ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണെന്നും ജനകീയ ആവശ്യങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന ജനപ്രതിനിധികള്‍ക്കെതിരെ കേസ് എടുക്കുന്ന നടപടി രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും പിണറായി അറിയിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് ഇടുക്കി ഡി.സി.സി പ്രസിഡന്റ് റോയ്.കെ.പൗലോസാണ് ജോയ്‌സ് ജോര്‍ജ് എം.പിയെ കയ്യേറ്റം ചെയ്തത്. അതേസമയം ജോയ്‌സ് ജോര്‍ജിനെതിരെയുള്ള കയ്യേറ്റം അപലപനീയമാണെന്നും എം.പിക്കെതിരെ കള്ളക്കേസ് ചുമത്തിയിരിക്കുകയാണെന്നും സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി പറഞ്ഞു.
ജോയ്‌സ് ജോര്‍ജിനെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് വരുംദിനങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മണി കൂട്ടിച്ചേര്‍ത്തു. ഇടുക്കി മാമലക്കണ്ടത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞ സംഭവത്തില്‍ ജോയ്‌സ് ജോര്‍ജ് എം.പിക്കെതിരേ കേസെടുത്ത സാഹചര്യത്തിലാണ് മണിയുടെ പ്രതികരണം.
മലയോര ഹൈവേയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കലുങ്കുകള്‍ പൊളിച്ചത് പരിശോധിക്കാനെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാഹനം ജോയ്‌സ് ജോര്‍ജ് എം.പിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകുന്നേരം തടഞ്ഞിരുന്നു. സംഭവത്തില്‍ ജോയ്‌സ് ജോര്‍ജിനും കണ്ടാലറിയാവുന്ന ഇരുപത്തഞ്ച് പേര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.