to give you the best possible experience. Learn more