| Friday, 29th July 2016, 7:25 pm

ഗീത ഗോപിനാഥിന്റെ നിയമനം പുന:പരിശോധിക്കേണ്ട കാര്യമില്ലെന്ന് പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കപ്പെട്ട ഗീതാ ഗോപിനാഥിന്റെ നിയമനം പുന:പരിശോധിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തെ ഏറ്റവും നല്ല സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ് ഗീത ഗോപിനാഥ്. നല്ലതില്‍ ദോഷം കണ്ടെത്തുന്നവരാണ് വിമര്‍ശിക്കുന്നതെന്നും പ്രധാനമന്ത്രിയുമായും മറ്റ് കേന്ദ്രമന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

വലതുപക്ഷ സ്വാധീനം എല്‍.ഡി.എഫ് സര്‍ക്കാരിന് വന്നു ചേരുമ്പോഴാണ് വിമര്‍ശിക്കേണ്ടത്. സര്‍ക്കാര്‍ പല ഉപദേശങ്ങളും സ്വീകരിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. പല വഴിക്കുള്ള ഉപദേശങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. നിയമന കാര്യം പാര്‍ട്ടിയോട് ആലോചിച്ചതാണെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയതാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയുമായി ആലോചിക്കാതെ ഒരു കാര്യവും ചെയ്യാന്‍ പാടില്ല എന്നുള്ള കാര്യവും ഒരു വഴിക്കും തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിക്കാന്‍ പാടില്ല എന്നുള്ള കാര്യവും ഓര്‍മപ്പെടുത്തുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖം വിഴിഞ്ഞത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കില്ല. കുളച്ചലിലും വിഴിഞ്ഞത്തും ഒരുമിച്ച് തുറമുഖങ്ങള്‍ വരുന്നത് പ്രതിസന്ധി സൃഷ്ടിക്കാന്‍ ഇടയുണ്ടതെന്നത് യാഥാര്‍ത്ഥ്യം തന്നെ. കുളച്ചല്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക മനസിലാക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രധാമനന്ത്രി ഉചിതമായ തീരുമാനം തന്നെ കൈക്കൊള്ളും. ആദ്യം തുടങ്ങിയ പദ്ധതി എന്ന നിലയ്ക്ക് വിഴിഞ്ഞത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more