തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നതുപോലെ സ്വകാര്യ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ഗ്ലര്‍ പി.ആര്‍ കമ്പനിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്പ്രിങ്ഗ്ലറിന്റെ സ്ഥാപകന്‍ മലയാളിയാണെന്നും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളം കൈക്കൊണ്ട നടപടികളെ കുറിച്ച് നേരിട്ട് ബോധ്യമുള്ളതിനാലാണ് ഇത്തരമൊരു സേവനവുമായി കമ്പനി മുന്നോട്ടുവന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് 19-ന്റെ മറവില്‍ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സ്വകാര്യ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ഗ്ലറിന് കൈമാറുന്നെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. ‘സ്പ്രിങ്ഗ്ലര്‍ എന്ന കമ്പനി പ്രതിപക്ഷ നേതാവുപറയുന്നത് പോലെ പി.ആര്‍ കമ്പനി അല്ല. കേരളം ആ കമ്പനിയുടെ സോഫ്റ്റ്വെയറിനോ സേവനത്തിനോ ഒരു പൈസയും നല്‍കുന്നുമില്ല. നാട് വലിയ പ്രതിസന്ധി നേരിടുകയാണ്. ഇതിനെ മറികടക്കുന്നതിന് വേണ്ടി പ്രവാസികളായ മലയാളികള്‍ കേരളത്തെ ഉദാരമായി സഹായിക്കുന്നുണ്ട്. അങ്ങനെ ഒരു സഹായം കൂടിയാണ് സ്പ്രിങ്ഗ്ലര്‍ കമ്പനി ചെയ്യുന്നത്, മുഖ്യമന്ത്രി പറഞ്ഞു.
സ്പ്രിങ്ഗ്ലറിന്റെ സ്ഥാപകന്‍ മലയാളിയാണ്. അദ്ദേഹത്തിന്റെ വയോധികരായ മാതാപിതാക്കളുടെ സുരക്ഷയ്ക്ക് കേരളം നടത്തിയ കോവിഡ് നിയന്ത്രണ പരിപാടികള്‍ എത്രമാത്രം ഫലപ്രദമാണെന്ന് നേരിട്ട് ബോധ്യപ്പെട്ട വ്യക്തിയാണ്. അതാണ് ഇത്തരമൊരു സഹായം നല്‍കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരള സര്‍ക്കാരിന്റെ ഐ.ടി ഡിപ്പാര്‍ട്മെന്റിന്റെ ഒരു സോഫ്റ്റ് വെയര്‍ സേവനദാതാവുകൂടിയാണ് ഈ കമ്പനി. ശേഖരിക്കുന്ന ഡാറ്റ ഇന്ത്യയുടെ സെര്‍വറുകളില്‍ സൂക്ഷിക്കുകയും അത് സര്‍ക്കാര്‍ നിയന്ത്രിക്കുകയുമാണ് ചെയ്യുക. മറ്റു കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കേണ്ടതില്ലെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.